Advertisment

എന്‍.എസ്.എസിന് ഇപ്പോഴും കേരള രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയുണ്ട്; രാഷ്ട്രീയ നേതാക്കള്‍ക്കൊക്കെയും ഇതു നന്നായറിയാം; എന്‍.എസ്.എസിനുമറിയാം! എങ്കിലും രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കുന്നതു തന്നെയാണ് എന്‍.എസ്.എസിന്‍റെ കരുത്തിനു കാരണം; സ്ഥാപകന്‍ മന്നത്ത് പത്മനാഭന്‍റെ വഴിയേ തന്നെയാണ് ഇപ്പോഴും എന്‍.എസ്.എസ്- അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്

author-image
ജേക്കബ് ജോര്‍ജ്
Updated On
New Update

publive-image

Advertisment

കോട്ടയത്തെ മാധ്യമ പ്രവര്‍ത്തകരുടെ ഒരു പ്രധാന വാര്‍ത്താ കേന്ദ്രമാണ് ചങ്ങനാശേരി പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനവും അവിടുത്തെ മന്നം സമാധിയും. സമുദായ സംഘടനയാണെങ്കിലും എന്‍.എസ്.എസിന് ഒരു രാഷ്ട്രീയ പ്രസക്തിയുണ്ടെന്നതു തന്നെ കാരണം.

കോട്ടയത്ത് 'മാതൃഭൂമി' ലേഖകനായിരിക്കുമ്പോഴാണ് ഞാന്‍ എന്‍.എസ്.എസുമായി അടുത്തത്. 1988-89 കാലം. പി.കെ. നാരായണപ്പണിക്കരാണ് ജനറല്‍ സെക്രട്ടറി. മാധ്യമ പ്രവര്‍ത്തകരുമായി നല്ല ബന്ധം സൂക്ഷിക്കുന്നയാള്‍. പെട്ടെന്നു തന്നെ ഞാന്‍ അദ്ദേഹവുമായി അടുത്തു. അതു സുദൃഢമായൊരു ബന്ധമായി വളര്‍ന്നു.

എന്‍.എസ്.എസ് ആസ്ഥാനത്ത് പ്രധാന ചടങ്ങുകളിലേക്കൊക്കെ കോട്ടയത്തെ മാധ്യമ പ്രവ‍ര്‍ത്തകരെ ക്ഷണിക്കും. മന്നം ജയന്തി തന്നെയാണ് അതില്‍ പ്രധാനം. എല്ലാ വര്‍ഷവും ജനുവരി രണ്ടിന്. 1878 ജനുവരി രണ്ടിനാണ് മന്നത്ത് പത്മനാഭന്‍ ജനിച്ചത്. തകര്‍ച്ചയിലാണ്ടുപോയ നായര്‍ സമുദായത്തെ ഉദ്ധരിക്കാന്‍ കാലം സമ്മാനിച്ച മഹല്‍ ജന്മം.

പല ഘട്ടങ്ങളിലായി കേരള രാഷ്ട്രീയത്തെ ഏറെ സ്വാധീനിച്ചിട്ടുള്ള മന്നത്ത് പത്മനാഭന്‍ അസാധാരണമായ കഴിവുള്ള ഒരു മഹാ പ്രതിഭയായിരുന്നു. രാജഭരണം ശക്തമായിരുന്നപ്പോഴാണ് അദ്ദേഹം നായര്‍ സമുദായത്തെ ഉദ്ധരിക്കാനിറങ്ങിയത്. തിരുവിതാംകൂറില്‍ രാജഭരണം നിലനില്‍ക്കുന്ന കാലം.

രാജാവ് ദൈവമാണെന്നായിരുന്നു അന്നു ജനങ്ങള്‍ കണ്ടിരുന്നത്. തിരുവനന്തപുരത്തെ നായന്മാര്‍ മഹാരാജാവിനോടൊപ്പം തന്നെ നിന്നു. നായര്‍ സമുദായത്തിന് അക്കാലത്ത് സര്‍ക്കാരുദ്യോഗങ്ങളില്‍ മുന്‍ഗണന കിട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളി‍ല്‍ ചേര്‍ന്നു പഠിക്കാനും അവകാശമുണ്ടായിരുന്നു.

ഈഴവരുള്‍പ്പെടെയുള്ള പിന്നോക്ക സമുദായങ്ങള്‍ക്ക് വിദ്യാലയങ്ങളിലോ ക്ഷേത്രങ്ങളിലോ പോകാന്‍ ഒരവകാശവുമില്ലായിരുന്ന കാലം കൂടിയായിരുന്നു അത്. രാജഭരണത്തിനും ദിവാന്‍ സര്‍. സി.പി. രാമസ്വാമി അയ്യരുടെ ദുര്‍ഭരണത്തിനുമെതിരെ ഈഴവ സമുദായ നേതാവായിരുന്ന സി. കേശവന്‍ ഈഴവ, ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങളെ കൂട്ടിയിണക്കി 'നിവര്‍ത്തന പ്രസ്ഥാനം' രൂപീകരിച്ചു.

'നിവര്‍ത്തന പ്രസ്ഥാനം' സ്വാഭാവികമായും നായര്‍ സമുദായത്തിനെതിരെ തിരിഞ്ഞു. ഈ പ്രസ്ഥാനം പിന്നെ രാഷ്ട്രീയ സഭയായും തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസായും രൂപാന്തരപ്പെട്ടു. സി. കേശവന്‍, ടി.എം വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വത്തിലെത്തി.

സി. കേശവനും ടി.എം വര്‍ഗീസും നടത്തിയ ബുദ്ധിപൂര്‍വമായ ഒരു നീക്കത്തിലൂടെ പട്ടം താണുപിള്ളയെ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്‍റാക്കി. മന്നം സ്റ്റേറ്റ് കോണ്‍ഗ്രസിനെതിരെ തിരിഞ്ഞു. ക്രിസ്ത്യന്‍ സമുദായത്തിനു നല്ല സ്വാധീനമുണ്ടായിരുന്ന സ്റ്റേറ്റ് കോണ്‍ഗ്രസിനെ ക്രിസ്ത്യന്‍ കോണ്‍ഗ്രസ് എന്നു വിളിക്കാനും മന്നം മടിച്ചില്ല. സര്‍ സി.പിയാവട്ടെ സ്റ്റേറ്റ് കോണ്‍ഗ്രസിനെ ഒരു വിധ്വംസക സംഘടനയായി പ്രഖ്യാപിച്ചു. സ്റ്റേറ്റ് കോണ്‍ഗ്രസിനെ ക്രൂരമായ മര്‍ദന മുറകള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ നീക്കം തുടങ്ങി.

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നല്‍കാനുള്ള തീരുമാനം ബ്രിട്ടന്‍ പ്രഖ്യാപിച്ചപ്പോള്‍ അമേരിക്കന്‍ മോഡല്‍ ഭരണ വാദവും സ്വതന്ത്രതിരുവിതാംകൂര്‍ വാദവും ഉന്നയിച്ച് സര്‍ സി.പി രംഗത്തു വന്നു. അതംഗീകരിക്കാന്‍ മന്നം തയ്യാറായില്ല.

പെട്ടെന്നു തന്നെ മന്നം സ്റ്റേറ്റ് കോണ്‍ഗ്രസുമായടുത്തു. ഉഗ്രപ്രതാപിയായ സര്‍ സി.പിയെ എങ്ങനെ നേരിടുമെന്നാലോചിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച രഹസ്യ യോഗത്തില്‍ മന്നവും പങ്കെടുത്തു. ഉത്തരവാദ ഭരണത്തിനു വേണ്ടി സമരം ചെയ്തുകൊണ്ടിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി. ക്രൂരമായ മര്‍ദന മുറകള്‍ ഉപയോഗിച്ച് തകര്‍ത്തു കളഞ്ഞതാണ്. സി.പിക്കെതിരെ എന്തെങ്കിലും നീക്കം നടത്തുന്നതിനേപ്പറ്റി ആലോചിക്കാന്‍ പോലും വയ്യാതെ കോണ്‍ഗ്രസ് നേതാക്കള്‍ വിഷമിച്ചു നിന്നു. ചര്‍ച്ച എങ്ങുമെത്തിയില്ല.

എല്ലാം കേട്ടു മിണ്ടാതിരുന്ന മന്നം അവസാനം പറഞ്ഞതിങ്ങനെ. "നാണം കെട്ട സന്ധിയാലോചനകള്‍ക്കാണെങ്കില്‍ ഞാന്‍ നിങ്ങളുടെകൂടെയില്ല. സമരം ചെയ്ത് ജയിക്കുകയോ മരിക്കുകയോ ചെയ്യാനാണു ഞാന്‍ വന്നത്. ആണത്തത്തോടെ സമരം ചെയ്യാനാണെങ്കില്‍ എന്‍റെ സഹകരണം പ്രതീക്ഷിക്കാം. അതിനു മുന്‍കൈ എടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. നാളെ ഞാനെന്‍റെ എന്‍.എസ്. എസ് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കും. കോണ്‍ഗ്രസിനോടൊപ്പം നിന്ന് മുഴുവന്‍ സമയ പ്രവര്‍ത്തനത്തിനു ഞാന്‍ തയ്യാര്‍." (ഡോ. എന്‍. സുമതിക്കുട്ടിയമ്മയുടെ 'ഭാരത കേസരി മന്നത്ത് പത്മനാഭന്‍' എന്ന ഗ്രന്ധത്തില്‍ നിന്ന്).

മന്നം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് സര്‍ സി.പിക്കെതിരായ സമരത്തിലേയ്ക്കെടുത്തുചാടി. കോണ്‍ഗ്രസിനോടൊപ്പം. പിന്നെ കോണ്‍ഗ്രസ് നേതാക്കളുടെ കൂടി നാടുനീളെ പര്യടനം നടത്തി പ്രസംഗങ്ങള്‍. തീപ്പിടിപ്പിക്കുന്ന പ്രസംഗം കേട്ട് ജനം ഇളകി മറിഞ്ഞു. മുതുകുളത്ത് നടത്തിയ ഗംഭീര പ്രസംഗത്തില്‍ ദിവാനെതിരെ ആഞ്ഞടിച്ചു അദ്ദേഹം. ഈ പ്രസംഗത്തിന്‍റെ പേരില്‍ 1947 ജൂണ്‍ 14 -ാം തീയതി സി.പിയുടെ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. കുറ്റം രാജ്യദ്രോഹം.

താനിതൊക്കെ പ്രസംഗിച്ചതു തന്നെയാണെന്നായിരുന്നു കുറ്റപത്രത്തില്‍ മറുപടിയായി മന്നം കോടതിയില്‍ പറഞ്ഞത്. കോടതി ശിക്ഷിച്ച് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കയച്ചു. ആരുടെ മുന്നിലും മുട്ടു മടക്കാന്‍ തയ്യാറാവാതെ മന്നം ജയിലറയ്ക്കുള്ളിലേയ്ക്കു നടന്നു.

1957 ലെ ഇ.എം.എസ് സര്‍ക്കാരിനെതിരെ കത്തോലിക്കാ സഭ മുന്നിട്ടാരംഭിച്ച വിമോചന സമരത്തിനു ജീവന്‍ വെച്ചത് മന്നം സമര നായകനായി രംഗത്തിറങ്ങിയതോടെയാണ്. വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരി കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലായിരുന്നു കത്തോലിക്കാ സമുദായത്തിന് ആശങ്കയുണ്ടാക്കിയതെങ്കില്‍ മന്നത്തെ ചൊടിപ്പിച്ചത് റവന്യൂ മന്ത്രി കെ.ആര്‍. ഗൗരിയമ്മ അവതരിപ്പിച്ച ഭൂപരിഷ്കരണ ബില്ലായിരുന്നു. നായന്മാരുടെ ഭൂസ്വത്തുക്കളൊക്കെയും കൈവിട്ടു പോകുമോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേടി.

1960 ല്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ചു. പി.എസ്.പി നേതാവ് പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍. പട്ടത്തെ സഹിക്കാനാവാതെ വന്നതോടെ കേന്ദ്രം ഇടപെട്ട് അദ്ദേഹത്തെ പഞ്ചാബ് ഗവര്‍ണറാക്കുകയും പകരം ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു. കോണ്‍ഗ്രസില്‍ പ്രതിസന്ധി മൂത്തു.

കോണ്‍ഗ്രസിന്‍റെ കരുത്തനായ നേതാവ് പി.ടി. ചാക്കോ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെച്ചതിനു ശേഷമുണ്ടായ രാഷ്ട്രീയ മാറ്റങ്ങള്‍ക്കൊടുവിലാണ് 15 എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ചതും ശങ്കര്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതും. മന്നം സജീവമായിത്തന്നെ അവിശ്വാസ പ്രമേയത്തിനനുകൂലമായി രംഗത്തിറങ്ങി. സംസ്ഥാനത്ത് ശക്തമായൊരു ക്രിസ്ത്യന്‍-നായര്‍-മുസ്ലിം ധൃവീകരണമുണ്ടായതായി ആര്‍. ബാലകൃഷ്ണപിള്ള "പ്രിസണര്‍ 5990" എന്ന തന്‍റെ ആത്മകഥയില്‍ പറയുന്നു.

ആ രാഷ്ട്രീയ മുന്നേറ്റത്തിന്‍റെ ഫലമായാണ് കേരള കോണ്‍ഗ്രസ് രൂപമെടുത്തത്. 1964 സെപ്റ്റംബര്‍ എട്ടിന് ശങ്കര്‍ ഗവണ്‍മെന്‍റിനെതിരായ അവിശ്വാസ പ്രമേയം പാസായി. കോണ്‍ഗ്രസ് വിട്ട എം.എല്‍എമാര്‍ക്കു നാടു നീളെ സ്വീകരണം. 1964 ഒക്ടോബര്‍ എട്ടിന് കോട്ടയം ലക്ഷ്മി നിവാസ് ഓ‍ഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം കേരള കോണ്‍ഗ്രസ് രൂപീകരിച്ചു. കെ.എം ജോര്‍ജ് ചെയര്‍മാനും ആര്‍. ബാലകൃഷ്ണപിള്ള ജനറല്‍ സെക്രട്ടറിയും.

പിറ്റേന്ന് കോട്ടയം തിരുനക്കര മൈതാനിയില്‍ ചേര്‍ന്ന വമ്പിച്ച പൊതുസമ്മേളനത്തില്‍ മന്നം കേരള കോണ്‍ഗ്രസിന്‍റെ രൂപീകരണ പ്രഖ്യാപനം നടത്തി. പാര്‍ട്ടിക്ക് കേരളാ കോണ്‍ഗ്രസ് എന്ന പേരു പ്രഖ്യാപിച്ചതും അദ്ദേഹം തന്നെ.

പല രാഷ്ട്രീയ മാറ്റങ്ങളിലും നിര്‍ണായക പങ്കുവഹിച്ചെങ്കിലും മന്നം ഒരിക്കലും ഒരു രാഷ്ട്രീയ പ്രവര്‍ത്തകനോ നേതാവോ ആകാനാഗ്രഹിച്ചില്ല. "ഞാന്‍ ഒരിക്കലും ഒരു രാഷ്ട്രീയ ജീവിയല്ല, മറിച്ച് സാമൂഹ്യ പരിഷ്കരണ തല്‍പ്പരനാണ്. ആവശ്യം കഴിഞ്ഞാലുടന്‍ രാഷ്ട്രീയ രംഗത്തു തങ്ങി നില്‍ക്കാതെ എന്‍റെ പ്രവ‍ര്‍ത്തന രംഗത്തേക്കു മടങ്ങിപ്പോരുകയാണു പതിവ്. രാഷ്ട്രീയ പവര്‍ത്തകന്മാരേക്കാള്‍ സാമൂഹ്യ പ്രവ‍ര്‍ത്തകന്മാര്‍ക്കാണ് സൃഷ്ടിപരിപാടികള്‍ നടപ്പിലാക്കാന്‍ കഴിവുള്ളതും സാധിക്കുന്നതുമെന്ന വിശ്വാസക്കാരനാണു ഞാന്‍." (‍ഡോ. എന്‍. ചന്ദ്രശേഖരന്‍ നായരുടെ 'മന്നത്ത് പത്മനാഭന്‍' എന്ന പുസ്തകത്തില്‍ നിന്ന്.)

മന്നം നായര്‍ സമുദായത്തിന്‍റെ പുരോഗതിയില്‍ത്തന്നെ ശ്രദ്ധ വെച്ചു. സമുദായവും സമൂഹവും അദ്ദേഹത്തെ സമുദായാചാര്യന്‍ എന്നു വിളിച്ചാദരിക്കുന്നു.

മന്നത്തിനു ശേഷം വന്ന എന്‍.എസ്.എസ് നേതാക്കളും അതേ നിലപാടു തുടര്‍ന്നു. ഞാന്‍ 'മാതൃഭൂമി' കോട്ടയം ലേഖകനായിരിക്കെ നടന്ന ഒരു സംഭവം. 1987 ല്‍ യു.ഡി.എഫിനെ അട്ടിമറിച്ച് ഇടതു മുന്നണി ഭരണത്തിലെത്തിയിരുന്നു. ഇ.കെ നായനാര്‍ മുഖ്യമന്ത്രി.

പ്രതിപക്ഷ നേതാവ് കെ. കരുണാകരനും നാരായണപ്പണിക്കരുമായി സ്വരച്ചേര്‍ച്ചയില്ലാതായ ഒരു സാഹചര്യമുണ്ടായി. സാധാരണ പരസ്പരം തെറ്റിയാലും ഇരുവരും വീണ്ടും അടുക്കുകയാണു പതിവ്. ഇപ്രാവശ്യം കരുണാകരന്‍ സന്ധിക്കു ശ്രമിച്ചെങ്കിലും നാരായണപ്പണിക്കര്‍ വഴങ്ങിയില്ല. കരുണാകരന്‍ നേരേ കോട്ടയത്തെത്തി. നാട്ടകം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിച്ച് നാരായണപ്പണിക്കരെ ചര്‍ച്ചയ്ക്കു ക്ഷണിച്ചു.

നാരായണപ്പണിക്കര്‍ വഴങ്ങിയില്ല. ഞാനും 'കേരള കൗമുദി' കോട്ടയം ലേഖകര്‍ കെ. സുരേന്ദ്രനും കൂടി പെരുന്നയിലെത്തി നാരായണപ്പണിക്കരുമായി സംസാരിച്ചു. അദ്ദേഹം കരുണാകരനുമായി അകന്നുതന്നെ നില്‍ക്കുന്നു. പിറ്റേന്ന് രണ്ടു പത്രങ്ങളിലും വലിയ വാര്‍ത്ത. 'മാതൃഭൂമി'യില്‍ ഒന്നാം പേജ് വാര്‍ത്ത എന്‍റെ ബൈലൈനില്‍.

പിറ്റേന്നും കരുണാകരന്‍ നാട്ടകത്തു എത്തി. നാരായണപ്പണിക്കര്‍ തെല്ലും വഴങ്ങിയില്ല. പിന്നെ അടുത്ത ദിവസം. എല്ലാ ദിവസവും എന്‍റെ റിപ്പോര്‍ട്ട് 'മാതൃഭൂമി' ഒന്നാം പേജില്‍. മൂന്നാം ദിവസം കരുണാകരന്‍ തിരുവനന്തപുരത്തേയ്ക്കു മടങ്ങി. നാരായണപ്പണിക്കരെ കാണാതെ.

ഇതേ നാരായണപ്പണിക്കര്‍ 1994 - 95 ല്‍ മുഖ്യമന്ത്രി കെ. കരുണാകരനോടൊപ്പം നിന്നതും ചരിത്രത്തിന്‍റെ ഭാഗം. കോണ്‍ഗ്രസില്‍ ആന്‍റണി പക്ഷവും തിരുത്തല്‍ വാദികളും സംഘടിച്ചു കരുണാകരനെ വീഴ്ത്താന്‍ ശ്രമം നടത്തിയപ്പോള്‍ മുസ്ലിം ലീഗും, കേരള കോണ്‍ഗ്രസ് മാണി, ബാലകൃഷ്ണപിള്ള, ജേക്കബ് വിഭാഗങ്ങളും ഉമ്മന്‍ ചാണ്ടിയോടൊപ്പം നിന്ന് കരുണാകരനെതിരായ പോരാട്ടത്തില്‍ കൂടി.

അന്ന് കരുണാകരന് പൂര്‍ണ പിന്തുണയുമായി നാരായണപ്പണിക്കര്‍ രംഗത്തു വന്നു. യു.ഡി.എഫില്‍ എം.വി രാഘവനും അദ്ദേഹത്തിന്‍റെ കക്ഷി സി.എം.പിയും കൂടെ കൂടി.

2000 -ാമാണ്ട് ഡിസംബര്‍ അവസാനം അവധിക്കാലം ചെലവഴിക്കാനും പുതുവത്സരം ആഘോഷിക്കാനും പ്രധാനമന്ത്രി എ.ബി. വാജ്പേയ് കോട്ടയത്ത് ടുറിസ്റ്റ് കേന്ദ്രമായ കുമരകത്തെത്തിയപ്പോള്‍ നാരായണപ്പണിക്കരെ ഒരു കൂടിക്കാഴ്ചയ്ക്കു കൊണ്ടുവരാന്‍ ബി.ജെ.പി നേതാക്കള്‍ ആവുന്നത്ര ശ്രമിച്ചു. നാരായണപ്പണിക്കര്‍ തയ്യാറായില്ല. അഞ്ചു ദിവസമാണ് ഇന്ത്ര്യന്‍ പ്രധാനമന്ത്രി വാജ്പേയ് കുമരകത്ത് ചെലവഴിച്ചത്.

ശബരിമല സ്ത്രീപ്രവേശം രാഷ്ട്രീയ വിഷയമായത് രാഷ്ട്രീയക്കാരനല്ലാത്ത ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഇടപെട്ടതിനെ തുടര്‍ന്നാണെന്നതും ഇവിടെ ശ്രദ്ധേയമാണ്. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങിയപ്പോള്‍ സുകുമാരന്‍ നായരാണ് പന്തളത്ത് നായര്‍ വനിതകളെ സംഘടിപ്പിച്ച് നാമജപ ഘോഷയാത്ര നടത്തിയത്.

ഈ പരിപാടിയിലെ ജനക്കൂട്ടമാണ് അന്നത്തെ ബി.ജെ.പി നേതാവ് പി.എസ് ശ്രീധരന്‍ പിള്ളയെ ആകര്‍ഷിച്ചത്. ഈ സുവര്‍ണാവസരം ഉപയോഗിക്കുകതന്നെ വേണമെന്ന് പാര്‍ട്ടി നേതാക്കളുടെ രഹസ്യ യോഗത്തില്‍ പ്രസംഗിച്ച ശ്രീധരന്‍ പിള്ള ശബരിമലയിലെ സ്ത്രീപ്രവേശം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു വിഷയമാക്കുകയായിരുന്നു.

അതെ. എന്‍.എസ്.എസിന് ഇപ്പോഴും കേരള രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയുണ്ട്. രാഷ്ട്രീയ നേതാക്കള്‍ക്കൊക്കെയും ഇതു നന്നായറിയാം. എന്‍.എസ്.എസിനുമറിയാം. എങ്കിലും രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കുന്നതു തന്നെയാണ് എന്‍.എസ്.എസിന്‍റെ കരുത്തിനു കാരണം.

സ്ഥാപകന്‍ മന്നത്ത് പത്മനാഭന്‍റെ വഴിയേ തന്നെയാണ് ഇപ്പോഴും എന്‍.എസ്.എസ്.

Advertisment