കൊച്ചി: രാജ്യദ്രോഹ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയെ ലക്ഷദ്വീപ് പൊലീസ് വീണ്ടും ചോദ്യം ചെയ്തു. കവരത്തി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ഫ്ലാറ്റിലെത്തിയാണ് ചോദ്യം ചെയ്തത്. രണ്ടു മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ സഹോദരന്‍റെ ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരന്‍റെ ബാങ്ക് ഇടപാട് രേഖകളും പരിശോധിച്ചു. പൊലീസിന്‍റെ നടപടി മറ്റ് ചിലരുടെ അജണ്ടയുടെ ഭാഗമാണെന്ന് ഐഷ സുൽത്താന പറഞ്ഞു.
പൊലീസ് തന്നെ ബുദ്ധിമുട്ടിക്കാന്‍ മാത്രമാണ് ചോദ്യംചെയ്യുന്നത്. ചിലരുടെ താല്‍പര്യങ്ങളാണ് ഇതിനു പിന്നിലെന്നും ആയിഷ സുല്‍ത്താന പറഞ്ഞു. പരിശോധനയും ചോദ്യംചെയ്യലും അടക്കമുള്ള ബുദ്ധിമുട്ടിക്കാനുള്ള നടപടികള്‍ ഇനിയും ഉണ്ടാകും. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ഐഷ സുല്‍ത്താന പറഞ്ഞു.
ഉച്ചയോടെയാണ് കവരത്തി എസ്ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഐഷ സുൽത്താനയെ ചോദ്യം ചെയ്യാനായി കൊച്ചിയില്‍ എത്തിയത്. ഇൻഫോപാർക്ക് പൊലീസിന്‍റെ സഹായത്തോടെയാണ് സംഘം ഫ്ലാറ്റിലെത്തിയത്. ഈ സമയം പുറത്തായിരുന്ന ഐഷയോട് ഫ്ലാറ്റിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടു. മുമ്പ് ലക്ഷദ്വീപിൽ വിളിച്ച് വരുത്തി മൂന്നു ദിവസം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്തിരുന്നു.
ഈ മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കൂടുതൽ ചോദ്യം ചെയ്യൽ.
സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് ഐഷ സുല്‍ത്താനയ്ക്കെതിരെയുള്ള രാജ്യദ്രോഹ കേസിന് ആധാരം. ലക്ഷദ്വീപിലെ ബിജെപി ഘടകമാണ് ഐഷയ്‌ക്കെതിരെ പരാതി നല്‍കിയത്.