ധോണിയെ ഡ്രീം ഇലവനിൽ ഉൾപ്പെടുത്തിയില്ല; മക്കളെയടക്കം തെറിവിളിച്ച് മുൻതാരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ആരാധകർ പൂട്ടിച്ചു

സ്പോര്‍ട്സ് ഡസ്ക്
Thursday, May 21, 2020

ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യൽ മീഡിയയിൽ സ്വപ്ന ഇലവനെ തിരഞ്ഞെടുത്ത് മുൻക്രിക്കറ്റർമാരെല്ലാം സജീവമായിരുന്നു. എന്നാൽ തിരഞ്ഞെടുത്ത സ്വപ്ന ഇലവന്റെ പേരിൽ വേണ്ടതിലേറെ ആരാധാകരുടെ തെറിവിളിയും പഴിയും കേൾക്കേണ്ടി വന്നാലോ? ബാക്കി കഥ മുൻ ഇന്ത്യൻ ഓപണറും പ്രമുഖ കമന്റേറ്ററുമായ ആകാശ് ചോപ്ര പറയും.

ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സാധ്യതാ ടീമിനെയാണ് ആകാശ് ചോപ്ര തിരഞ്ഞെടുത്തത്. ഈ ടീമില്‍ നിന്നും എംഎസ് ധോണിയെ ഒഴിവാക്കിയതാണ് ചോപ്രയ്ക്കു തെറി കേൾക്കാനുള്ള കാരണം. ധോണിക്കു പകരം കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരെയാണ് അദ്ദേഹം ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയത്. ഇതിനു ശേഷം ധോണിയുടെ ആരാധകരില്‍ നിന്നും വലിയ അധിക്ഷേപമാണ് സമൂഹ മാധ്യമങ്ങള്‍ വഴി തനിക്കു നേരിടേണ്ടി വന്നതെന്നു ചോപ്ര പറയുന്നു. തന്നെ മാത്രമല്ല മക്കളെപ്പോലും അവര്‍ അധിക്ഷേപിക്കുന്നതിൽ വെറുതെ വിടുന്നില്ലെന്നും ചോപ്ര പറയുന്നു.

അധിക്ഷേപം അതിരു കടന്നതോടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കുറച്ചു ദിവസത്തേക്കു തനിക്കു ക്ലോസ് ചെയേണ്ടി വന്നു. അത്രയുമധികം അധിക്ഷേപമാണ് ധോണിയെ തഴഞ്ഞതിന്റെ പേരില്‍ നേരിടേണ്ടി വന്നത്. ഓരോ ദിവസും ജനങ്ങളുടെ ഭാഗത്തു നിന്നുള്ള അധിക്ഷേപം കൂടിക്കൊണ്ടിരുന്നു. തന്നെ മാത്രമല്ല മക്കളെയും അവര്‍ ആക്രമിച്ചു. സംഭവിച്ചത് സംഭവിച്ചു. നിങ്ങള്‍ എന്നോടു പൊറുക്കൂയെന്നു ഒടുവില്‍ തനിക്കു അവരോട് പറയേണ്ടി വരികയും ചെയ്തു. ചോപ്ര ഓർക്കുന്നു.

അജിത് അ​ഗാർക്കറുമായുള്ള ലൈവ് വീഡിയോയിലാണ് ചോപ്ര ഈ കാര്യങ്ങൾ പങ്കുവെച്ചത്.

×