Advertisment

വി.ഡി സതീശനെക്കുറിച്ചു ഞാന്‍ വിശദീകരിക്കുമ്പോള്‍ത്തന്നെ ചാമക്കാലായുടെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നത് ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രദ്ധിച്ചിരുന്നു, പിന്നീട് അവര്‍ അതെന്നോടു പറയുകയും ചെയ്തു! വ്യക്തിപരമായി എന്നെ അധിക്ഷേപിക്കുന്ന ചാമക്കാലായെയാണു പിന്നെ കണ്ടത്; വി.ഡി സതീശനും ചാമക്കാലായും തമ്മിലെന്ത് ? - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ്

author-image
ജേക്കബ് ജോര്‍ജ്
Updated On
New Update

publive-image

Advertisment

പ്രതിപക്ഷ നേതാവു വി.ഡി സതീശനെക്കുറിച്ചു നല്ലതെന്തെങ്കിലും പറഞ്ഞാല്‍ ചില കോണ്‍ഗ്രസുകാര്‍ക്കു കലിവരും. അവരുടെ മുഖം ചുവന്നു തുടുക്കും. രോഷത്തോടെ ഉറഞ്ഞു തുള്ളും.

ഇക്കഴിഞ്ഞ ദിവസം മനോരമ ന്യൂസിലെ എട്ടുമണി ചര്‍ച്ചയില്‍ സാന്ദര്‍ഭികമായാണ് ഞാന്‍ വി.ഡി സതീശനെക്കുറിച്ചു പറഞ്ഞത്. മന്ത്രിമാരുടെ പ്രവര്‍ത്തനം പോരെന്ന് ആക്ഷേപിച്ച് സി.പി.എം സംസ്ഥാന സമിതി യോഗത്തില്‍ നടന്ന വിശദമായ ചര്‍ച്ചയായിരുന്നു വിഷയം. പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പാര്‍ട്ടി നേതൃത്വം കര്‍ശന നിര്‍ദേശം കൊടുത്തു എന്നു കരുതി മന്ത്രിസഭയുടെ പ്രവര്‍ത്തനം മെച്ചപ്പെടുമോ എന്നതായിരുന്നു 'മനോരമ'യുടെ 'കൗണ്ടര്‍ പോയിന്‍റ് ' മുന്നോട്ടുവെച്ച ചോദ്യം. ചര്‍ച്ച നയിച്ചത് എം.എം റാഷിദ്.

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ പിടിപ്പോ മികവോ രണ്ടാം പിണറായി സര്‍ക്കാരിനില്ല എന്ന വാദത്തെ പിന്താങ്ങിക്കൊണ്ടുതന്നെയായിരുന്നു എന്‍റെ തുടക്കം. ചരിത്രത്തിലൂടെ ഒന്നു കടന്നു വരാനും ഞാന്‍ ശ്രമിച്ചു. ഐക്യ കേരളത്തിന്‍റെ ആദ്യ സര്‍ക്കാരില്‍, ഇ.എം.എസ് മന്ത്രിസഭയില്‍ എത്ര പ്രഗത്ഭരായിരുന്നു മന്ത്രിമാര്‍ എന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു തുടക്കം. പ്രൊഫ. ജോസഫ് മുണ്ടശേരി, വി.ആര്‍ കൃഷ്ണയ്യര്‍, ഡോ. എ.ആര്‍ മേനോന്‍, ടി.വി തോമസ്, കെ.ആര്‍ ഗൗരിയമ്മ എന്നിങ്ങനെ.

1960 -ലെ പട്ടം മന്ത്രിസഭയും പ്രഗത്ഭരെക്കൊണ്ടു തിളങ്ങിയിരുന്നു. ആര്‍. ശങ്കര്‍, പി.ടി ചാക്കോ തുടങ്ങിയവര്‍. 1967 ല്‍ വീണ്ടും അധികാരത്തില്‍ വന്ന ഇ.എം.എസ് മന്ത്രിസഭയിലുണ്ടായിരുന്നത് എം.എന്‍ ഗോവിന്ദന്‍ നായര്‍, സി.എച്ച് മുഹമ്മദ് കോയ, ടി.കെ. ദിവാകരന്‍ എന്നിങ്ങനെയുള്ള പ്രമുഖര്‍.

കെ. കരുണാകരന്‍റെ പ്രവര്‍ത്തനരീതി 'എ മാന്‍ ഇന്‍ എ ഹറി' എന്ന ഇംഗ്ലീഷ് പ്രയോഗത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ വളരെ വേഗം സഞ്ചരിക്കുകയും വളരെ വേഗം തീരുമാനമെടുക്കുകയും ചെയ്യുന്ന ഒരു നേതാവിന്‍റേതായിരുന്നുവെന്നും ഞാന്‍ ചൂണ്ടിക്കാട്ടി.

publive-image

രണ്ടാം തവണയും മുഖ്യമന്ത്രിയായ പിണറായി വിജയനെയും അങ്ങനെ വളരെ വേഗം തീരുമാനമെടുക്കുന്ന നേതാവെന്നും വിശേഷിപ്പിക്കാമെങ്കിലും മന്ത്രിമാര്‍ ആ വേഗത്തോടൊപ്പമെത്തുന്നില്ലെന്നു ഞാന്‍ വിശദീകരിച്ചു. സി.പി.എം സംസ്ഥാന സമിതി യോഗം രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ പോരായ്മകളിലേയ്ക്കാണു വിരല്‍ ചൂണ്ടിയതെന്നും വൈകിട്ടത്തെ പത്രസമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അത് ഉറപ്പിച്ചു പറഞ്ഞുവെന്നും ഞാന്‍ വിശദീകരിച്ചു.

ഒരു മന്ത്രി വിചാരിച്ചാല്‍ കേരളം പോലൊരു സംസ്ഥാനത്ത് വലിയ കാര്യങ്ങള്‍ നടത്താനാവുമെന്നു വാദിക്കാനാണു ഞാന്‍ ശ്രദ്ധിച്ചത്. 2011 -ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ഒരു മന്ത്രിസ്ഥാനം കിട്ടുമെന്നു കരുതിയിരുന്ന വി.ഡി സതീശനെ അന്നു കണ്ട കാര്യവും ഞാന്‍ ചൂണ്ടിക്കാട്ടി. എം.എല്‍.എ ഹോസ്റ്റലിലെ മുറിയിലായിരുന്നു അദ്ദേഹത്തെ കണ്ടത്. സതീശനു മന്ത്രിസ്ഥാനം കിട്ടിയില്ലെന്ന് ഉറപ്പായിക്കഴിഞ്ഞിരുന്നു. സമുദായ നേതാവിന്‍റെ പിന്തുണ വാങ്ങാമെങ്കില്‍ നോക്കാമെന്നൊരു ഉപദേശം പാര്‍ട്ടിയില്‍ കേട്ടതായും സതീശന്‍ ചൂണ്ടിക്കാട്ടി. മന്ത്രിസ്ഥാനം കിട്ടാന്‍ സമുദായ നേതാക്കന്മാരുടെ പിന്നാലേ പോകാന്‍ സതീശന്‍ ഒരുക്കമല്ലായിരുന്നു.

ആ പ്രായത്തില്‍ ഒരു മന്ത്രിസ്ഥാനം കിട്ടുക ഒരു വലിയ കാര്യം തന്നെയായിരുന്നുവെന്ന് സതീശന്‍ അന്നു പറഞ്ഞ കാര്യം ഞാന്‍ ഓര്‍മിച്ചു. ഓടിനടക്കാനും കാര്യങ്ങള്‍ ആഴത്തില്‍ പഠിക്കാനും കഴിയുന്ന സമയം. "ഒരു കോഴി വളര്‍ത്തല്‍ വകുപ്പു കിട്ടിയിരുന്നെങ്കില്‍ ആ വകുപ്പു ഞാന്‍ വലിയൊരു വകുപ്പായി മാറ്റുമായിരുന്നു", സതീശന്‍ നിരാശയോടെ പറഞ്ഞ കാര്യം ഞാന്‍ വിവരിച്ചു. മന്ത്രിസ്ഥാനം ആഗ്രഹിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് ഇങ്ങനെയൊരു താല്‍പ്പര്യമാണു വേണ്ടതെന്നു വിവരിക്കാനാണ് സതീശന്‍റെ വാക്കുകള്‍ ഞാന്‍ പറഞ്ഞത്.

പക്ഷെ അത് എന്നോടൊപ്പമിരുന്ന ജ്യോതികുമാര്‍ ചാമക്കാലായെ രോഷാകുലനാക്കുമെന്നു ഞാന്‍ കരുതിയില്ല. വി.ഡി സതീശനെക്കുറിച്ചു ഞാന്‍ വിശദീകരിക്കുമ്പോള്‍ത്തന്നെ ചാമക്കാലായുടെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നത് ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രദ്ധിച്ചിരുന്നു. പിന്നീട് അവര്‍ അതെന്നോടു പറയുകയും ചെയ്തു.

വ്യക്തിപരമായി എന്നെ അധിക്ഷേപിക്കുന്ന ചാമക്കാലായെയാണു പിന്നെ കണ്ടത്. കേരള നിയമസഭയുടെ സഭാ ടിവിയില്‍ എനിക്കു പങ്കുണ്ടെന്നും മറ്റുമൊക്കെയായി ചാമക്കാലാ പിറുപിറുത്തുകൊണ്ടേയിരുന്നു.

വി.ഡി സതീശനനും ജ്യോതികുമാര്‍ ചാമക്കാലായും തമ്മിലെന്ത് എന്ന് എനിക്കപ്പോള്‍ത്തന്നെ ചോദിക്കാമായിരുന്നു. സമയം വൈകിക്കഴിഞ്ഞിരുന്നതിനാല്‍ റാഷിദിനെ ബുദ്ധിമുട്ടിക്കാന്‍ ഞാനൊരുങ്ങിയില്ല. ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ നിരാശപ്പെട്ടുപോയ വി.ഡി സതീശന്‍ ആ ദിവസം എന്നോടു പറഞ്ഞ വാചകം ഇന്നത്തെ സാഹചര്യത്തില്‍ അതിമനോഹരമായി ഞാന്‍ അവതരിപ്പിച്ചത് ചാമക്കാലായ്ക്കു പിടിക്കാതെ പോയതെന്ത് ?

വി.ഡി സതീശനെക്കുറിച്ചു ഞാന്‍ പറഞ്ഞ നല്ല വാക്കുകളില്‍ ചാമക്കാലായുടെ യജമാനന്‍റെ പേരും മുഴച്ചുനില്‍ക്കുന്നുണ്ടെന്നു കോണ്‍ഗ്രസുകാര്‍ക്കറിയാം. ഒരല്പം യജമാനസ്നേഹം പ്രകടിപ്പിച്ചെന്നേയുള്ളു ചാമക്കാലാ.

Advertisment