Advertisment

മുഖ്യമന്ത്രിക്കുനേരെ ഉയരുന്ന ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ മന്ത്രിമാര്‍ക്ക് എല്ലാ അവകാശവുമുണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ് മന്ത്രി റിയാസ്. രാഷ്ട്രീയം പഠിച്ചും പറഞ്ഞും കളിച്ചും വളര്‍ന്ന രാഷ്ട്രീയക്കാരോടൊപ്പമാണ് ഞങ്ങള്‍ പത്രപ്രവര്‍ത്തകരും പത്രക്കാരായി വളര്‍ന്നത്! 80കളിലെ മന്ത്രിമാർ കത്തുന്ന രാഷ്ട്രീയം പറഞ്ഞിരുന്നു. റിയാസ് പറഞ്ഞതു ശരിതന്നെ. മന്ത്രിമാര്‍ മാത്രമല്ല, എല്ലാ നേതാക്കളും രാഷ്ട്രീയം പറയണം. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ്

author-image
ജേക്കബ് ജോര്‍ജ്
Updated On
New Update

publive-image

Advertisment

ന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞതു ശരിയാണ്. രാഷ്ട്രീയക്കാര്‍ രാഷ്ട്രീയം പറയണം. മന്ത്രിയായിക്കഴിഞ്ഞാല്‍ രാഷ്ട്രീയം പറയുന്നതു നിര്‍ത്തരുത്. സ്വന്തം വകുപ്പുകളുടെ കാര്യം മാത്രമല്ല, മന്ത്രിമാര്‍ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെയ്ക്കേണ്ടത്. ദൈനംദിന രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ചും പ്രതികരിക്കാന്‍ മന്ത്രിമാരും തയ്യാറാവണം. അതാണ് മന്ത്രി മുഹമ്മദ് റിയാസ് മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചത്.

റിയാസ് പറഞ്ഞുവന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയമായി ഏറെ അക്രമണങ്ങള്‍ നേരിടുമ്പോള്‍ മന്ത്രിമാര്‍ മൗനമവലംബിക്കുന്നത് ശരിയല്ലെന്നു തന്നെയാണ്. മുഖ്യമന്ത്രിക്കുനേരെ ഉയരുന്ന ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ മന്ത്രിമാര്‍ക്ക് എല്ലാ അവകാശവുമുണ്ടെന്നു ഓര്‍മിപ്പിക്കുകയാണ് റിയാസ്. യാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴും പൊതുയോഗങ്ങളിലും രാഷ്ട്രീയ പരിപാടികളിലും പ്രസംഗിക്കുമ്പോഴും തുറന്നു രാഷ്ട്രീയം പറയുന്ന നേതാവാണ് പിഎ മുഹമ്മദ് റിയാസ്.

ഏഷ്യാനെറ്റിലെ 'പോയിന്‍റ് ബ്ലാങ്ക്' അഭിമുഖത്തില്‍ റിയാസ് നടത്തിയ പരാമര്‍ശങ്ങള്‍ പെട്ടെന്ന് വിവാദമാവുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ എഐ ക്യാമറ വിവാദത്തിന്‍റെ പേരില്‍ പ്രതിപക്ഷം ആരോപണം മുറുക്കുകയും പ്രക്ഷോഭമാരംഭിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പരാമര്‍ശങ്ങള്‍ വന്നതെന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുടെ മരുമകനായ റിയാസ് സിപിഎം സെക്രട്ടേറിയറ്റ് അംഗവുമാണ്.

publive-image

മന്ത്രിമാര്‍ രാഷ്ട്രീയം പറയണമെന്ന കാര്യം പാര്‍ട്ടി തലത്തില്‍ നേരത്തേ തന്നെ തീരുമാനിച്ചിട്ടുള്ളതാണെന്ന കാര്യവും റിയാസ് എടുത്തു പറഞ്ഞു. കടുത്ത രാഷ്ട്രീയം പറയേണ്ടിടത്ത് കടുത്ത രാഷ്ട്രീയം തന്നെ മന്ത്രിമാര്‍ പറയണമെന്ന് റിയാസ് സഹപ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. ഇതില്‍ ഒട്ടും വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിന്‍റെ മുന്‍നിരയിലേയ്ക്ക് മന്ത്രിമാര്‍ കടന്നുവരണമെന്നു തന്നെയാണ് മന്ത്രി റിയാസ് പറഞ്ഞു വെയ്ക്കുന്നത്.

ഈ സര്‍ക്കാരില്‍ രാഷ്ട്രീയം പറയാന്‍ തയ്യാറുള്ള മന്ത്രിമാര്‍ കുറവാണ്. പി രാജീവ്, എംബി രാജേഷ്, മുഹമ്മദ് റിയാസ്... പട്ടിക തീര്‍ന്നു. ഘടകകക്ഷി മന്ത്രിമാരിരില്‍ ആന്‍റണി രാജു രാഷ്ട്രീയം പറയാന്‍ ത്രാണിയുള്ളയാളാണ്. ഒന്നാം പിണറായി മന്ത്രിസഭയില്‍ കരുത്തരായ പലരുമുണ്ടായിരുന്നു. ഡോ. തോമസ് ഐസക്, ജി സുധാകരന്‍, ഇപി ജയരാജന്‍, എകെ ബാലന്‍ എന്നിങ്ങനെ പ്രമുഖ സിപിഎം മന്ത്രിമാരോടൊപ്പം ഇ ചന്ദ്രശേഖരന്‍, വിഎസ് സുനില്‍കുമാര്‍ എന്നീ സിപിഐ മന്ത്രിമാരും നല്ല രാഷ്ട്രീയം പറഞ്ഞുതന്നെ മുന്നേറി.

publive-image

എണ്‍പതുകളില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ എന്‍റെ തലമുറക്കാര്‍ക്ക് നല്ല രാഷ്ട്രീയം പറയുന്ന മന്ത്രിമാരോടായിരുന്നു കൂടുതല്‍ താല്‍പര്യം. ഉമ്മന്‍ ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, കെഎം മാണി, ആര്‍ ബാലകൃഷ്ണപിള്ള എന്നിങ്ങനെ തലയെടുപ്പുള്ള മന്ത്രിമാര്‍ കരുണാകരന്‍ മന്ത്രിസഭയിലുണ്ടായിരുന്നു. 1982 - 87, 1991 - 95 എന്നീ കാലഘട്ടങ്ങളിലെ കരുണാകരന്‍ ഭരണം രാഷ്ട്രീയമായി സംഭവബഹുലമായിരുന്നു. കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പുവഴക്കും അധികാര മത്സരവുമെല്ലാം മൂത്തുനിന്ന സമയം.

publive-image

എണ്‍പതുകളുടെ ആദ്യം തിരുവനന്തപുരത്തെ പ്രധാന പത്രപ്രവര്‍ത്തനം സെക്രട്ടേറിയറ്റ് കേന്ദ്രമാക്കിയായിരുന്നു. അന്ന് പത്രക്കാര്‍ക്ക് ഇരിക്കാനും വാര്‍ത്ത ശേഖരിക്കാനും സൗകര്യങ്ങളൊരുക്കി സര്‍ക്കാര്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് പ്രസ് റൂം ഒരുക്കിയിരുന്നു. ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയറ്റില്‍ സൗത്ത് ബ്ലോക്കിലെ പിആര്‍ഡി ഓഫീസില്‍ത്തന്നെയായിരുന്നു വിശാലമായ ഹാള്‍. കസേരയും മേശയുമെല്ലാം വേണ്ടുവോളം. രണ്ടു ലാന്‍റ് ഫോണുകളും തയ്യാര്‍.

പ്രസ് റൂമില്‍ 'കേരളഭൂഷണം' മുന്‍ ലേഖകന്‍ മാധവന്‍ നായരാണ് ഞങ്ങളുടെ നേതാവ്. 'കേരളഭൂഷണം' മുമ്പുതന്നേ നിന്നുപോയതാണ്. പക്ഷെ മാധവന്‍ നായര്‍ എന്നും കാലത്തുതന്നെ പ്രസ് റൂമിലെത്തും. ഞങ്ങള്‍ ചെറുപ്പക്കാരുടെയെല്ലാം നേതൃത്വം മാധവണ്ണന്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന മാധവന്‍ നായര്‍ക്കാണ്. ഏറ്റവും മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് മന്ത്രിമാരുമായെല്ലാം അടുത്ത പരിചയം. മാധവണ്ണന്‍റെ നേതൃത്വത്തില്‍ ഞങ്ങള്‍ ദിവസവും ഏതെങ്കിലും മന്ത്രിയെ കാണാന്‍ പോകും. ബേബി ജോണ്‍, ആര്‍ ബാലകൃഷ്ണപിള്ള, കെഎം മാണി, ടിഎം ജേക്കബ് എന്നിങ്ങനെ. മന്ത്രിമാര്‍ സ്വന്തം വകുപ്പിലെ കാര്യങ്ങള്‍ പറയും. രാഷ്ട്രീയവും തുറന്നടിക്കും. ഇത്തരം യാത്രകൾക്കു ഞങ്ങള്‍ തന്നെ പേരിട്ടു - 'ശോഭായാത്ര'.

എസ് സുരേഷ് (യുഎന്‍ഐ), എന്‍ മുരളീധരന്‍ (പിടിഐ), സി ഗൗരീദാസന്‍ നായര്‍ (ദ ഹിന്ദു), ജോണ്‍ മുണ്ടക്കയം (മലയാള മനോരമ), കെ കുഞ്ഞിക്കണ്ണന്‍ (ജന്മഭൂമി), കുഞ്ഞഹമ്മദ് വാണിമേല്‍ (ചന്ദ്രിക), വയലാര്‍ ഗോപകുമാര്‍ (മാധ്യമം) പിന്നെ 'മാതൃഭൂമി'ക്കാരനായ ഞാനും. എല്ലാവരും ചെറുപ്പക്കാര്‍. രാഷ്ട്രീയ റിപ്പോര്‍ട്ടിങ്ങിലെ ആദ്യ പാഠങ്ങള്‍ അങ്ങനെ മാധവണ്ണന്‍ നയിച്ച ശോഭായാത്രയിലൂടെയായിരുന്നു. ശോഭായാത്ര കഴിഞ്ഞാല്‍ ഞങ്ങളില്‍ മിക്കവരും സ്വന്തം വാര്‍ത്തകള്‍ തപ്പി അന്വേഷണത്തിനിറങ്ങും. സെക്രട്ടേറിയറ്റില്‍ അധികാരത്തിന്‍റെ ഇടനാഴികളില്‍ മന്ത്രിമാരെയോ ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെയോ യൂണിയന്‍ നേതാക്കളെയോ രഹസ്യമായി കണ്ടു സംസാരിക്കാന്‍. ഇത്തരം സംഭാഷണത്തില്‍കൂടിയാണ് എക്സ്ക്ലൂസീവുകള്‍ കിട്ടുക. പത്രപ്രവര്‍ത്തനത്തിന്‍റെയും രാഷ്ട്രീയ റിപ്പോര്‍ട്ടിങ്ങിന്‍റെയും ആദ്യപാഠങ്ങളൊക്കെ കിട്ടിയത് സെക്രട്ടേറിയറ്റിലെ ഇടനാഴികളില്‍ നിന്നു തന്നെ.

അന്നൊക്കെ മന്ത്രിമാര്‍ നല്ല രാഷ്ട്രീയം പറയുക പതിവായിരുന്നു. യാത്രയ്ക്കിടെ പ്രധാന ജില്ലാ തലസ്ഥാനങ്ങളിലും മന്ത്രിമാരെ കാണാന്‍ പത്രക്കാരെത്തും. അതാതു പ്രസ് ക്ലബ്ബിലോ ഗസ്റ്റ് ഹൗസിലോ ആകും പത്രസമ്മേളനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഇത്തരം കൂടിക്കാഴ്ചകള്‍. വലിയ രാഷ്ട്രീയ നീക്കങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളുമൊക്കെ പൊട്ടിവീഴുന്ന സന്ദര്‍ഭം കൂടിയാകും ഇത്.


"കെഎം മാണിക്ക് അന്നൊരു പതിവുണ്ടായിരുന്നു. ഇടയ്ക്കൊക്കെ കോട്ടയം പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനം നടത്തും. ഓരോ പത്ര സമ്മേളനത്തിനും മുമ്പ് എന്നെ 'മാതൃഭൂമി'യിലെ ഫോണില്‍ വിളിക്കും. പത്ര സമ്മേളനത്തിനു ഞാന്‍ തന്നെ ചെല്ലണമെന്നു പറയാനാണു വിളി"


 

publive-image

'മാതൃഭൂമി'യിലിരിക്കെ 1988 -ല്‍ എനിക്കു കോട്ടയത്തേയ്ക്കു സ്ഥലം മാറ്റം കിട്ടി. കെഎം മാണി, പിജെ ജോസഫ് എന്നീ കേരളാ കോണ്‍ഗ്രസ് നേതാക്കളും ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുമായിരുന്നു കോട്ടയത്തെ പ്രമുഖ നേതാക്കള്‍. കെഎം മാണിക്ക് അന്നൊരു പതിവുണ്ടായിരുന്നു. ഇടയ്ക്കൊക്കെ കോട്ടയം പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനം നടത്തും. ഓരോ പത്ര സമ്മേളനത്തിനും മുമ്പ് എന്നെ 'മാതൃഭൂമി'യിലെ ഫോണില്‍ വിളിക്കും. പത്ര സമ്മേളനത്തിനു ഞാന്‍ തന്നെ ചെല്ലണമെന്നു പറയാനാണു വിളി. പ്രമുഖ പത്ര സമ്മേളനങ്ങളിലേയ്ക്കൊക്കെ ഇങ്ങനെ മാണി സാറിന്‍റെ വിളിയെത്തും.

അങ്ങനെയിരിക്കെയാണ് കേരളാ കോണ്‍ഗ്രസിന്‍റെ വലിയൊരു നേതൃയോഗം കോഴഞ്ചേരിക്കടുത്ത് ചരല്‍ക്കുന്നില്‍ നടന്നത്. കെഎം മാണിക്കെതിരെ പിജെ ജോസഫ് ഒരു പിളര്‍പ്പന്‍ നീക്കം നടത്തിയ സമ്മേളനം. പിജെ ജോസഫിനുവേണ്ടി യൂത്ത് ഫ്രണ്ട് നേതാക്കളായ ഡിജോ കാപ്പനും ജോസഫ് എം പുതിശേരിയും തയ്യാറാക്കിയ ഒരു രഹസ്യ രേഖ എന്‍റെ കൈയിലെത്തി. രേഖയുടെ പേര് "സത്യത്തിനൊരു അടിക്കുറിപ്പ്". അതച്ചടിച്ച പ്രസില്‍ നിന്നു പ്രൂഫ് വായിക്കാനെടുത്തയാള്‍ ഒരു കോപ്പി എനിക്കു തരികയായിരുന്നു. മാണിക്കെതിരെ ആരോപണങ്ങള്‍ നിരത്തിവെച്ചുകൊണ്ടുള്ള രേഖയായിരുന്നു "സത്യത്തിനൊരു അടിക്കുറിപ്പ്". പിറ്റേന്ന് 'മാതൃഭൂമി'യില്‍ അതു മെയിന്‍ സ്റ്റോറി. 'മനോരമ'യുടെ തട്ടകത്തില്‍ ഒരു കേരള കോണ്‍ഗ്രസ് സ്കൂപ്പ് കിട്ടിയ എനിയ്ക്ക് പെരുത്ത സന്തോഷം. ഇത്തരം സന്ദര്‍ഭങ്ങളില്‍ 'മനോരമ'യിലെ തോമസ് ജേക്കബ് സാറിന്‍റെ ഫോണ്‍ വരിക പതിവായിരുന്നു.

publive-image



പിജെ ജോസഫ് ചരല്‍ക്കുന്നു സമ്മേളനത്തില്‍ കെഎം മാണിയോട് ഉടക്കിപ്പിരിയുന്നതു പിറ്റേന്ന് കേരളം കണ്ടു. പിന്നെ ജോസഫ് ഗ്രൂപ്പിന്‍റെ രൂപീകരണം. ജോസഫ് ഗ്രൂപ്പ് ഇടതു പക്ഷത്തേയ്ക്ക്. പിജെയുമായി ഞാന്‍ അടുപ്പത്തിലായി. അതെ. രാഷ്ട്രീയം പഠിച്ചും പറഞ്ഞും കളിച്ചും വളര്‍ന്ന രാഷ്ട്രീയക്കാരോടൊപ്പമാണ് ഞങ്ങള്‍ പത്രപ്രവര്‍ത്തകരും പത്രക്കാരായി വളര്‍ന്നത്. കത്തുന്ന രാഷ്ട്രീയം പറയുകയും കടുത്ത തന്ത്രങ്ങള്‍ പ്രയോഗിക്കുകയും ചെയ്ത അന്നത്തെ നേതാക്കള്‍. റിയാസ് പറഞ്ഞതു ശരിതന്നെ. മന്ത്രിമാര്‍ മാത്രമല്ല, എല്ലാ നേതാക്കളും രാഷ്ട്രീയം പറയണം. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും.

Advertisment