ആലപ്പുഴ: കഴിഞ്ഞ 10 മണിക്കൂറിനിടെ സംസ്ഥാനത്ത് നടന്നത് രണ്ടു രാഷ്ട്രീയ കൊലപാതകങ്ങള്‍. ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടികൊലപ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ജില്ലയില്‍ നിന്ന് വീണ്ടും രാഷ്ട്രീയ കൊലപാതക വാര്‍ത്ത പുറത്തുവന്നത്. ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസ് ആണ് ഇന്ന് പുലര്‍ച്ചെ കൊല്ലപ്പെട്ടത്.
/sathyam/media/post_attachments/RRyCkG5hCnQvdwZbohjG.jpg)
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പതിനഞ്ച് കിലോമീറ്റര്‍ ദൂരപരിധിയിലാണ് രണ്ടു കൊലപാതകങ്ങളും നടന്നത്. കൊല്ലപ്പെട്ടതില്‍ രണ്ടുപേരും അതാതു സംഘടനകളുടെ സംസ്ഥാന തല ഭാരവാഹികളായിരുന്നു. പകരത്തിനു പകരം കൊല എന്ന സാധ്യത തന്നെയാണ് പോലീസ് പറയുന്നത്.
കൊലപാതകങ്ങളെ തുടര്‍ന്ന് ആലപ്പുഴയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ഇന്നും നാളെയുമാണ് കലക്ടര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. ശനിയാഴ്ച രാത്രി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കെ എസ് ഷാനെ ഇടിച്ചു വീഴ്ത്തിയ അക്രമികള്‍ പിന്നീട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍പ്രകാരം അഞ്ചംഗ സംഘമാണ് ഷാനെ വെട്ടികൊലപ്പെടുത്തിയത്.
എസ്ഡിപിഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു ഷാന്‍. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സംഭവം നടന്നതിന് പിന്നാലെ എസ്ഡിപിഐ ആരോപിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായ രഞ്ജിത്ത് ശ്രീനിവാസ് കൊല്ലപ്പെട്ടത്.
വീട്ടില്‍ കയറിയാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ വെള്ളക്കിണറിലായിരുന്നു സംഭവം. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എട്ടംഗ സംഘമാണ് രഞ്ജിത്തിന്റെ കൊലപാതത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരങ്ങള്‍.
എന്തായാലും പോലീസ് സംവീധാനത്തിന് പറ്റിയ വീഴ്ച തന്നെയാണ് രണ്ടാമത്തെ കൊലയിലേക്ക് നയിച്ചത്. ഇന്റലിജെന്‍സ് സംവീധാനത്തിന്റെ വീഴ്ച തന്നെയാണ് ഇതില്‍ എടുത്തു പറയേണ്ടത്. ഒരു കൊലപാതകം നടന്നതിന് പിന്നാലെ പ്രത്യാക്രമണങ്ങളുണ്ടാകാനുള്ള സാധ്യതകള്‍ മനസിലാക്കി മുന്‍കരുതല്‍ എടുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്നുതന്നെയാണ് ഉയരുന്ന ആരോപണം.