ടെലിവിഷന്‍ രംഗത്ത് ശ്രദ്ധേയയായ നടി ശ്രീലക്ഷ്മി കന്‍കാല അന്തരിച്ചു ; സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വരരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ച് ബന്ധുക്കള്‍

ഫിലിം ഡസ്ക്
Tuesday, April 7, 2020

ഹൈദരാബാദ്‌ : നടി ശ്രീലക്ഷ്മി കന്‍കാല അന്തരിച്ചു. കാന്‍സര്‍ രോഗവുമായി ഏറെ കാലമായി ചികിത്സയിലായിരുന്നു താരം. ഹൈദരാബാദില്‍ വച്ചായിരുന്നു അന്ത്യം. ബാലതാരമായി ദൂരദര്‍ശനിലൂടെയായിരുന്നു ശ്രീലക്ഷ്മി അഭിനയ ജീവിതം ആരംഭിക്കുന്നത്. താരദമ്പതിമാരായ ലക്ഷ്മി ദേവിയുടെയും ദേവദാസ് കന്‍കാലയുടെയും മകളാണ് ശ്രീലക്ഷ്മി. പ്രമുഖ നടന്‍ രാജീവ് കന്‍കാല സഹോദരനാണ്.

രാജശേഖര ചരിത എന്ന സീരിയലില്‍ അച്ഛന്‍ ദേവദാസിനൊപ്പമാണ് ശ്രീലക്ഷ്മി ആദ്യമായി അഭിനയിക്കുന്നത്. 2018 അമ്മയും കഴിഞ്ഞ വര്‍ഷം അച്ഛനും മരിച്ചതോടെ ശ്രീലക്ഷ്മിയും അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നു. ശ്രീലക്ഷ്മിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നിരവധി സുഹൃത്തുക്കളും പ്രമുഖ താരങ്ങളുമെല്ലാം എത്തിയിരുന്നു. ശ്രീലക്ഷ്മിയുടെ മരണം ഞെട്ടിക്കുന്നതാണെന്നും വിശ്വസിക്കാന്‍ കഴിയില്ലെന്നും നടന്‍ ഹര്‍ഷ വര്‍ധന്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ പറഞ്ഞു.

ശ്രീലക്ഷ്മിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആരാധകരും സുഹൃത്തുക്കളുമെല്ലാം വരുന്നത് ഒഴിവാക്കണമെന്ന് നടിയുടെ ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നതായും താരം വീഡിയോയില്‍ പങ്കുവച്ചു. കൊവിഡ് 19 എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.

×