കോട്ടയം : 4 ശതമാനത്തിന്മേലുള്ള സ്വര്‍ണ്ണപ്പണയ വായ്പ പദ്ധതി നിര്‍ത്തലാക്കിയതില്‍ സംസ്ഥാന കൃഷി മന്ത്രി വി എസ് സുനില്‍കുമാറിനെതിരെ ആഞ്ഞടിച്ചു കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി രംഗത്ത്. കേരളത്തിലെ സാധാരണകര്‍ഷകര്‍ക്ക് കൈത്താങ്ങായി മാറിയ 4 ശതമാനത്തിന്മേലുള്ള സ്വര്‍ണ്ണപ്പണയ വായ്പ പദ്ധതി തുടരാന്‍ നടപടിയുണ്ടാവണമെന്ന് ജോസ് കെ.മാണി എം.പി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
കേരളത്തിലെ കൃഷിക്കാരുടെ സാമ്പത്തിക സ്ഥിതിയെപ്പറ്റിയോ, കൃഷിയുടെ ലാഭനഷ്ടങ്ങളെപ്പറ്റിയോ യാതൊരു പഠനവും നടത്താതെ സംസ്ഥാനതല ബാങ്കിംഗ് അവലോകന സമിതിയില്‍ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് 2019 ഡിസംബറില്‍ നാല് ശതമാനം സ്വര്‍ണ്ണപണയ കാര്‍ഷിക വായ്പ നിര്‍ത്തലാക്കിയത്.
കേന്ദ്ര സംഘത്തെ വിളിച്ചുവരുത്തി ?
കൃഷിവകുപ്പ് മന്ത്രി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2019 ഓഗസ്റ്റ് മാസം കേന്ദ്രത്തിന്റെ അഞ്ച് അംഗസംഘം കേരളത്തിലെത്തുകയും സംസ്ഥാനത്ത് ആകെയുള്ള 7482 വാണിജ്യബാങ്ക് ശാഖകളില്‍ ഇടുക്കി, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 30 ല്‍താഴെ ശാഖകളില്‍ മാത്രം പരിശോധന നടത്തിയിട്ടാണ് 4 ശതമാനം കാര്‍ഷിക സ്വര്‍ണ്ണവായ്പ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്.
ഇടുക്കി ജില്ലയിലെ മൂന്നാര്‍ ശാഖയിലാണ് പരിശോധന നടത്തിയത്. സ്വര്‍ണ്ണപ്പണയ കൃഷിവായ്പയ്ക്ക് കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന കൃഷിമന്ത്രിയുടെ നിര്‍ദേശവും കേന്ദ്രസംഘം അന്നുതന്നെ തള്ളിക്കളഞ്ഞിരുന്നു. കേന്ദ്രസംഘം നടത്തിയ പരിശോധനക്കൊടുവില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ നിര്‍ദേശവും സ്വര്‍ണ്ണപ്പണയ കൃഷിവായ്പ നിര്‍ത്തരുതെന്നായിരുന്നു.
കേന്ദ്രം നിര്‍ത്തരുതെന്ന് പറഞ്ഞിട്ടും കേരളം സമ്മതിച്ചില്ല
കൃഷിക്കാര്‍ക്ക് ഏറ്റവും വേഗത്തില്‍ ലഭിക്കുന്ന വായ്പയാണിതെന്നും സംഘം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി വീണ്ടും സമ്മര്‍ദ്ധം ചെലുത്തിയതിനെത്തുടര്‍ന്നായിരുന്നു കേന്ദ്രധനസെക്രട്ടറി രാജീവ് കുമാര്‍ വാണിജ്യബാങ്ക് ചെയര്‍മാന്‍മാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലൂടെ 4 ശതമാനം കാര്‍ഷിക സ്വര്‍ണ്ണവായ്പ നിര്‍ത്തലാക്കിയതും കിസാന്‍ ക്രഡിറ്റ് കാര്‍ഡ് (കെ.സി.സി) ഏര്‍പ്പെടുത്തിയതും.
കൃഷിക്കാര്‍ക്ക് മാത്രം 4 ശതമാനം സ്വര്‍ണ്ണപ്പണയ വായ്പ ലഭിക്കുന്നു എന്ന് ഉറപ്പാക്കാന്‍ ഇത്തരം വായ്പകള്‍ കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വഴിയാകണന്നായിരുന്നു കൃഷിമന്ത്രിയുടെ നിര്‍ദേശം.
പലിശ സബ്‌സിഡിക്ക് അര്‍ഹത ഉണ്ടാകണമെങ്കില്‍ കര്‍ഷകര്‍ കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഹാജരാക്കണമെന്നാണ് നിലവിലുള്ള നിര്‍ദേശം. എന്നാല്‍ കേരളത്തിലെ കര്‍ഷകരില്‍ പത്ത് ശതമാനത്തിന് പോലും കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഉള്ളവരല്ല. കര്‍ഷകര്‍ക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം കൃഷി വകുപ്പിനാണ്.
കിസാന്‍ ക്രഡിറ്റ് കാര്‍ഡ് - അട്ടിമറിക്കുവേണ്ടി
കിസാന്‍ ക്രഡിറ്റ് കാര്‍ഡ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുമെന്നാണ് കൃഷിവകുപ്പ് ഇപ്പോള്‍ പറയുന്നതെങ്കിലും കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ കിസാന്‍ ക്രഡിറ്റ് കാര്‍ഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പിലാക്കി വായ്പ പരിമിതപ്പെടുത്തുന്നത് ഈ പദ്ധതിയുടെ ലക്ഷ്യത്തെതന്നെ തകര്‍ക്കും. അതുകൊണ്ടുതന്നെ നിലവിലുള്ള അതേരീതിയില്‍തന്നെ എല്ലാ കര്‍ഷകര്‍ക്കും സബ്‌സിഡി ലഭിക്കുന്നതിനുള്ള നടപടികളുണ്ടാവണം.
സംസ്ഥാനത്തെ പൊതുമേഖല വാണിജ്യബാങ്കുകളില്‍ 2019 സെപ്റ്റംബര്‍ മാസത്തെ കണക്കനുസരിച്ച് 3215603 സ്വര്‍ണ്ണപ്പണയ വായ്പകളിലായി 33193.03 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്. ഇതില്‍ 3093201 വായ്പകളും 31916.69 കോടി രൂപയും 4 ശതമാനം കാര്‍ഷിക സ്വര്‍ണ്ണ വായ്പളാണ്. കേരളത്തിലെ സ്വകാര്യവാണിജ്യ ബാങ്കുകളില്‍ 8757.52 കോടി രൂപയുടെ 964743 സ്വര്‍ണ്ണപ്പണയ വായ്പകളില്‍ 7110.77 കോടി രൂപയുടെ 762952 സ്വര്‍ണ്ണപ്പണയവായ്പകളും 4 ശതമാനം കാര്‍ഷിക സ്വര്‍ണ്ണപ്പണയ വായ്പകളാണ്.
കൃഷി മന്ത്രി വെട്ടിയത് നിയമകുരുക്കില്ലാത്ത 4 % സ്വര്‍ണ്ണപ്പണയ വായ്പയെ
ചുരുക്കത്തില്‍ കേരളത്തിലെ 7482 വാണിജ്യബാങ്കുകളിലുള്ള 52207.01 കോടി രൂപയുടെ 5670190 സ്വര്‍ണ്ണവായ്പകളില്‍ 49197.59 കോടി രൂപയുടെ 5326750 സ്വര്‍ണ്ണപ്പണയവായ്പകളും 4 ശതമാനം കാര്‍ഷിക സ്വര്‍ണ്ണപ്പണയ വായ്പകളാണ്.
2019 സെപ്റ്റംബറില്‍ കേരളത്തില്‍ ആകെ 7541910 കാര്‍ഷിക വായ്പളിലായി 83610.28 കോടി രൂപ വായ്പ നല്‍കിയതില്‍ 49197.59 കോടി രൂപയുടെ 5326750 വായ്പകളും 4 ശതമാനം കാര്‍ഷിക സ്വര്‍ണ്ണപ്പണയ വായ്പകളാണ്. ആകെ കാര്‍ഷിക വായ്പ അക്കൗണ്ടുകളുടെ 71 ശതമാനവും വായ്പ തുകയുടെ 59 ശതമാനവും 4 ശതമാനം സ്വര്‍ണ്ണപ്പണയ വായ്പകളാണ്.
ഈ സാഹചര്യത്തില്‍ വിവിധ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി നിയമകുരുക്കുകളില്ലാതെ അതിവേഗം ലഭ്യമാകുന്ന സ്വര്‍ണ്ണപ്പണയ വായ്പ സബ്‌സിഡി തുടരാന്‍ റിസര്‍വ് ബാങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണം. ഇക്കാര്യത്തില്‍ സ്വീകരിച്ച അപ്രായോഗികവും കര്‍ഷക വിരുദ്ധവുമായ നിലപാട് കൃഷിവകുപ്പ് തിരത്തണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.