യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശുഹൈബിനെ വധിച്ചകേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് തലശേരി സെഷന്‍സ് കോടതിയില്‍. പബ്‌ളിക്ക് പ്രോസിക്യുട്ടര്‍ കെ അജിത്ത് കുമാറാണ് പൊലീസിന് വേണ്ടി ഹര്‍ജി നല്‍കിയത്. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതായിട്ടാണ് പൊലീസ് റിപ്പോര്‍ട്ട്. സാധാരണഗതിയില്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് പൊലീസ് കോടതിയെ അറിയിച്ചാല്‍ ഉടന്‍ തന്നെ കോടതി ജാമ്യം റദ്ദാക്കുകയാണ് ചെയ്യുക. ആകാശ് തില്ലങ്കേരിയുടെ കാര്യത്തിലും മറിച്ചായിരിക്കില്ല സംഭവിക്കുക എന്നത് തന്നെയാണ് പൊലീസ് പറയുന്നത്.
2018 ഫെബ്രുവരി 12 നാണ് തെരൂരിലെ തട്ടുകടയില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് ബ്‌ളോക്ക് ജനറല്‍ സെക്രട്ടറിയായ ഷുഹൈബ് കൊല്ലപ്പെടുന്നത്. ആകാശ് തില്ലങ്കേരി അടക്കമുള്ളവരായിരുന്നു പ്രതികള്‍. 2019 ല്‍ ആകാശിന് ജാമ്യം നല്‍കുമ്പോള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാകരുതെന്നും അങ്ങിനെ ചെയ്താല്‍ ജാമ്യം റദ്ദാകുമെന്നും കോടതി അറിയിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു, പ്രകോപനകരമായി പ്രസംഗിക്കുകയും ഭീഷണിപ്പെടുത്തുന്ന ഫേസ് ബുക്ക് പോസ്റ്റുകള്‍ ഇടുകയും ചെയ്തുവെന്നതിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അത് കൊണ്ട് തന്നെ ആകാശിന്റെ ജാമ്യം റദ്ദാകുമെന്ന് തന്നെയാണ് പൊലീസ് പറയുന്നത്.