Advertisment

സ്വര്‍ണക്കടത്തിനു പതിനെട്ടടവും പയറ്റി മാഫിയകള്‍; ചെന്നൈ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് പിടിച്ചെടുത്തത് ചെരുപ്പിന്റെ വള്ളികള്‍ക്കുള്ളില്‍ ഒളിപ്പിച്ച കുഴമ്പു രൂപത്തിലുള്ള സ്വര്‍ണം !

New Update

ചെന്നൈ : സ്വര്‍ണക്കടത്തിനു പതിനെട്ടടവും പയറ്റുകയാണ് മാഫിയകള്‍. ഇന്നലെ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തതു ചെരിപ്പിനുള്ളില്‍ നിന്ന്. പ്രത്യേക രീതിയില്‍ നിര്‍മ്മിച്ച ചെരുപ്പിന്റെ വള്ളികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കുഴമ്പു രൂപത്തിലുള്ള സ്വര്‍ണം.

Advertisment

publive-image

സ്വര്‍ണക്കടത്തിനു അടവുകള്‍ ഒരോന്നും മാറി മാറി പയറ്റുകയാണ് മാഫിയകള്‍. വിഴുങ്ങിയും ശരീരത്തില്‍ കെട്ടിവച്ചുമൊക്കെയുള്ള കടത്തുകള്‍ ഇപ്പോള്‍ കസ്റ്റംസിനു മുന്നില്‍ കാര്യമായി നടക്കില്ല. പ്രത്യേകിച്ചും കര്‍ശന പരിശോധനയുള്ള ചെന്നൈ പോലുള്ള വിമാനത്താവളങ്ങളില്‍. ഇതുപോലുള്ള പരീക്ഷണങ്ങളിലാണു മാഫിയയുടെ പുതിയ കണ്ണ്.

ദുബായില്‍ നിന്ന് ഇന്നലെ വൈകീട്ട് എത്തിയ വിമാനത്തിലെ യാത്രക്കാരനാണു പുതിയ പരീക്ഷണം നടത്തിയത്. സാധാരണ സ്ലിപ്പര്‍ ചെരുപ്പ് അണിഞ്ഞാണു ഇയാള്‍ കൗണ്ടറില്‍ എത്തിയത്. രണ്ടുമാസത്തിലേറെയായി സ്വര്‍ണക്കടത്തില്‍ വന്‍ വര്‍ധനയുണ്ടാതിനെ തുടര്‍ന്നു അതീവ ജാഗ്രതയിലാണു കസ്റ്റംസ്. പെരുമാറ്റത്തില്‍ സംശയം തോന്നി പരിശോധിച്ചു. ഒന്നും കണ്ടെത്താനായില്ല. പോകാന്‍ ഒരുങ്ങുന്നതിനിടെയാണു ചെരുപ്പ് കൂടി പരിശോധിക്കാന്‍ തീരുമാനിച്ചത്.

സ്ട്രിപ്പുകള്‍ക്കുള്ളിലായിരുന്നു സ്വര്‍ണം. 12 ലക്ഷം രൂപയുടെ 239 ഗ്രാം തങ്കമാണു പിടിച്ചെടുത്തത്. ഇതിനു പുറമെ ആറര ലക്ഷംരൂപ മൂല്യമുള്ള അമേരിക്കന്‍ ഡോളറുകളും. എണ്ണിതിട്ടപെടുത്താത്ത സൗദി അറേബ്യന്‍ കറന്‍സിയും പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റിലായ ആളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം വിമാനത്താവളത്തില്‍ നടക്കുന്ന 577മാത്തെ സ്വര്‍ണ വേട്ടയാണിത്.

gold smuggling
Advertisment