അള്ളും മുള്ളും

ഒരു കാലത്ത് ആദിവാസികളുടെ രക്ഷകയായി അവതരിച്ച സികെ ജാനു ഇന്നെവിടെ ? മുത്തങ്ങയിലെ സമരവീര്യവും ജാനുവിന്‍റെ രാഷ്ട്രീയവും പൊരുത്തക്കേടുകളുടേത് ! ജാനുവിന്‍റെ കണക്കുകൂട്ടലുകളുടെ ബാക്കിപത്രം ഇനി എന്തായിരിക്കും ? – അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ്

ജേക്കബ് ജോര്‍ജ്
Wednesday, June 30, 2021

പ്രസിദ്ധമായ ‘മുത്തങ്ങാ’ ആദിവാസി സമരത്തിന്‍റെ നായിക സി.കെ ജാനു ഇന്നെവിടെ? ബിജെപിയുമായി കൂട്ടുചേര്‍ന്നു രാഷ്ട്രീയം പയറ്റാനിറങ്ങിയ ജാനുവിന്‍റെ പ്രതിഛായ ആകെ പൊയ്പോയിരിക്കുന്നു.

2003 ഫെബ്രുവരിയില്‍ പോലീസിന്‍റെ കനത്ത നടപടിയില്‍ മുഖവും കണ്ണും കലങ്ങിയ ജാനു എവിടെ, ബിജെപി നേതാവിനോട് ലക്ഷങ്ങളുടെ ആവശ്യമുന്നയിക്കുന്ന ജാനു എവിടെ? കാലം ഒരു നേതാവില്‍ വരുത്തിയ മാറ്റം അത്ഭുതം തന്നെ.

18 വര്‍ഷം മുമ്പാണ് ജാനുവിനെ ഞാന്‍ നേരില്‍ കണ്ടത്. ഗീതാനന്ദനോടൊപ്പം കണ്ടത് പോലീസ് കസ്റ്റഡിയില്‍. 2003 ഫെബ്രുവരി 21 -ാം തീയതിയാണത്. രണ്ടു പേരും ജീവഛവങ്ങളായിരുന്നു അപ്പോള്‍. ക്രൂരമായ മര്‍ദനത്തിന്‍റെ പാടുകളുണ്ട് മുഖത്ത്. കണ്ണുകള്‍ വീങ്ങിയിരുന്നു. ഒരിക്കലും മനസില്‍ നിന്നു മായാത്ത ചിത്രം.

വയനാട് ജില്ലയിലെ മുത്തങ്ങ വനപ്രദേശത്ത് 2003 ഫെബ്രുവരി 19 -ാം തീയതിയാണ് പോലീസ് വെടിവെയ്പ്പുണ്ടായത്. കുറച്ചു ദിവസമായി സ്ഥലത്തു നിലനിന്നിരുന്ന സംഘര്‍ഷത്തിന്‍റെ തുടര്‍ച്ച.

തലേന്ന് ആദിവാസികള്‍ തട്ടിക്കൊണ്ടുപോയ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ മരണപ്പെട്ടിരുന്നു. വിനോദ് എന്നു പേര്. കണ്ണൂര്‍ സ്വദേശി. പെട്ടെന്നുണ്ടായ പോലീസ് നടപടിക്കു കാരണം അതുതന്നെ.

ടിയര്‍ ഗ്യാസും ലാത്തിച്ചാര്‍ജുമൊക്കെ നടത്തിയിട്ടും പിരിഞ്ഞു പോകാത്തതിനെ തുടര്‍ന്നാണ് പോലീസ് വെടിവെയ്പ്പിലേയ്ക്കു നീങ്ങിയത്. മുത്തങ്ങാ സമരത്തിലൂടെ ആദിവാസി ഗോത്ര മഹാസഭ എന്ന സംഘടന ആദിവാസി മേഖലയില്‍ ഉദയം ചെയ്തു.

അതിന്‍റെ നേതാക്കളെന്ന നിലയ്ക്ക് എം. ഗീതാനന്ദനും സി.കെ ജാനുവും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചു. കടുത്ത പോലീസ് പിഡനം, ജയില്‍വാസം, പിന്നീടുണ്ടായ കഷ്ടപ്പാടുകള്‍ – സംഘടന വളര്‍ന്നോ ? അതോ തളര്‍ന്നോ ? അതിലേയ്ക്കു കടക്കും മുമ്പ് വെടിവെയ്പ്പ് നടന്ന ദിവസങ്ങളിലെ സംഭവങ്ങളെക്കുറിച്ച് ചില കാര്യം കൂടി.

മുത്തങ്ങയില്‍ വെടിവെയ്പ്പു നടന്ന ദിവസം ഞാന്‍ കോഴിക്കോട്ടുണ്ടായിരുന്നു. ഫോട്ടോഗ്രാഫര്‍ സി. ശങ്കറുമുണ്ട് കൂടെ. ‘ഇന്ത്യാ ടുഡേ’ ആയതുകൊണ്ട് കേരളം മുഴുവന്‍ ചുമതലയുണ്ട്.

തലേന്നു കാലത്തു കോഴിക്കോട്ടെത്തിയതാണ്. ഉച്ചയ്ക്ക് വാര്‍ത്തയിലാണ് മുത്തങ്ങയിലെ സംഘര്‍ഷ വിവരമറിഞ്ഞത്. കോഴിക്കോട്ടു നിന്നു പത്രക്കാരൊക്കെ അങ്ങോട്ടു പോയിട്ടുണ്ട്.

സംഘര്‍ഷം കനക്കുന്നതായിട്ടാണ് വൈകുന്നേരവും കിട്ടിയ വിവരം. മുത്തങ്ങയിലേയ്ക്കു പോകാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. വൈകുന്നേരത്തെ മടക്കയാത്രാ ടിക്കറ്റ് റദ്ദാക്കി.

ടാക്സി പിടിക്കാന്‍ നോക്കിയപ്പോഴാണ് ഗൗരവം മനസിലായത്. മുത്തങ്ങയിലേയ്ക്കു വരാന്‍ ആരും തയ്യാറില്ല. അവസാനം ഒരാള്‍ തയ്യാര്‍. തിരിച്ചപ്പോള്‍ വളരെ വൈകി. കല്‍പ്പറ്റയിലെത്തിയപ്പോള്‍ നല്ല തണുപ്പ്. പിന്നെയും പോകണം.

പാതിരാത്രിയോടെ മുത്തങ്ങയില്‍. ‘ഇന്ത്യാ ടുഡേ’ ചെന്നൈ ഓഫീസില്‍ എഡിറ്റര്‍ വി.എസ് ജോസഫിനോടാലോചിക്കുന്നുണ്ടായിരുന്നു. സ്റ്റോറി എത്രയും വേഗം തന്നാല്‍ കവര്‍ സ്റ്റോറിയാക്കാമെന്നു ജോസഫ്.

മുത്തങ്ങയില്‍ ചെന്നപ്പോഴാണ് അടുത്ത പ്രശ്നം. താമസസൗകര്യം തീരെ കുറവ്. കുറെ ലോഡ്ജുകളും ചെറിയ ഹോട്ടലുകളും മാത്രം. മുറിയൊന്നും പുറത്താര്‍ക്കും കൊടുക്കരുതെന്ന് പോലീസ് കല്‍പ്പിച്ചിട്ടുണ്ട്.

പലേടത്തും തപ്പി. അവസാനം ഒരിടത്തൊരു മുറി കിട്ടി. തല്‍ക്കാലം വിശ്രമം. കാലത്തെഴുന്നേറ്റ് സംഭവ സ്ഥലത്തെത്തിയപ്പോള്‍ പേടിപ്പിക്കുന്ന അന്തരീക്ഷം. എവിടെയും തോക്കും ഗ്രനേഡുമൊക്കെയായി പോലീസ്.

ചുറ്റും ഒരു യുദ്ധക്കളത്തിന്‍റെ പ്രതീതി. അപ്പുറത്ത് ഒരു പോലീസ് സംഘം തയ്യാറാവുന്നു. ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്‍ ഡിഐജി ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തിലാണ്. എല്ലാവരും ആയുധധാരികളാണ്. കാട്ടിലേയ്ക്ക് തിരിക്കാനുള്ള ഒരുക്കം.

ആദിവാസികള്‍ പിടിച്ചുകൊണ്ടു പോയവരാരെങ്കിലുമുണ്ടെങ്കില്‍ രക്ഷിക്കണം. പോലീസിനെ ആക്രമിച്ച ആദിവാസികളുണ്ടെങ്കില്‍ പിടിക്കണം. ഗീതാനന്ദനും ജാനുവുമൊക്കെ തലേന്നു തന്നെ ഉള്‍വനങ്ങളിലേയ്ക്കു കടന്നതാണ്. ഞാനും ശങ്കറും പോലീസിന്‍റെ പിന്നാലെ കൂടി. ചില പത്രക്കാരുമുണ്ട്.

കാടിനുള്ളിലൂടെ ദുര്‍ഘടം പിടിച്ച യാത്ര. കുന്നുകളും താഴ്വരകളും ഉള്‍വനങ്ങളുമൊക്കെ താണ്ടി മണിക്കൂറുകള്‍ നീണ്ട യാത്ര. വൈകുന്നേരത്തോടെ ഏതോ ഗ്രാമത്തിലെത്തി. ആ സംഘത്തിന് ആരെയും പിടികിട്ടിയില്ല. പക്ഷെ അന്നു തന്നെ ഗീതാനന്ദനും ജാനുവും പോലീസിന്‍റെ പിടിയിലായിരുന്നു.

പിറ്റേന്നാണ് ഗീതാനന്ദനെയും ജാനുവിനെയും പോലീസ് സ്റ്റേഷനില്‍ കണ്ടത്. രണ്ടു പേര്‍ക്കും കനത്ത മര്‍ദനമേറ്റിരുന്നു. സംസാരിക്കാന്‍ പോലും വയ്യാത്ത സ്ഥിതി. അല്‍പനേരമേ സംസാരിച്ചുള്ളു. ശങ്കര്‍ ഫോട്ടോകളേറെയെടുത്തു.

വീണ്ടും മുത്തങ്ങയിലേയ്ക്ക്. അവിടെ സര്‍ക്കാരാശുപത്രിയില്‍ പോലീസ് കോണ്‍സ്റ്റബിള്‍ വിനോദിന്‍റെ മൃതദേഹം കണ്ടു. ഒരുകാല്‍ ഒടിഞ്ഞ് തിരിഞ്ഞിരുന്നു. ഒരാദിവാസിയും കൊല്ലപ്പെട്ടിട്ടുണ്ട്.

ഗോത്ര മഹാസഭയില്‍ നിന്ന് ജാനു എപ്പോഴാണു പോയത് ? മാതൃഭൂമി ലേഖകന്‍ എം.പി സൂര്യദാസ് ഗീതാനന്ദനുമായി നടത്തിയ അഭിമുഖത്തിലെ ആദ്യ ചോദ്യം. ആദിവാസികളെ സംഘടിപ്പിക്കാനും രാഷ്ട്രീയ ശക്തിയാക്കാനും ശ്രമിച്ച കാര്യങ്ങളൊക്കെ ഗീതാനന്ദന്‍ വിവരിക്കുന്നുണ്ട്.

എല്ലാറ്റിനും ഗീതാനന്ദനോടൊപ്പം ജാനുവുമുണ്ടായിരുന്നു. ആദിവാസി-ദളിത് വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഭൂസമരങ്ങള്‍ മാത്രം നടത്തിയാല്‍ പോരാ, ജനാധിപത്യ രാഷ്ട്രീയത്തില്‍ പങ്കാളികളാവുകയാണു വേണ്ടതെന്ന ചിന്ത പാര്‍ട്ടിയില്‍ ശക്തമായി ഉയര്‍ന്ന കാര്യം ഗീതാനന്ദന്‍ പറയുന്നു.

2016 -ല്‍ ഇക്കാര്യം പാര്‍ട്ടി ചര്‍ച്ചചെയ്തു. പക്ഷെ ആ സമയത്ത് സി.കെ ജാനു ബിജിപിയുമായി ബന്ധമുണ്ടാക്കി. ചിലരൊക്കെ ഒപ്പം കൂടി.

ഗോത്ര മഹാസഭ ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. ജാനുവിന്‍റെ രാഷ്ട്രീയമാവട്ടെ പലവിധ ആക്ഷേപങ്ങളില്‍ പെട്ടുപോയിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ ജാനു വിജയിച്ചില്ല. ആദിവാസികളെയോ തങ്ങളുടെ സംഘടനയെയോ രക്ഷിക്കാന്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട രണ്ടു മുന്നണികളും തയ്യാറായില്ലെന്നും ഗീദാനന്ദന്‍ ചൂണ്ടിക്കാട്ടുന്നു.

ആദിവാസികള്‍ക്ക് ഇന്നും പ്രശ്നങ്ങളേറെയുണ്ട് നേരിടാന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പലവിധ പദ്ധതികള്‍ക്കായി കോടിക്കണക്കിനു രൂപാ ചെലവഴിക്കുന്നുണ്ടെങ്കിലും അതില്‍ നല്ലൊരു പങ്കും ഇടനിലക്കാര്‍ തട്ടെയെടുക്കുകയാണ്.

ബിജെപിയുമായി സഖ്യം കൂടാനുള്ള മോഹം സി.കെ ജാനുവിനെയും കുരുക്കിലാക്കി. ജാനു മിണ്ടുന്നേയില്ല. 2001 -ല്‍ എ.കെ ആന്‍റണി മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്‍റെ വീട്ടുപടിക്കല്‍ സത്യാഗ്രഹം നടത്തിയാണ് സി.കെ ജാനുവിന്‍റെ നേതൃത്വത്തില്‍ ആദിവാസി സമരം തുടങ്ങിയത്.

ആദിവാസികള്‍ക്കു സ്ഥലം നല്‍കണമെന്നാവശ്യപ്പെട്ടു തുടങ്ങിയ സമരം സംഘര്‍ഷത്തിലും വെടിവെയ്പ്പിലും കലാശിക്കുകയായിരുന്നു. എന്തായിരിക്കും സി.കെ ജാനു മനസില്‍ കണക്കുകൂട്ടുന്ന ബാക്കിപത്രം ? എന്താവും ആദിവാസികളുടെ രാഷ്ട്രീയ ഭാവി ?

×