ചുണ്ടിൽ നാമമന്ത്രങ്ങളുമായി ഭാഗവതാചാര്യൻ അമനകര പി.കെ.വ്യാസൻ കൃഷിയിടത്തിലേക്കിറങ്ങി..സപ്താഹ വേദി പോലെ മണ്ണിനെ പൂജിച്ചു പരിപാലിച്ചു; വ്യാസന് കൃഷിയും ഒരു യജ്ഞം

New Update

ഭാഗവത ഗ്രന്ഥം മടക്കി വെച്ചു ; ചുണ്ടിൽ നാമമന്ത്രങ്ങളുമായി ഭാഗവതാചാര്യൻ അമനകര പി.കെ.വ്യാസൻ കൃഷിയിടത്തിലേക്കിറങ്ങി. സപ്താഹ വേദി പോലെ മണ്ണിനെ പൂജിച്ചു പരിപാലിച്ചു ;സത്ഫലങ്ങൾ നൂറുമേനി. മനസ്സുകൊണ്ട് കൃഷിയെ തൊട്ടറിഞ്ഞ വ്യാസൻ പറയുന്നു; എല്ലാം ഭഗവാന്റെ അനുഗ്രഹം.!

Advertisment

നീണ്ട മൂന്നു പതിറ്റാണ്ടായി പ്രഭാഷണ രംഗത്തും ഒരു വ്യാഴവട്ടമായി ഭാഗവത സപ്താഹ യജ്ഞങ്ങളിലും നാടൊട്ടുക്ക് അറിയപ്പെടുന്ന ആചാര്യനാണ് അമനകര പി.കെ. വ്യാസൻ.

publive-image

ഭക്തജനങ്ങൾക്കിടയിൽ "വ്യാസൻ ജി" എന്നറിയപ്പെടുന്ന ഇദ്ദേഹത്തിനു നേരത്തേ തന്നെ കൃഷിയുണ്ട്. എന്നാൽ സപ്താഹ വേദികളിൽ നിന്ന് വേദികളിലേക്കുള്ള പാച്ചിലിനിടയിൽ ഇതൊന്നും നേരാംവണ്ണം നോക്കാൻ സമയം കിട്ടിയിരുന്നില്ല.

എന്നാൽ ലോക് ഡൗൺ വന്നതോടെ പൂർണ്ണമായും കൃഷിയിടത്തിലേക്കിറങ്ങാം എന്നൊരു മനംമാറ്റം.

വാഴ, ചേമ്പ്, കാച്ചിൽ, ചീര തുടങ്ങി പത്തോളം പച്ചക്കറികൾ നട്ടു പരിപാലിച്ചു. പൂർണ്ണമായും ജൈവ വളം മാത്രം ഉപയോഗിച്ചുള്ള കൃഷികൾ.

കഴിഞ്ഞ ദിവസം വിളവെടുത്ത ചീര അയൽവാസികളും സുഹൃത്തുക്കളും ഉൾപ്പെടെ അമ്പതോളം പേർക്ക് സൗജന്യമായി നൽകി. വാഴക്കുലകൾ നാട്ടു ചന്തയിലൂടെ വിറ്റഴിച്ചു.

"കൃഷിയും ഒരു പ്രാർത്ഥനയാണ്. നമ്മൾ കർമ്മം ചെയ്തു കൊണ്ടേയിരിക്കുക, ഫലം ഭഗവാൻ തന്നോളും " പറമ്പിൽ നിന്നു കയറി വിയർപ്പു തുടച്ചു കൊണ്ട് വ്യാസൻ പറഞ്ഞു.

publive-image

കണ്ണകി യജ്ഞം, അയ്യപ്പസത്രം, ഭാഗവത സപ്താഹം, ദേവീ ഭാഗവത നവാഹയജ്ഞം തുടങ്ങി മാർച്ച് മുതൽ മെയ് വരെ ആറ് കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ യജ്ഞ പരിപാടികളിൽ മുഖ്യാചാര്യനായി ഇദ്ദേഹത്തെ നിയോഗിച്ചിരുന്നു. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാം റദ്ദാക്കി.

ദിവസവും പുലർച്ചെയുള്ള പൂജയും പ്രാർത്ഥനയും കഴിഞ്ഞാൽ തൂമ്പയുമെടുത്ത് വ്യാസൻ പറമ്പിലേക്കിറങ്ങും. പിന്നെ സന്ധ്യാപ്രാർത്ഥനയുടെ സമയം വരെ കൃഷിഭൂമിയിലാണീ ആചാര്യന്റെ യജ്ഞം.

ഭാര്യ ശ്രീദേവിയും മക്കളായ വിഷ്ണുദാസും വേദജിത്തും കൃഷിയിൽ ഈ യജ്ഞാചാര്യന്റെ സഹ ആചാര്യന്മാരാണ്.

agriculture vyasan
Advertisment