Advertisment

അന്ന് പൂര്‍ണ നഗ്നയാക്കി നിര്‍ത്തി പോലീസ് മര്‍ദിച്ചതിന്‍റെ ശാരീരിക അവശതകളുമായി ജയിലില്‍ എനിക്കു മുമ്പില്‍ നിന്ന മറിയം റഷീദ. വീണ്ടുമിതാ മറിയം റഷീദയും ഫൗസിയയും കോടതിയിലെത്തുമ്പോള്‍ തിരിച്ച് സിബി മാത്യൂസ് മുതല്‍ വിജയനും തമ്പിയും ജയപ്രകാശുമൊക്കെ അറസ്റ്റിന്‍റെ നിഴലില്‍ അപ്പുറത്ത് നില്‍ക്കേണ്ടിവരുന്നു. കാലം കണക്കു ചോദിക്കുകയാണോ ? - ചാരക്കേസിന്‍റെ വഴിത്തിരിവിനു തന്നെ കാരണമായ മാധ്യമ റിപ്പോര്‍ട്ട് തയ്യാറാക്കിയ ജേക്കബ് ജോര്‍ജ് 'അള്ളും മുള്ളും' പംങ്തിയില്‍ എഴുതുന്നു

author-image
ജേക്കബ് ജോര്‍ജ്
Updated On
New Update

publive-image

Advertisment

മറിയം റഷീദ വീണ്ടും വരുന്നു. അതെ, പഴയ മറിയം റഷീദ തന്നെ. ഐഎസ്ആര്‍ഒ ചാരക്കേസിലെ മുഖ്യ പ്രതികളിലൊരാളായ മറിയം റഷീദ. കേരളക്കരയെ മാത്രമല്ല, ഇന്ത്യയെ മുഴുവന്‍ ഞെട്ടിച്ച പ്രസിദ്ധമായ ചാരക്കേസിലെ ചാരസുന്ദരി. അന്ന് 31 വയസ് പ്രായമുണ്ടായിരുന്ന മറിയം പ്രതിയെന്ന നിലയ്ക്ക് ഏറ്റുവാങ്ങിയ ഭീകര മര്‍ദനങ്ങളെക്കുറിച്ചും പി‍ഡനങ്ങളെക്കുറിച്ചും കോടതിയില്‍ പറയുമോ ?

ഐഎസ്ആര്‍ഒ കേസിലെ ഗൂഢാലോചന സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവിട്ട കേസില്‍ സിബി മാത്യൂസ് സമര്‍പ്പിച്ചിരിക്കുന്ന മുന്‍കൂര്‍ ജാമ്യഹര്‍ജിക്കെതിരെ കക്ഷിചേരാനാണ് മറിയം റഷീദയുടെ വരവ്. ഒപ്പം അന്നത്തെ കൂട്ടുപ്രതി ഫൗസിയാ ഹസനുമുണ്ട്. ഫൗസിയയ്ക്ക് അന്ന് 52 വയസായിരുന്നു പ്രായം.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് തിളക്കമേറിയ ഔദ്യോഗിക ജീവിതവും മാനവും മഹിമയുമൊക്കെയും നഷ്ടപ്പെട്ട ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ വിടാതെ പിന്‍തുടര്‍ന്ന കേസുകളെ തുടര്‍ന്ന് സുപ്രീം കോടതി ഉത്തരവിട്ടതുപ്രകാരം കേസിന്‍റെ ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐയുടെ അറസ്റ്റിനെതിരെ ‍ഡിജിപി സിബി മാത്യൂസ് നല്‍കിയ ഹര്‍ജിയിലാണ് മറിയം റഷീദയും ഫൗസിയാ ഹസനും കക്ഷി ചേരുന്നത്.

അന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന എസ് വിജയനെതിരെ മറിയം റഷീദ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയില്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെത്തിയ വിജയനുമായി വലിയ വഴക്കുണ്ടായെന്നും അതിനേ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്നും ഹര്‍ജിയില്‍ പറയുന്നു.

പോസീസുദ്യോഗസ്ഥരായിരുന്ന എസ് വിജയന്‍, തമ്പി എസ് ദുര്‍ഗാദത്ത് എന്നിവരും കൊച്ചിയിലെ മുന്‍ കേന്ദ്ര ഡെപ്യൂട്ടി ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥന്‍ പി.എസ് ജയപ്രകാശ് എന്നിവരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

മാലി സ്വദേശികള്‍ ധാരാളമായി ചികിത്സയ്ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി തിരുവനന്തപുരത്തു വരുന്ന സമയമായിരുന്നു അത്. പ്ലേഗ് മൂലം മാലിയിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദായതിനെതുടര്‍ന്ന് ഒരാഴ്ചത്തെ സന്ദര്‍ശനത്തിനു വന്നിരുന്ന മറിയം റഷീദയ്ക്ക് മടങ്ങിപോകാന്‍ കഴിഞ്ഞില്ല.

സമയം നീട്ടിത്തരണമെന്നാവശ്യപ്പെട്ട് 1994 ഒക്ടോബര്‍ ആദ്യം അതുസംബന്ധിച്ചു ചുമതലയുണ്ടായിരുന്ന എസ് വിജയനെ കണ്ട് അപേക്ഷിച്ചു. പാസ്പോര്‍ട്ടും വിമാനടിക്കറ്റും വാങ്ങിയ ഉദ്യോഗസ്ഥന്‍ ഒക്ടോബര്‍ പത്താം തീയതി തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് മറിയം റഷീദയും ഫൗസിയാ ഹസനും ചേര്‍ന്ന് 1996 ജൂലൈ 19 -ാം തിയതി കേന്ദ്ര മനുഷ്യാവകാശ കമ്മീഷനു നല്‍കിയ പരാതിയില്‍ പറയുന്നു.

സിബി മാത്യു കോടതിയില്‍ കൊടുത്തിരിക്കുന്ന മൊഴി പ്രകാരം ഈ വനിതകള്‍ വലിയൊരു ചാരശൃംഘലയിലെ അംഗങ്ങളാണ്. ചാരപ്രവര്‍ത്തനം സംബന്ധിച്ചും നമ്പിനാരായണന്‍, ശശികുമാര്‍ തുടങ്ങിയ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവരില്‍ നിന്നു കിട്ടിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഐബി ഉദ്യോഗസ്ഥനായിരുന്ന ആര്‍.ബി ശ്രീകുമാര്‍ പറഞ്ഞിട്ടാണ് പ്രതികളെ ചോദ്യം ചെയ്തതെന്നുമാണ് അദ്ദേഹത്തിന്‍റെ നിലപാട്.

മറിയം റഷീദ പറയുന്നത് അങ്ങനെയല്ല. അതിക്രൂരമായി മര്‍ദിച്ച ശേഷം തങ്ങളെക്കൊണ്ട് പോലീസ് ഓരോ കഥ ഉണ്ടാക്കി പറയിക്കുകയായിരുന്നുവെന്നാണ് മറിയത്തിന്‍റെ നിലപാട്. പൂര്‍ണ നഗ്നയാക്കിയായിരുന്നു മര്‍ദനം. പറഞ്ഞു തരുന്നതുപോലെ മേലുദ്യോഗസ്ഥര്‍ക്കു പറഞ്ഞുകൊടുത്തില്ലെങ്കില്‍ നാട്ടില്‍ കഴിയുന്ന 12 വയസുകാരി മകളെ ഇവിടെ കൊണ്ടുവന്ന് തന്‍റെ മുമ്പിലിട്ടു ബലാല്‍സംഗം ചെയ്യുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയതായും മനുഷ്യാവകാശ കമ്മീഷനു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

ഈ രണ്ടു വാദമുഖങ്ങളും കോടതിയിലെത്തുകയാണ്. വിഷയം ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ് മുതലുള്ള പോലീസുദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരും നല്‍കിയ സ്വന്തം ജാമ്യാപേക്ഷ തന്നെ. അപ്പോഴാണ് 'ഇന്ത്യാടുഡേ' ലേഖകനായിരുന്ന ഞാന്‍ തൃശൂരില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജെയിലിലെത്തി മറിയം റഷീദയെ കണ്ടു സംസാരിച്ച കാര്യം ഓര്‍മവന്നത്. ഒരിക്കലും മറക്കാനാവാത്ത സംഭവം തന്നെയായിരുന്നു അത്.

കേരളത്തില്‍ മാസങ്ങളായി ചൂടേറിയ വിവാദമായിരുന്നു ഐഎസ്ആര്‍ഒ ചാരക്കേസും ചാരസുന്ദരി മറിയം റഷീദയും. എന്താവും മറിയം റഷീദയ്ക്ക് പറയാനുണ്ടാവുക. ചാരക്കേസില്‍ എന്തോ പന്തികേടുണ്ടെന്നു സംശയിച്ച് ഞാന്‍ അതില്‍ തൊടാതിരിക്കുകയായിരുന്നു.

'ഇന്ത്യാ ടുഡേ' യ്ക്കും ധാരാളം കഥകളുണ്ടാക്കാമായിരുന്നു. ഞങ്ങള്‍ അതു ചെയ്തില്ല. മറിയം റഷീദയെ കണ്ടാലോ എന്നു ഞാനാലോചിച്ചു. അനുമതികിട്ടില്ലെന്നറിയാമായിരുന്നു. വിഷയം ചാരക്കേസാണ്. ലക്ഷണമൊത്തൊരു ചാരക്കേസിനു പറ്റിയ ചേരുവകളൊക്കെയുണ്ട്.

കോടതിവഴി നോക്കിയാലോ ? ഞാനൊരു അഭിഭാഷകന്‍ വഴി കൊച്ചിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിന് ഒരപേക്ഷ നല്‍കി. പത്രപ്രവര്‍ത്തകനായ തനിക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചെന്ന് മറിയം റഷീദയെ കാണാന്‍ അനുമതി തരണമെന്നായിരുന്നു അപേക്ഷ. അന്നുതന്നെ ഉത്തരവുകിട്ടി. എനിക്ക് കൂടിക്കാഴ്ചയ്ക്കു സൗകര്യമൊരുക്കാന്‍ ജയില്‍ സൂപ്രണ്ടിനു നിര്‍ദേശം നല്‍കിക്കൊണ്ടുള്ള ഉത്തരവ്.

പിറ്റേന്നു രാവിലെ 11 മണിക്ക് ഞാന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജെയിലില്‍ സൂപ്രണ്ടിന്‍റെ ഓഫീസ് മുറിയില്‍. നിമിഷങ്ങള്‍ക്കകം അദ്ദേഹം എല്ലാ സൗകര്യങ്ങളും ചെയ്തു. പതിയെ നടന്ന് മറിയം റഷീദ മുന്നിലെത്തി. നടക്കാന്‍ മുടന്തുണ്ട്. രണ്ടു കാല്‍മുട്ടുകള്‍ക്കും കടുത്ത വേദനയുണ്ടെന്നു കണ്ടാലറിയാം. പോലീസ് അടിച്ചതാണ്.

നഗ്നയായി ജനാലയില്‍ കെട്ടിയിട്ടാണ് മര്‍ദിച്ചതെന്ന് മറിയം റഷീദ വിവരിച്ചു. അവര്‍ പറയുന്നതുപോലെ പറയിക്കാനായിരുന്നു മര്‍ദനം. ഒരുവേള അതിലൊരാള്‍ തടിക്കസേരയെടുത്ത് കാല്‍മുട്ടുനോക്കി അടിച്ചു. ഒറ്റയടിക്ക് കസേരയുടെ കാലൊടിഞ്ഞുപോയി. 'എന്‍റെ കാലിനിപ്പൊഴും വേദനയാണ് '. മറിയം റഷീദയുടെ കണ്ണില്‍ നിന്നു കണ്ണുനീര്‍ ഒഴുകിക്കൊണ്ടിരുന്നു.

അരമണിക്കൂറിലേറെ നീണ്ടു കണ്ണീരില്‍ നനഞ്ഞു കുതിര്‍ന്ന ആ സംഭാഷണം. ദിവസങ്ങള്‍ക്കുശേഷം സിബിഐ അന്വേഷിച്ച ആ കേസ് കെട്ടിച്ചമച്ചതാണെന്നു കണ്ടെത്തി. സിബിഐയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതി വരെ അന്വേഷിച്ചു. പിന്നെയും മാസങ്ങൾ വേണ്ടിവന്നു മറിയം റഷീദയ്ക്കു മോചനം കിട്ടാന്‍.

വീണ്ടുമിതാ മറിയം റഷീദയും ഫൗസിയാ ഹസനും കോടതിയിലേയ്ക്ക്. തന്നെ ഉപദ്രവിച്ച പോലീസുദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിക്കെതിരെ പോരാടാന്‍. ഐഎസ്ആര്‍ഒ കേസിന്‍റെ ഗൂഢാലോചന കേസില്‍ പ്രതികളായി നില്‍ക്കുകയാണ് പഴയ പോലീസുദ്യോഗസ്ഥര്‍. കാലം കണക്കു ചോദിക്കുകയാണോ ?

'ഇന്ത്യാ ടുഡേ' എഡിറ്റര്‍ ശേഖര്‍ ഗുപ്തയും ഞാനും കൂടി ഈ കേസ് സംബന്ധിച്ചു വിശദമായ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. സിബിഐയുടെ അന്വേഷണത്തില്‍ വെളിവായ കാര്യങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു റിപ്പോര്‍ട്ട്.

പോലീസിന്‍റെയും ഐബിയുടെയും കണ്ടെത്തലുകള്‍ നുണ കഥകളെന്നു വിശദീകരിക്കുന്നതായിരുന്നു ആ റിപ്പോര്‍ട്ട്. 'ഇന്ത്യാ ടുഡേ' ഇംഗ്ലീഷിലും മലയാളം എഡിഷനിലും അതു പ്രസിദ്ധീകരിച്ചു. മലയാളത്തില്‍ അതു കവര്‍ സ്റ്റോറിയായിരുന്നു. തലക്കെട്ട്: "നിറം പിടിപ്പിച്ച നുണക്കഥകള്‍". 

 
allum mullum
Advertisment