മലയാളികളെ മൊത്തം പറ്റിച്ച ആ രണ്ടുപേര്‍ മറഞ്ഞിരുന്ന് ചിരിക്കുന്നോ ? എകെജി സെന്റര്‍ ആക്രമിച്ച് 23 ദിവസം കഴിഞ്ഞിട്ടും പ്രതിയെ കിട്ടിയില്ല ! ദ്രൗപദി മുര്‍മുവിന് വോട്ടു ചെയ്ത എംഎല്‍എയെയും ആരും അറിയില്ല. പാര്‍ട്ടി ഓഫീസ് ആക്രമിച്ച പ്രതിയെ പിടിക്കാതെ മൂന്നാഴ്ച പിന്നിട്ടിട്ടും സിപിഎമ്മിന് പ്രതിഷേധമില്ല ! പ്രതിയെ പിടികിട്ടാത്തതോ അതോ പിടിക്കാത്തതോ എന്ന ചോദ്യം ബാക്കി. ഇരുമുന്നണികളെയും പറ്റിച്ച എംഎല്‍എ കൊടുത്തതും പിടികിട്ടാത്ത പണി ! വോട്ടു ചെയ്തയാള്‍ തുറന്നു പറയാതെ ആളെ കണ്ടുപിടിക്കാനാവില്ല

New Update

publive-image

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ സമീപ കാലത്ത് ഞെട്ടിച്ച രണ്ടു കാര്യങ്ങളാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ക്രോസ് വോട്ടും എകെജി സെന്റര്‍ ആക്രമണവും. എകെജി സെന്റര്‍ ആക്രമണം നടന്നിട്ട് 23 ദിവസം പിന്നിട്ടിട്ടും പിന്നിലാരെന്ന് കണ്ടുപിടിക്കാന്‍ പോലീസിനായിട്ടില്ല. അതുപോലെ തന്നെയാകും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടു ചെയ്ത കേരളത്തിലെ എംഎല്‍എയും.

Advertisment

ഇരുമുന്നണികളെയും വെട്ടിലാക്കിയ ആ എംഎല്‍എ ആരാണെന്ന കാര്യത്തില്‍ ഇനിയും ഒരു തീരുമാനം ഉണ്ടാകില്ലെന്ന് ഉറപ്പാണ്. അദ്ദേഹം അത് സ്വയം വെളിപ്പെടുത്താതെ അത് പുറത്തുവരില്ല. എകെജി സെന്റര്‍ ആക്രമണത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രതി പുറത്തു വന്ന് എന്നെ പിടിച്ചോ എന്നു പറഞ്ഞാലേ അതും നടക്കൂ എന്നാണ് അന്വേഷണത്തിന്റെ ഗതി കണ്ടാല്‍ മനസിലാകുന്നത്.

എകെജി സെന്ററിന് ബോംബെറിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞിട്ടും പോലീസ് പ്രതിയെ പിടിക്കാത്തതാണെന്നാണ് ഇപ്പോള്‍ പൊതു സംസാരം. ആദ്യം കിട്ടിയ സിസിടിവി ദൃശ്യങ്ങള്‍ക്ക് അപ്പുറം കാര്യമായ തെളിവ് പോലീസിന് കിട്ടിയില്ലെന്ന് പറയുന്നു. എന്നാല്‍ അത് അന്വേഷിക്കാത്തതാണോയെന്ന സംശയമാണ് ഉയരുന്നത്.

സുകുമാരക്കുറുപ്പിനെ പിടിക്കാനാവാത്തതുപോലെ എകെജി സെന്റര്‍ ആക്രമിച്ച ആളെയും വേണമെങ്കില്‍ പിടിക്കാതെ ഇരിക്കാനാവില്ലേ എന്ന ചോദ്യമാണ് ഇടതുമുന്നണി കണ്‍വീനര്‍ വിഷയത്തില്‍ ഉയര്‍ത്തിയത്. പക്ഷേ സ്വന്തം പാര്‍ട്ടിയുടെ സംസ്ഥാന ആസ്ഥാനം, അതും വൈകാരികമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഏറെ ബന്ധമുള്ള ഓഫീസ് ആക്രമിക്കപ്പെട്ടിട്ട് സിപിഎമ്മിനു പോലും കാര്യമായ പ്രതിഷേധം ഇല്ലാത്തതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്.

ആദ്യ ദിവസങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തും ആക്രമണങ്ങള്‍ നടത്തിയും പ്രതിഷേധ മാര്‍ച്ച് നടത്തിയുമൊക്കെ സിപിഎം പ്രതിഷേധിച്ചിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് നിശബ്ദമായിരുന്നു കാര്യങ്ങള്‍. ഇതെല്ലാം കണ്ട് എകെജി സെന്റര്‍ ആക്രമിച്ച പ്രതി ഒളിഞ്ഞിരുന്ന് ചിരിക്കുന്നുണ്ടാകും.

അതിന് സമാനമായ സാഹചര്യമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഉണ്ടായത്. 140 എംഎല്‍എമാരില്‍ ഒരാള്‍ കളം മാറി ബിജെപിക്ക് വോട്ടു ചെയ്തതോടെ എല്ലാ എംഎല്‍എമാരും സംശയ നിഴലിലായി. ആരാണ് മുന്നണി മാറി വോട്ടുചെയ്തതെന്ന ചോദ്യം ഉയരുന്നുണ്ടെങ്കിലും അതാരെന്ന് കണ്ടുപിടിക്കാന്‍ വഴിയില്ല.

കോടതിക്കുമാത്രമാണ് ബാലറ്റ് പേപ്പറുകള്‍ പരിശോധിക്കാന്‍ കഴിയുക. അതും തെരഞ്ഞെടുപ്പിനെ ആരെങ്കിലും നിയമപരമായി ചോദ്യംചെയ്താല്‍ മാത്രം. ഇവിടെ ആ സാഹചര്യമില്ല.

മൂന്നു സാധ്യതകളാണ് വോട്ട് മറിയാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ബിജെപിയോടുള്ള രഹസ്യമായ അനുഭാവം ഉണ്ടാകാം. അതല്ലെങ്കില്‍ ആദിവാസി വിഭാഗത്തില്‍നിന്ന് ആദ്യമായി രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുന്നയാളെ പിന്തുണച്ചതാകാം. അതുമല്ലെങ്കില്‍ സ്വന്തം മുന്നണിയോടുള്ള അതൃപ്തി. ഏറ്റവും അവസാന സാധ്യതയായി കയ്യബദ്ധവും പരിഗണിക്കാം. പക്ഷേ അതിനുള്ള സാധ്യത വിദൂരമാണ്.

Advertisment