"ആകാശവാണി , തിരുവനന്തപുരം, നമസ്ക്കാരം വാർത്തകൾ, വായിക്കുന്നത് "ഏഴാച്ചേരിക്കാരി" !

New Update

ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തിൽ നിന്ന് ഇപ്പോൾ മിക്ക ദിവസങ്ങളിലും രാവിലെയും വൈകിട്ടുമുള്ള ദേശീയ- പ്രാദേശിക വാർത്തകൾ വായിക്കുന്നത് യാദൃശ്ചികമായി ഈ രംഗത്തേയ്ക്ക് എത്തപ്പെട്ട പാലാ ഏഴാച്ചേരി സ്വദേശിനിയാണ് ; പേര്, പ്രവീണ പ്രകാശ്.

Advertisment

publive-image

ഏഴാച്ചേരി എന്ന കൊച്ചുഗ്രാമത്തിൽ ഇന്ന് ഒരു ഡസനോളം മാധ്യമ പ്രവർത്തകരുണ്ടെങ്കിലും ആകാശവാണിയുടെ വാർത്തകളിലേക്ക് ആദ്യം കടന്നു ചെല്ലാനുള്ള അവസരം ലഭിച്ചത് ഈ യുവ എഞ്ചിനീയർക്കാണ്.

ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിനും സെൻ്റ് ജോൺസ് പള്ളിക്കും സമീപത്തായുള്ള പെരികിനാലിൽ കുടുംബാംഗം. ഏഴാച്ചേരി 158-ാം നമ്പർ എസ്. എൻ.ഡി.പി. ശാഖാ യോഗം പ്രസിഡൻ്റും റിട്ട. ഹെഡ്മാസ്റ്ററുമായ പി. ആർ. പ്രകാശിൻ്റേയും റിട്ട. അദ്ധ്യാപിക എസ്. ലൈലയുടേയും ഇളയ മകൾ.കാവിൻ പുറം ക്ഷേത്രത്തിലെയും പള്ളിയിലേയും സുപ്രഭാത കീർത്തനങ്ങളും സ്തുതിഗീതങ്ങളും കേട്ട് എന്നും ഉറക്കമുണർന്നിരുന്ന പ്രവീണയ്ക്ക് മൈക്കിനോടും കോളാമ്പിയോടും അതിലൂടെ ഒഴുകി വരുന്ന സ്വര വീചികളോടും വല്ലാത്തൊരു കമ്പമായിരുന്നു. അടുക്കളയിലെ റേഡിയോയിൽ നിന്നും സുപ്രഭാതം മുതൽ പ്രഭാത വാർത്തവരെ തുടരുന്ന പരിപാടികളും മുടങ്ങാതെ കേൾക്കുമായിരുന്നു.

"പക്ഷേ അന്നൊന്നും ഇങ്ങനെ റേഡിയോയിൽ വാർത്ത വായിക്കുന്ന ഒരാളാകുമെന്ന് വിചാരിച്ചിട്ടേയില്ല. സിവിൽ എഞ്ചിനീയറിംഗിൽ എം-ടെക്കും പാസ്സായി വീട്ടിൽ വെറുതെ ഇരിക്കുന്ന സമയത്താണ് കോഴിക്കോട് ആകാശവാണി അനൗൺസർക്കായി അപേക്ഷ ക്ഷണിച്ചതായി കേട്ടത്. അന്ന് അപേക്ഷിച്ചെങ്കിലും കിട്ടാതെ വന്നതോടെ ആ മോഹം ഞാൻ മനസ്സിലൊതുക്കുകയായിരുന്നു " പ്രവീണ പറഞ്ഞു.

പിന്നീട് സിവിൽ സർവ്വീസ് മോഹവുമായി പഠനം തുടരാൻ തിരുവനന്തപുരത്തേക്ക് വണ്ടി കയറി.അവിടെ എത്തി ആറു മാസം കഴിഞ്ഞപ്പോൾ ആകാശവാണി തിരുവനന്തപുരം നിലയം വാർത്താ വിഭാഗത്തിലേക്ക് ആളെ എടുക്കുന്നതായി പരസ്യം കണ്ടു. ഉടൻ അപേക്ഷിച്ചു. ഒരു മാസത്തിനുള്ളിൽ കരാർ അടിസ്ഥാനത്തിൽ നിയമനവുമായി. ഒരു മാസത്തെ പരിശീലനത്തിനു ശേഷം നവംബർ 3-ന് രാവിലെ 7.25 ന് നേരേ ''എയറി " ലേക്ക്.-ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടിംഗ് പൂർത്തിയായി എന്ന വാർത്തയാണ് പ്രവീണയുടെ ശബ്ദത്തിൽ ആകാശവാണിയിലൂടെ ആദ്യമെത്തിയത്.

" ഞാൻ വാർത്താ വായനക്കാരിയായ വിവരം ആദ്യം വീട്ടുകാർക്ക് മാത്രമേ വിവരം അറിയാമായിരുന്നുള്ളൂ. വായന മോശമാണെന്ന് ആരെങ്കിലും പറയുമോ എന്നായിരുന്നു പേടി.
പിന്നീട് ശബ്ദം കേട്ടും പേരുകേട്ടും പതിയെ പതിയെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ അറിഞ്ഞു തുടങ്ങി. ശബ്ദവിന്യാസവും ഉച്ചാരണ ശുദ്ധിയും മികച്ചതാണെന്ന് പലരും അഭിപ്രായപ്പെട്ടതോടെ ആത്മവിശ്വാസമായി. അതിൻ്റെ ക്രഡിറ്റ് മുഴുവൻ അദ്ധ്യാപകരായ എൻ്റെ അച്ഛനുമമ്മയ്ക്കുമാണ്‌. " - പൊട്ടിച്ചിരിച്ചു കൊണ്ട് പ്രവീണ പറഞ്ഞു.

തൽക്കാലം സിവിൽ സർവ്വീസ് മോഹത്തിന് അൽപ്പം അവധി കൊടുത്ത് ആകാശവാണിയിൽ ഉഷാറാകാനാണ് ഈ 26-കാരിയുടെ തീരുമാനം.

വരും ദിവസങ്ങളിൽ വാർത്താ വീക്ഷണം, വാർത്താ തരംഗിണി തുടങ്ങിയ പരിപാടികൾ കൂടി അവതരിപ്പിക്കാനുള്ള അവസരവും പ്രവീണ പ്രകാശിന് ലഭിക്കും. ചേച്ചി പ്രിയങ്ക ഉൾപ്പെടെ കുടുംബാംഗങ്ങളെല്ലാം പ്രവീണയ്ക്ക് പൂർണ്ണ പിന്തുണയായുണ്ട്.

Advertisment