തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണം നടന്ന് പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴും പ്രതിയെ കണ്ടെത്താനാവാതെ പോലീസ്. ജില്ലയില്‍ ചുവന്ന കളര്‍ സ്‌കൂട്ടറുള്ള 20000ത്തിലേറെ പേരില്‍ പകുതി പോരെ ഇതിനകം കണ്ടെത്തി ചോദ്യം ചെയ്തു. സിസിടിവി ദൃശങ്ങളില്‍ നിന്നും സാമ്യമുള്ളതും സംശയമുള്ളതുമായ 200ലേറെ പേരെ ചോദ്യം ചെയ്തിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല.
ഇത് സംസ്ഥാന പോലീസിനൊന്നാകെ വലിയ നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്. എകെജി സെന്ററിന്റെ ഗേറ്റിന് സമീപത്തെ തൂണിലേക്കാണ് അക്രമി സ്‌ഫോടക വസ്തു എറിഞ്ഞത്. രാത്രി 11.24നായിരുന്നു സംഭവം.
എകെജി സെന്ററില്‍ പോലീസ് സുരക്ഷ ഉള്ള സമയത്തായിരുന്നു ആക്രമണം. എന്നാല്‍ പോലീസ് ഇക്കാര്യം അറിഞ്ഞില്ല. എട്ടു പോലീസുകാരായിരുന്നു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം ഒരാള്‍ വന്ന് സ്‌ഫോടക വസ്തു എറിഞ്ഞിട്ട് പോകുന്നത് മാത്രമാണുള്ളത്. കുന്നുകുഴി ഭാഗത്തേക്ക് പോയ ഇയാളെ ലോ കോളേജ് ജംഗ്ഷന് ശേഷം കണ്ടെത്താനായിട്ടില്ല. സിസിടിവികളില്‍ ഇയാളുടെ ദൃശ്യം പതിയാത്തത് കാരണം എവിടേക്കാണ് ഇയാള്‍ പോയതെന്ന് അറിയില്ലെന്നാണ് പോലീസ് പറയുന്നത്.
അക്രമത്തിന് തൊട്ടു പിന്നാലെ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ അത് കോണ്‍ഗ്രസുകാരാണെന്ന് പ്രഖ്യാപിച്ചതോടെ പോലീസും വെട്ടിലായി. പ്രാഥമിക അന്വേഷണം പോലും നടത്തുന്നതിന് മുമ്പാണ് ഇപി ഇക്കാര്യം പറഞ്ഞത്. അതിനിടെ ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം തീരെ പ്രഹര ശേഷിയില്ലാത്ത ഏറുപടക്കം മാത്രമാണ് ഇതെന്നും തെളിഞ്ഞു.
ഇതോടെ ബോംബേറ് എന്ന വാദമൊക്കെ പൊളിഞ്ഞു. ഇതിനിടെ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലാതായതോടെ ആക്രമണത്തില്‍ ദുരൂഹതയും വര്‍ധിച്ചു. സിപിഎം തന്നെ പദ്ധതിയിട്ട ആക്രമണമാണിതെന്നായിരുന്നു ഉയര്‍ന്ന ആക്ഷേപം.
പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയവും വിഷയത്തില്‍ കൊണ്ടുവന്നു. അന്ന് പോലീസിന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കുമെന്ന് സഭയില്‍ മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഇനിയും ആ അന്വേഷണം പോലും നടന്നില്ല. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഈ ആക്രമണം നടക്കുമ്പോള്‍ അവിടെയില്ലായിരുന്നുവെന്നാണ് മൊഴി നല്‍കിയത്.
എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ പോയതിലും ദുരൂഹതയുണ്ട്. അന്വേഷണം വൈകുന്നതില്‍ സിപിഎം നേതൃത്വത്തില്‍ പരാതിയില്ലാത്തത് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കേണ്ടെന്ന് കരുതിയാണെന്നാണ് സൂചന. പല പ്രവര്‍ത്തകര്‍ക്കും വിഷയത്തില്‍ കടുത്ത അതൃപ്തിയുണ്ട്. അതിനിടെ സോഷ്യല്‍ മീഡിയയില്‍ സിപിഎമ്മിനെ ട്രോളി 'കിട്ടിയോ' പോസ്റ്റുകള്‍ സജീവമാണ്.