കേരളത്തില്‍ തെരഞ്ഞെടുപ്പ് രംഗം തിളച്ചു മറിയുമ്പോള്‍ എ കെ ആന്‍റണി എവിടെ ? ആന്‍റണി സ്ഥാനാര്‍ത്ഥിചര്‍ച്ചകളില്‍ നിന്നും സ്വയം മാറി നില്‍ക്കുന്നതാണോ ? അതോ ഇതെല്ലാം കഴിഞ്ഞ് ഇറങ്ങാന്‍ കാത്തിരിക്കുകയാണോ ? – ജേക്കബ് ജോര്‍ജ് എഴുതുന്നു

ജേക്കബ് ജോര്‍ജ്
Friday, March 12, 2021

1958 ല്‍ കുട്ടനാട്ടില്‍ നടന്ന ബോട്ടുസമരം കേരളത്തിലെ വിദ്യാര്‍ത്ഥിസമരങ്ങളുടെ ചരിത്രത്തില്‍ വലിയ പ്രാധാന്യം നേടിയിട്ടുണ്ട്.

ഒരണസമരണമെന്ന പേരില്‍ അറിയപ്പെട്ട ആ വലിയ വിദ്യാര്‍ത്ഥി സമരം കേരള രാഷ്ട്രീയത്തിന് വാനം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന ഒരു നേതാവിനെ കേരള രാഷ്ട്രീയത്തിന് സമ്മാനിച്ചു – അറയ്ക്ക്ല്‍ പറമ്പില്‍കുര്യന്‍ ആന്‍റണി.

കെ എസ് യുവിലൂടെ, യൂത്ത്കോണ്‍ഗ്രസിലൂടെ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ഉന്നതികളിലെത്തിയ വലിയ നേതാവ്.

എക്കാലത്തും കേരളത്തിലെ കോണ്‍ഗ്രസിന് ഹൈക്കമാന്‍റ് എന്നാല്‍ എ കെ ആന്‍റണിതന്നെ യാണ്. ഇന്നും അതില്‍ മാറ്റമൊന്നും ഇല്ല തന്നെ. പക്ഷേ കേരളത്തില്‍ തെരഞ്ഞെടുപ്പ് രംഗം തിളച്ചു മറിയുമ്പോള്‍ എ കെ ആന്‍റണി എവിടെ ?.

സംസ്ഥാനത്ത് കഴിഞ്ഞ കുറേ ദശകങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലും ആന്‍റണി ഒരു സജീവ സാന്നിധ്യമായിരുന്നു. കോണ്‍ഗ്രസ് നേതാവായും സ്ഥാനാര്‍ത്ഥിയായും മധ്യസ്ഥനായുമെല്ലാം .

ആന്‍റണിയുടെ തെരഞ്ഞെടുപ്പ് യാത്ര എത്രയോ നീണ്ടത്. 1970ലായിരുന്നു തുടക്കം. ഉമ്മന്‍ചാണ്ടി, എ.സി ഷണ്‍മുഖദാസ് , കൊട്ടറ ഗോപാലകൃഷ്ണന്‍, എന്‍ രാമകൃഷ്ണന്‍ എന്നിവരോടൊപ്പം എ കെ ആന്‍റണിയും നിയമസഭയിലേയ്ക്ക് നടന്നു കയറി.

എല്ലാവരും മുപ്പത് വയസില്‍ താഴെമാത്രം പ്രായമുള്ളവര്‍. 1977 ല്‍ തന്നെ മുഖ്യമന്ത്രി. യൂത്ത് കോണ്‍ഗ്രസില്‍ ആദര്‍ശനിഷ്ടയും വ്യക്തിപരമായ സ്വഭാവ വൈശിഷ്ട്യവുമൊക്കെ കൊണ്ടുവരാന്‍ ആന്‍റണിയ്ക്ക് കഴിഞ്ഞു. പെട്ടെന്ന് ആദര്‍ശ ധീരനായ നേതാവ് എന്ന ഖ്യാതി ആന്‍റണിയെ തേടിയെത്തി.

സ്വന്തം പേരും പെരുമയും വ്യക്തിത്വവും മുതല്‍ക്കൂട്ടാക്കി അദ്ദേഹം കെ കരുണാക്കരനെതിരെ സ്വന്തം പക്ഷമുണ്ടാക്കി.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടായപ്പോള്‍ ബുദ്ധിപൂര്‍വ്വം സ്വന്തം കരുക്കല്‍ നീക്കിയ ആന്‍റണി ഒരിടത്തും പിന്നിലായില്ല. ആന്‍റണിയുടെ നേതൃത്വത്തില്‍ ഒരു യുവനിര മുന്നേറിയപ്പോഴും കരുണാകരന്‍ പിടിച്ചുനിന്നത് വേറെ കാര്യം.

1992 ല്‍ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ കരുണാകരന്‍ ക്യാമ്പിലേയ്ക്ക് മാറിയ വയലാര്‍ രവി എ കെ ആന്‍റണിയെ തോല്‍പ്പിച്ചുവെന്നത് ഒരു തിരിച്ചടി.

അതേ കരുണാകരനെ 1995 ല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും താഴെയിറക്കി ആന്‍റണി അവിടേയ്ക്ക് കയറിയിരുന്നു പകവീട്ടിയതും കേരള രാഷ്ട്രീയചരിത്രത്തിന്‍റെ ഭാഗം. ഏറ്റവുമൊടുവില്‍ 2016 ല്‍ രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട് വീണ്ടും ഡല്‍ഹിയില്‍.

മുഖ്യമന്ത്രിസ്ഥാനത്തു നിന്നും കേന്ദ്രമന്ത്രി സ്ഥാനത്തു നിന്നുമൊക്കെ രാജിവെച്ച് വാര്‍ത്ത സൃഷ്ടിച്ച എ കെ ആന്‍റണി എപ്പോഴും ഡല്‍ഹിയില്‍ ഏറെ ആദവും ബഹുമാനവും നേടിയ നേതാവായിരുന്നു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് ഹൈക്കമാന്‍റില്‍ ഒരു അധികാര ശബ്ദവും അദ്ദേഹം നിലനിര്‍ത്തി.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല സ്ഥാനം രാജിവെച്ച് ആഭ്യന്തരമന്ത്രിയാകാനൊരുങ്ങിയപ്പോള്‍ ഹൈക്കമാന്‍റിന്‍റെ തീരുമാനത്തിന് പിന്നില്‍ എ കെ ആന്‍റണിയായിരുന്നു.

നിയമസഭാ സ്പീക്കറായിരുന്ന ജി കാര്‍ത്തികേയനെ കെപിസിസി അധ്യക്ഷനാക്കാനായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടേയും നീക്കം. നിര്‍ദേശവുമായി ഇരുവരും ഒന്നിച്ച് ഡല്‍ഹിയിലെത്തി ഹൈക്കമാന്‍റിന് മുമ്പാകെ കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.

പക്ഷേ ആന്‍റണിക്ക് താല്‍പര്യം വിഎം സുധീരനോടായിരുന്നു. സുധീരന്‍ കെപിസിസി പ്രസിഡന്‍റായതും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൊമ്പുകോര്‍ത്തതും അത് വലിയ കോലാഹലത്തിന് വഴിവെച്ചതുമൊക്കെ സമകാലിക രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന അധ്യായം.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയ്ക്ക് മത്സരിക്കാന്‍ വയനാട് സീറ്റ് ശുപാര്‍ശ ചെയ്തതും എ കെ ആന്‍റണി തന്നെ. കേരളത്തില്‍ യുഡിഎഫിന് ആ തെരഞ്ഞെടുപ്പില്‍ 19 സീറ്റ് കയ്യില്‍ കിട്ടിയതിന്‍റെ പ്രധാനകാരണം നിര്‍ണ്ണായകമായ ആ തീരുമാനമായിരുന്നു.

2021 ല്‍ അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ കോണ്‍ഗ്രസ് സങ്കീര്‍ണ്ണമായ സീറ്റ് ചര്‍ച്ചയില്‍ ഏര്‍പ്പെട്ടു നില്‍ക്കുമ്പോള്‍ ആന്‍റണിയെ കാണാനേയില്ല. ആന്‍റണി സ്ഥാനാര്‍ത്ഥിചര്‍ച്ചകളില്‍ നിന്നും സ്വയം മാറി നില്‍ക്കുന്നതാണോ? അതോ ഇതെല്ലാം കഴിഞ്ഞ് പ്രചാരണത്തിനിറങ്ങാന്‍ കാത്തിരിക്കുകയാണോ ?

×