അര നൂറ്റാണ്ടിലേറെക്കാലം കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയോജക മണ്ഡലത്തിന്‍റെ പ്രതിനിധിയായി കൂടുതല്‍ സമയവും തിരുവനന്തപുരത്തു കഴിച്ചു കൂട്ടിയ ഉമ്മന്‍ ചാണ്ടി ഇപ്പോഴിതാ, സ്വന്തം നാടായ പുതുപ്പള്ളിയില്‍ സ്വന്തം വീട് പണിയാന്‍ പോകുന്നു.
വീടു നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ടുപോലുമില്ലെങ്കിലും പേരിട്ടു കഴിഞ്ഞു. കരോട്ടു വള്ളക്കാലില്‍ വീട്. പുതുപ്പള്ളി കവലയില്‍ത്തന്നെയാണ് പുതിയ വീടുവയ്ക്കുന്നത്. കുടുംബ വീടിനടുത്ത്. കുടുംബ വകയായി ഇവിടെ ഒരേക്കര്‍ സ്ഥലം കിട്ടിയിട്ടുണ്ട് ഉമ്മന്‍ ചാണ്ടിക്ക്.
പാര്‍ട്ടിയിലെ തിരിച്ചടികള്‍ കാരണമാകുമോ ?
എന്താവും ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ വീട് വയ്ക്കാന്‍ കാരണമെന്തെന്ന് രാഷ്ട്രീയ വൃത്തങ്ങളില്‍ സംശയം ഉയര്‍ന്നുകഴിഞ്ഞു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നേരിട്ട തിരിച്ചടികള്‍ മൂലം ഉമ്മന്‍ ചാണ്ടി താമസം പുതുപ്പള്ളിയിലേയ്ക്കു മാറുകയാണെന്ന വാദത്തിനാണ് മുന്‍തൂക്കം.
ഒരു വിധത്തില്‍ പറഞ്ഞാല്‍ അതില്‍ ഏറെ ശരിയുണ്ട്. മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്തവണ്ണം ഉമ്മന്‍ ചാണ്ടി ഇന്നു കോണ്‍ഗ്രസിനുള്ളില്‍ തിരിച്ചടി നേരിടുകയാണ്.
നിര്‍ണായകമായ ഒരു ഘട്ടത്തിലൂടെയാണ് കേരളത്തില്‍ കോണ്‍ഗ്രസ് കടന്നുപോകുന്നതെങ്കിലും അദ്ദേഹത്തോട് ഹൈക്കമാന്‍റ് ഒരു കാര്യത്തിലും അഭിപ്രായം ചോദിക്കുന്നില്ല. പ്രതിപക്ഷ നേതാവായി വിഡി സതീശനെ ഹൈക്കമാന്‍റ് വിളിപ്പിച്ചത് ഉമ്മന്‍ ചാണ്ടിയോടും പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയോടും ആലോചിക്കാതെയായിരുന്നു.
പിന്നാലെ കെപിസിസി പ്രസിഡന്‍റിനെ നിയമിച്ചപ്പോഴും ആരും ഒന്നും ചോദിച്ചില്ല. ഉമ്മന്‍ ചാണ്ടി ആരോടും ഒന്നും പറഞ്ഞുമില്ല. പല നാളുകളിലെ ആശയക്കുഴപ്പത്തിനു ശേഷം പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് കെ സുധാകരന്‍റെ നിയമനം വന്നു. സുധാകരന്‍റെ ആരാധകരും അനുയായികളും തുള്ളിച്ചാടി. ഗ്രൂപ്പുകള്‍ക്കെതിരെ സുധാകരന്‍ ഉച്ചത്തില്‍ സംസാരിച്ചു. താനൊരു ഗ്രൂപ്പിന്‍റെയും ഭാഗമല്ലെന്നാവര്‍ത്തിച്ചു. ഉമ്മന്‍ ചാണ്ടി ഒന്നും മിണ്ടാതിരുന്നു.
അതാ പിന്നാലേ വരുന്നു മൂന്ന് വര്‍ക്കിങ്ങ് പ്രസിഡന്‍റുമാര്‍. കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ്, ടി സിദ്ദിഖ് എന്നിവര്‍. മൂവരും ആന്‍റണി പക്ഷക്കാര്‍. മുന്‍ ആന്‍റണി പക്ഷക്കാര്‍ എന്നു തന്നെ പറയണം. മൂന്നു പേര്‍ക്കും ഇന്ന് ആന്‍റണി വിഭാഗവുമായി അത്ര അടുപ്പമൊന്നുമില്ല. എല്ലാ ബന്ധങ്ങളും നേരത്തേ തന്നെ അറ്റു പോയിരുന്നുവെന്നു തന്നെ പറയാം ഈ മൂന്നു പേര്‍ക്കും.
ഗ്രൂപ്പിന്‍റെ തലതൊട്ടപ്പന്‍
ഉമ്മന്‍ ചാണ്ടി എക്കാലവും ആന്‍റണി ഗ്രൂപ്പിന്‍റെ തലതൊട്ടപ്പനും രക്ഷിതാവും സംരക്ഷകനുമൊക്കെയാണ്. ഗ്രൂപ്പ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അദ്ദേഹം കോണ്‍ഗ്രസിനുള്ളില്‍ പോരുകളേറെ പയറ്റിയിട്ടുണ്ട്. കരുണാകരനെതിരെ ഉമ്മന്‍ ചാണ്ടി നയിച്ച പോരാട്ടങ്ങളെത്ര ! ഒക്കെയും ഗ്രൂപ്പു താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രം.
പാറപോലെ ഉറച്ച ഒരു ഗ്രൂപ്പാണ് ആന്‍റണി ഗ്രൂപ്പ്. ആന്‍റണിയുടെ പേരില്‍ രൂപപ്പെട്ട ഗ്രൂപ്പ്. കോണ്‍ഗ്രസില്‍ ദശകങ്ങളായി ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പ്. എകെ ആന്‍റണിയുടെ വളര്‍ച്ചയിലെല്ലായ്പോഴും ഈ ഗ്രൂപ്പിന്‍റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു.
കോണ്‍ഗ്രസില്‍ കരുത്തരില്‍ കരുത്തനായ കെ കരുണാകരനെ 1995 -ല്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നിറക്കിയതും പകരം എകെ ആന്‍റണിയെ മുഖ്യമന്ത്രിയാക്കിയതും ഒരുദാഹരണം മാത്രം. വളരെ നിശബ്ദനായി ഇതിനുള്ള ചരടുകളൊക്കെയും വലിച്ചത് ഉമ്മന്‍ ചാണ്ടി.
അവസാനം 2004 -ല്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് എകെ ആന്‍റണി രാജിവച്ചപ്പോള്‍ പകരം അധികാരമേറ്റത് ഉമ്മന്‍ ചാണ്ടി. അതു ഗ്രൂപ്പിനുള്ളിലെതന്നെ അതിസമര്‍ഥമായ ഒരു കളി. അധികമാരും അറിഞ്ഞിട്ടില്ലാത്തൊരധ്യായം.
പുതുപ്പള്ളി ഹൌസില്‍ നിന്നും തിരിച്ചൊരു 'പാലായനം'
പോരാട്ടമൊക്കെ അവസാനിപ്പിച്ച് തിരുവനന്തപുരത്ത് ജഗതിയിലുള്ള 'പുതുപ്പള്ളി' വീട്ടില്‍ നിന്നു കോട്ടയത്തെ പുതുപ്പള്ളിയിലേയ്ക്ക് മടങ്ങാനൊരുങ്ങുകയാണോ ഉമ്മന്‍ ചാണ്ടി ? രാഷ്ട്രീയ നാടകങ്ങള്‍ എത്രയോ അരങ്ങേറിയ പുതുപ്പള്ളി വീട് ! എകെ ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും തമ്മില്‍ അറുപതുകളില്‍ തുടങ്ങിയ രാഷ്ട്രീയ സൗഹൃദങ്ങള്‍ക്ക് എണ്‍പതുകളില്‍ പുതിയൊരു മാനം നല്‍കിയത് പുതുപ്പള്ളി ഹൗസായിരുന്നു.
1970 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ട് നിയമസഭാംഗങ്ങളായി തിരുവനന്തപുരത്തെത്തിയത്. 1977 ല്‍ 36 -ാം വയസില്‍ ആന്‍റണി കേരളത്തിന്‍റെ യുവാവായ മുഖ്യമന്ത്രിയുമായി.
ചരിത്രമായ ആ വിവാഹത്തിനും കാര്‍മികത്വം വഹിച്ച വീട്
അന്നും അവിവാഹിതനായിരുന്നു അദ്ദേഹം. 1985 മാര്‍ച്ചില്‍ മാത്രമാണ് ആന്‍റണി വിവാഹിതനായത്. തിരുവനന്തപുരത്തുതന്നെ കാനറാ ബാങ്ക് ഉദ്യോഗസ്ഥയായ എലിസബത്തായിരുന്നു വധു. ആ കല്യാണം നടന്നതും പുതുപ്പള്ളി ഹൗസിലായിരുന്നു.
തികഞ്ഞ മതേതരവാദിയായ ആന്‍റണി കത്തോലിക്കാ സഭയുടെയും പുരോഹിതരുടെയും കാര്‍മികത്വം സ്വീകരിക്കാതെ നടത്തിയ വിവാഹം അന്ന് കേരള രാഷ്ട്രീയത്തില്‍ വലിയ വാര്‍ത്തയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മയായിരുന്നു വിവാഹം ആലോചിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ രജിസ്ട്രാറെത്തി വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഗ്രൂപ്പ് പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് സ്ഥാനമേല്‍ക്കും മുമ്പേ കെ സുധാകരന്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ സ്വന്തം പ്രസക്തി എന്തായിരിക്കുമെന്ന സംശയത്തിലാണോ ഉമ്മന്‍ ചാണ്ടി ? എന്തായാലും 1200 ചതുരശ്ര അടി മാത്രം വിസ്തൃതിയുള്ള വീടിന് പ്ലാന്‍ വരയ്ക്കാന്‍ ഏര്‍പ്പാടാക്കിയെന്ന് ഉമ്മന്‍ ചാണ്ടി തന്നെയാണറിയിച്ചത്.
വീട്ടുപേരും തീരുമാനിച്ചു കഴിഞ്ഞു. വീടു പണി തീര്‍ന്നാല്‍ ഉമ്മന്‍ ചാണ്ടി താമസം മാറുമോ ? അരനൂറ്റാണ്ടിലേറെക്കാലമായി കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒരു പ്രധാന കേന്ദ്രമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മനസില്‍ എന്താവും ? എന്തായാലും വീടുപണി തുടരട്ടെ.