Advertisment

സി.പി.എമ്മിന്റെ കണ്ണൂരിലെ രണ്ടു നെടും തൂണുകളാണ് ഇ.പിയും പി.ജെയും; പാര്‍ട്ടിക്ക് വേണ്ടി വലിയ ത്യാഗങ്ങള്‍ സഹിച്ചവരാണ് രണ്ടു പേരും, ജീവിക്കുന്ന രക്തസാക്ഷികളുമാണ് അവര്‍ ! ഇ.പി. ജയരാജനെതിരായ പരാതി രേഖാമൂലം എഴുതി നല്‍കണമെന്നതാണ് പി. ജയരാജന് മുന്നിലുള്ള വെല്ലുവിളി; പി. ജയരാജന്‍റെ ആരോപണങ്ങള്‍ എവിടെയെത്തും ? പി. ജയരാജനിലേക്കു നീങ്ങുകയാണ് രാഷ്ട്രീയ കേരളത്തിന്‍റെ കണ്ണുകള്‍- അള്ളും മുള്ളും പങ്തിയിൽ ജേക്കബ് ജോർജ്

New Update

publive-image

Advertisment

ഇ.പി ജയരാജനെതിരെ പി. ജയരാജന്‍ സി.പി.എം സംസ്ഥാന സമിതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിക്കും പറഞ്ഞാല്‍ തീപ്പൊരി ചിതറുകതന്നെ ചെയ്തു. സംസ്ഥാന സമിതിയംഗങ്ങള്‍ പി. ജയരാജന്‍റെ വാക്കുകള്‍ കേട്ട് ഞെട്ടിത്തരിച്ച് ഇരുന്നു. അധ്യക്ഷക്കസേരയില്‍ ഇരിക്കുകയായിരുന്ന ഡോ. തോമസ് ഐസക്കും മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും ശ്രദ്ധയോടെ കേട്ടിരുന്നു.

പി. ജയരാജന്‍ പറയാനുള്ളതെല്ലാം തുറന്നു പറഞ്ഞു. കാര്യങ്ങള്‍ കിറുകൃത്യതയോടെ അവതരിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കൊക്കെ ഒരു പ്രത്യേക വൈഭവമുണ്ട്. ലോക്കല്‍ കമ്മിറ്റി യോഗങ്ങള്‍ മുതല്‍ വിവിധ തട്ടുകളിലെ യോഗങ്ങളിലൊക്കെയും പങ്കെടുത്തു കിട്ടുന്ന പരിശീലനമാണ് കാരണം. ഇവിടെയെല്ലാം വിശദീകരണങ്ങളും റിപ്പോര്‍ട്ടിങ്ങുമൊക്കെ പാര്‍ട്ടി പ്രവര്‍ത്തനത്തിന്‍റെ ഭാഗം. പിണറായി വിജയനായാലും എം.വി ഗോവിന്ദനായാലും ഉദ്യോഗസ്ഥരോടും മാധ്യമപ്രവര്‍ത്തകരോടുമൊക്കെ സംസാരിക്കുമ്പോള്‍ ഈ കിറുകൃത്യത കാണാം.

പി. ജയരാജന്‍ ഇ.പി ജയരാജനെതിരെ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ആഞ്ഞടിച്ചത് തികഞ്ഞ കൃത്യതയോടെ. വിശദാംശങ്ങളൊക്കെയും അടുക്കോടെയും ചിട്ടയോടെയും മുന്നോട്ടുവെച്ച്. ആര്‍ക്കും ഒരു സംശയവും ഉണ്ടാക്കാത്ത തരത്തില്‍, എലാം സ്വന്തം ഉത്തരവാദിത്തത്തില്‍ത്തന്നെയാണ് അവതരിപ്പിക്കുന്നതെന്നും പി. ജയരാജന്‍ ഉറപ്പിച്ചു പറഞ്ഞു.

സംസ്ഥാന സമിതി യോഗത്തിനു ശേഷം പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം. യോഗത്തിനു ശേഷം വീണ്ടും സംസ്ഥാന സമിതി യോഗം. എം.വി ഗോവിന്ദന്‍ പി. ജയരാജനെ അറിയിച്ചു: പരാതി എഴുതി തരൂ. വേണ്ടവിധം പരിഗണിക്കാം.

അതെ. ഇ.പി ജയരാജനെതിരെ പി. ജയരാജന്‍ സി.പി.എം സംസ്ഥാന സമിതി യോഗത്തില്‍ ഉന്നയിച്ച കാര്യങ്ങളൊക്കെ എഴുതി നല്‍കണം. അതായത് പി. ജയരാജന്‍ കാര്യങ്ങളൊക്കെ വിശദമാക്കി രേഖാമൂലം പരാതിപ്പെടണം.


പി. ജയരാജന്‍റെ മുന്നില്‍ ഇതു വെല്ലുവിളിയായി ഉയരുകയാണ്. രേഖാമൂലമാണ് പരാതി നല്‍കേണ്ടത്. അതു പിന്നെ തിരുത്താനാവില്ല. രേഖാമൂലം നല്‍കുന്ന പരാതിയില്‍ പിഴവും പഴുതും ഉണ്ടാവാനും പാടില്ല. പരാതി നല്‍കിക്കഴിഞ്ഞാല്‍ അതില്‍നിന്നു പിന്നോക്കം പോകാനുമാവില്ല. കാരണം ഇ.പി. ജയരാജനെതിരെയാണു പരാതി. എല്‍.ഡി.എഫ് കണ്‍വീനറും പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗവുമാണ് ഇ.പി. പി. ജയരാജനാവട്ടെ സംസ്ഥാന സമിതിയംഗവും.


കണ്ണൂര്‍ പാര്‍ട്ടിയിലെ രണ്ടു നെടും തൂണുകളാണ് ഇ.പിയും പി.ജെയും. എം.വി ജയരാജന്‍ ഉള്‍പ്പെടെ കണ്ണൂര്‍ പാര്‍ട്ടിയിലെ മൂന്നു ജയരാജന്‍മാരില്‍ രണ്ടുപേര്‍. രണ്ടു പേര്‍ക്കും പാര്‍ട്ടിയില്‍ വലിയ സ്വാധീനമുണ്ട്. രണ്ടുപേരും പാര്‍ട്ടിക്കുവേണ്ടി വലിയ ത്യാഗങ്ങളും സഹിച്ചു. രണ്ടുപേരും ജീവിക്കുന്ന രക്തസാക്ഷികളുമാണ്.

ഡല്‍ഹിയില്‍നിന്നുള്ള തീവണ്ടിയാത്രയ്ക്കിടെ അക്രമികളുടെ വെടിയേറ്റ ഇ.പി ജയരാജന്‍ ഇന്നും കഴുത്തില്‍ വെടിയുണ്ടയുമായാണു ജീവിക്കുന്നത്. പി. ജയരാജനാവട്ടെ, ആര്‍.എസ്.എസുകാരുടെ അക്രമണത്തില്‍ മൃതപ്രായനായ ആളും. ഒരു തിരുവോണനാളില്‍ ഏറ്റ ആ അക്രമണത്തിന്‍റെ രൂക്ഷമായ അവശതകളിലാണ് ഇന്നും പി. ജയരാജന്‍ ദിവസങ്ങള്‍ തള്ളിവിടുന്നത്.

മാധ്യമങ്ങള്‍ ചൂടന്‍ വാര്‍ത്ത അതിഗംഭീരമായി ആഘോഷിച്ചു. 'മാതൃഭൂമി' ചാനലാണ് വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിറ്റേന്നു പത്രങ്ങളിലും വലിയ വാര്‍ത്ത. അതില്‍ 'മാതൃഭൂമി'യില്‍ വന്ന ഒരു റിപ്പോര്‍ട്ട് ശ്രദ്ധേയമായിരുന്നു. "വിവാദത്തിനു പിന്നില്‍ തലപ്പത്തെ മാറ്റവും" എന്ന തലക്കെട്ടിലാണ് വാര്‍ത്ത എഴുതിയത്. കോഴിക്കോട്ടുനിന്ന് പി.പി ശശീന്ദ്രന്‍. കണ്ണൂര്‍ സ്വദേശിയാണ് പി.പി.എസ് എന്നറിയപ്പെടുന്ന പി.പി ശശീന്ദ്രന്‍.

publive-image

ഞാന്‍ 'മാതൃഭൂമി' വിട്ട് 'ഇന്ത്യാ ടുഡേ'യില്‍ ചേരുമ്പോള്‍ ശശീന്ദ്രന്‍ 'മാതൃഭൂമി' കണ്ണൂര്‍ ബ്യൂറോയിലാണ്. ഞാന്‍ കണ്ണൂരിലെത്തുമ്പോഴൊക്കെ ശശീന്ദ്രനും കൂടെ കൂടും. ചില റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ ശശീന്ദ്രനും എന്നോടൊപ്പം വരും. ഒരിക്കല്‍ പയ്യന്നൂര്‍വരെ വന്നു. പഴയ 'മാതൃഭൂമി' സൗഹൃദം.

കണ്ണൂര്‍ ആന്തൂരിലെ ആയുര്‍വേദ ആശുപത്രിയുടെ ഭരണതലപ്പത്ത് ഈയിടെയുണ്ടായ പടലപിണക്കങ്ങളാണ് സി.പി.എമ്മിനെ ഉലച്ച രാഷ്ട്രീയ വിവാദങ്ങള്‍ക്കു കാരണമെന്നാണ് ശശീന്ദ്രന്‍റെ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. മാനേജിങ്‌ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് തലശേരിയിലെ വ്യവസായ പ്രമുഖനായ കെ.പി രമേഷ് കുമാര്‍ മാറിയതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്കു കാരണമെന്ന് ശശീന്ദ്രന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

തുടക്കം മുതലേ കമ്മറ്റി മാനേജിങ്ങ് ഡയറക്ടറായിരുന്നു രമേഷ് കുമാര്‍. അദ്ദേഹം മാറിയതിനേ തുടര്‍ന്ന് കെ.സി ഷാജി മാനേജിങ്ങ് ഡയറക്ടറായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥാപനത്തിലെ ചില പ്രശ്നങ്ങളെ തുടര്‍ന്ന് രമേഷ് കുമാര്‍ സ്ഥാനമൊഴിയുയായിരുന്നുവെന്നും ശശീന്ദ്രന്‍റെ റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

ഞായറാഴ്ച, ക്രിസ്മസ് ദിവസം, കാലത്തുതന്നെ ഞാന്‍ ശശീന്ദ്രനെ വിളിച്ചു. കണ്ണൂരിലെ രാഷ്ട്രീയവും ഈ സ്ഥാപനത്തിലുണ്ടായ പ്രശ്നങ്ങളുമൊക്കെ അദ്ദേഹം വിശദീകരിച്ചു. 'ഇന്ത്യാ ടുഡേ' കാലത്ത് എന്‍റെ ഒരു പ്രധാന പ്രവര്‍ത്തനകേന്ദ്രമായിരുന്നു കണ്ണൂര്‍. എപ്പോഴും തിളച്ചുമറിയുന്ന രാഷ്ട്രീയത്തിന്‍റെ സ്വന്തം നാട്.

എനിക്ക് നല്ല രാഷ്ട്രീയ ബന്ധങ്ങളുള്ള നാടുകൂടിയാണ് കണ്ണൂര്‍. കണ്ണൂരിന്‍റെ രാഷ്ട്രീയ ഭൂമിക എന്നെ എപ്പോഴും ആകര്‍ഷിച്ചിരുന്നു. സംഭവബഹുലമായ കണ്ണൂര്‍ രാഷ്ട്രീയം. എല്ലാ പാര്‍ട്ടികളിലും എനിക്ക് അടുത്ത ബന്ധങ്ങളുണ്ട്. ഏതു വിവരവും എപ്പോഴും അറിയാന്‍ ഒരു പ്രയാസവുമില്ല. ഞാന്‍ ചെറുതായൊന്നന്വേഷിച്ചു. തുടങ്ങിയത് പി.പി ശശീന്ദ്രന്‍റെ 'മാതൃഭൂമി' റിപ്പോര്‍ട്ടില്‍ നിന്നുതന്നെ. വിവാദ കേന്ദ്രമായ ആയുര്‍വേദ ആശുപത്രിയുടെ മുന്‍ എം.ഡി കെ.പി രമേശ് കുമാറില്‍ നിന്ന്.

അദ്ദേഹത്തെ എം.ഡി സ്ഥാനത്തുനിന്നു മാറ്റിയത് കുറെ മാസം മുമ്പാണ്. മറ്റെല്ലാ ഡയറക്ടര്‍മാരും ഒന്നിച്ചുതന്നെയാണ് അദ്ദേഹത്തിനെതിരെ നീങ്ങിയത്. ഇ.പി. ജയരാജന്‍റെ മകന്‍ ജെയ്സണ്‍ രാജും ഇവരോടൊപ്പം ചേര്‍ന്നു.

അതിനിടയ്ക്ക് റിപ്പോര്‍ട്ടര്‍ ടി.വിയില്‍ നിന്ന് നികേഷ് കുമാറും എന്നെ വിളിച്ചു. വൈകിട്ട് ഏഴു മണിക്കുള്ള ചര്‍ച്ചയാണ്. ഞാന്‍ കണ്ടെത്തിയ പുതിയ വിവരങ്ങള്‍ നികേഷ് കുമാറിന്‍റെ മുന്നില്‍ അവതരിപ്പിച്ചു. ചുരുങ്ങിയ സമയം കൊണ്ട് നികേഷും ആ വഴിക്ക് അന്വേഷണം നടത്തി.

മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നതില്‍ നിന്ന് അല്‍പം വ്യത്യസ്തമായ വിവരങ്ങള്‍ ഞാന്‍ അവതരിപ്പിച്ചു. ഇത് ആയുര്‍വേദാശുപത്രിയാണ്, റിപ്പോര്‍ട്ടുകളില്‍ പറയുന്നതുപോലെ റിസോര്‍ട്ട് അല്ല എന്നതാണ് അതില്‍ പ്രധാനം. ഇ.പിയുടെ മകന്‍ ജെയ്സണ്‍ രാജിന്‍റെ പേരില്‍ 1000 ഷെയര്‍ മാത്രമേയുള്ളു. ഷെയര്‍ ഒന്നിന് 1000 രൂപാ നിരക്കില്‍ ആകെ പത്തു ലക്ഷം രൂപയുടെ ഷെയറുകള്‍. 2014 -ലാണ് ജെയ്സണ്‍ ഈ ഷെയറുകള്‍ എടുത്തത്.


അന്ന് ഉമ്മന്‍ ചാണ്ടിയാണു മുഖ്യമന്ത്രി. 2016 -ലാണ് പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. ഇ.പി വ്യവസായമന്ത്രിയായതും അന്ന്. ഈ സ്ഥാപനത്തിലെ വളരെ ചെറിയൊരു ഓഹരിയുടമ മാത്രമാണ് ജെയ്സണ്‍ എന്നാണു ഞാന്‍ കണ്ടെത്തിയതെന്നും ചര്‍ച്ചയില്‍ പറഞ്ഞു. ഏതാണു ശരിയെന്നു കണ്ടെത്തണം. പി. ജയരാജന്‍ രേഖാമൂലം പരാതി നല്‍കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. എങ്കിലേ ചിത്രം വ്യക്തമാകൂ എന്നും ഞാന്‍ പറഞ്ഞു.


അപ്പോഴേയ്ക്ക് ആയുര്‍വേദ ആശുപത്രിയുടെ സി.ഇ.ഒ തോമസ് ജോസഫും നികേഷിന്‍റെ അതിഥിയായി ഫോണില്‍ ചര്‍ച്ചയ്ക്കെത്തി. ഇ.പിയുടെ മകന്‍ ജെയ്സണ്‍ പത്തുലക്ഷം രൂപയുടെ 1000 ഓഹരികള്‍ മാത്രമേ എടുത്തിട്ടുള്ളുവെന്ന് തോമസ് ജോസഫ് രേഖകള്‍ നോക്കി സ്ഥിരീകരിച്ചു. അദ്ദേഹത്തേക്കാള്‍ പല ഇരട്ടി തുക നിക്ഷേപിച്ചിട്ടുള്ള 15 പേരെങ്കിലും ഈ ഡയറക്ടര്‍ ബോര്‍ഡിലുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. എന്നിട്ടുമെന്തേ, ഇ.പി മുന്നോട്ടുവന്ന് പി. ജയരാജന്‍റെ ആരോപണങ്ങള്‍ തള്ളിക്കളയുന്നില്ല എന്നായിരുന്നു നികേഷിന്‍റെ ചോദ്യം.

ഞായറാഴ്ച വൈകുന്നേരത്തോടെ തന്നെ നികേഷ് കുമാര്‍ പി. ജയരാജിന്‍റെ കഥയ്ക്ക് ഒരു ട്വിസ്റ്റ്‌ ഉണ്ടാക്കി. തിങ്കളാഴ്ച സി.ഇ.ഒ തോമസ് ജോസഫിനെ ചാനലുകളിലൊക്കെ കണ്ടു. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ നേരിട്ടു പറയുകയാണ് തോമസ് ജോസഫ്.

പി. ജയരാജന്‍റെ ആരോപണങ്ങള്‍ എവിടെയെത്തും ? പരാതി രേഖാമൂലം നല്‍കിയാല്‍ പരിഗണിക്കാമെന്നാണ് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പറഞ്ഞത്. ഉത്തരവാദിത്തത്തോടെയാണു പരാതി ഉന്നയിക്കുന്നതെന്നായിരുന്നു പി. ജയരാജന്‍ പറഞ്ഞത്. അദ്ദേഹം പറഞ്ഞതൊക്കെ രേഖാമൂലം സംസ്ഥാന സെക്രട്ടറിക്കു സമര്‍പ്പിക്കട്ടെ.

അപ്പോള്‍ സി.ഇ.ഒ തോമസ് ജോസഫ് മുന്നോട്ടു വെയ്ക്കുന്ന കാര്യങ്ങളോ ? ഇവിടെയാണ് ഏറ്റവും വലിയ ട്വിസ്റ്റ്. പി. ജയരാജന്‍ പറ‍ഞ്ഞ കാര്യങ്ങള്‍ രേഖയായി പൊതു സമൂഹത്തിലെത്തട്ടെ. പി. ജയരാജനിലേക്കു നീങ്ങുകയാണ് രാഷ്ട്രീയ കേരളത്തിന്‍റെ കണ്ണുകള്‍.

Advertisment