പാലാ : പാലാ നഗരസഭയിലെ എണ്ണം പറഞ്ഞ കൗൺസിലർമാരിൽ ഒരാളായ അഡ്വ. ബിനു പുളിക്കക്കണ്ടം സി. പി. എമ്മിലേക്ക് . ഇന്ന് പാലായിലെത്തുന്ന സി.പി.എം. കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ , അഡ്വ. ബിനു പുളിക്കക്കണ്ടത്തെ സി. പി. എമ്മിലേക്ക് സ്വീകരിക്കും. കൊട്ടാര മറ്റത്തെ പാർട്ടി ആസ്ഥാനത്തു നടക്കുന്ന യോഗത്തിൽ ജില്ലയിലെ മുതിർന്ന സി. പി. എം. നേതാക്കൾ പങ്കെടുക്കും.
/sathyam/media/post_attachments/Vg12Lsd5BpkFh8yv9RXw.jpg)
ബി.ജെ. പി. യുടെ പാലാ നിയോജക മണ്ഡലം പ്രസിഡൻ്റായിരുന്ന അഡ്വ. ബിനു പാലാ നഗരസഭയിലെ ബി.ജെ.പി. യുടെ ഏക പ്രതിനിധിയുമായിരുന്നു. കഴിഞ്ഞ പാലാ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ. പി. യിലെ ചില നേതാക്കളുമായുള്ള രൂക്ഷമായ അഭിപ്രായ വ്യത്യാസത്തെ തുടർന്നും പാർട്ടിയുടെ ചില നയങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ചും അഡ്വ. ബിനു ബി.ജെ. പി. യിൽ നിന്നും രാജിവെച്ചിരുന്നു.
തുടർന്ന് നഗരസഭയിലെ ഇടതുമുന്നണി കൗൺസിലർമാരുമായി ഒത്തു ചേർന്നു പ്രവർത്തിച്ചു പോന്ന ബിനുവിനെ ഇടതു മുന്നണിയിലെ പല കക്ഷികളും അവരുടെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.
നിലവിൽ പാലാ എം. എൽ. എ മാണി സി. കാപ്പനോടൊപ്പം മണ്ഡലത്തിലുടനീളം എത്തി പ്രവർത്തിച്ചു പോരുന്ന ഇദ്ദേഹവുമായി ഏതാനും മാസം മുമ്പ് കേരളത്തിലെ സി.പി. എം. ൻ്റെ ഉന്നത നേതാവ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൻ്റെ വെളിച്ചത്തിലാണിപ്പോൾ സി. പി. എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുള്ളത് എന്നറിയുന്നു.
വിദ്യാർത്ഥി കാലം മുതൽ പൊതുപ്രവർത്തന രംഗത്തുള്ള ബിനു 2005-ൽ പാലാ നഗരസഭയിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായാണ് കന്നിയങ്കം ജയിച്ച് മുനിസിപ്പൽ കൗൺസിലിലേക്ക് വന്നത്. കഴിഞ്ഞ 15 വർഷമായി കൗൺസിലറായി തുടരുകയാണ്.
മുൻ ദേശീയ നീന്തൽ താരമായ ഇദ്ദേഹം ഇപ്പോൾ കോട്ടയം ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡൻ്റും കേരള ഒളിമ്പിക് അസോസിയേഷൻ ജില്ലാ കൺവീനറുമാണ്. കളിക്കളത്തിലെ ഈ "സ്പോർട്സ്മാൻ സ്പിരിറ്റ് " പൊതു രംഗത്തും തുടരുന്ന അഡ്വ. ബിനുവിന് രാഷ്ട്രീയഭേദമെന്യേ വിവിധ കക്ഷികളിലെ നിരവധി നേതാക്കളും പ്രവർത്തകരുമായി ഏറെ അടുപ്പവുമുണ്ട്.
അഡ്വ. ബിനു പുളിക്കക്കണ്ടത്തിൻ്റെ വരവ് സി.പി.എമ്മിലും പ്രത്യേകിച്ച് ഇടതു മുന്നണിയിലും ആവേശമായിട്ടുണ്ട്. അടുത്തു നടക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ പാലാ നഗരസഭയിലേക്കുള്ള മത്സരത്തിൽ ഇടതു മുന്നണിയെ ശക്തമായി നയിക്കാനുള്ള പ്രാപ്തിയും കഴിവും അഡ്വ. ബിനുവിനുണ്ടെന്ന് സി.പി. എം. നേതൃത്വവും ഇടതു മുന്നണിയും കണക്കുകൂട്ടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us