Advertisment

മാതൃഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്നു നീങ്ങിയ വി രവീന്ദ്രനാഥ് 46 വര്‍ഷത്തെ അനുഭവ സമ്പത്തുമായി മാതൃഭൂമിയുടെ തലപ്പത്തേയ്ക്ക് എത്തുമ്പോള്‍ വീണ്ടും ചരിത്രം വഴിമാറുകയാണ്. മനോരമ ഒരിക്കലും പ്രയോഗിച്ചിട്ടില്ലാത്ത തലപ്പത്തെ മാറ്റങ്ങളില്‍ മാതൃഭൂമിയുടേത് അനുഭവ സമ്പത്തിന്‍റെ പരീക്ഷണം. മലയാള മാധ്യമ പ്രവര്‍ത്തനത്തിന്‍റെ അതിതീഷ്ണ നാളുകളിലൂടെ സഞ്ചരിച്ച രവീന്ദ്രനാഥ് മാതൃഭൂമി തലപ്പത്ത് ഇനി എങ്ങനെയായിരിക്കും - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു

author-image
ജേക്കബ് ജോര്‍ജ്
Updated On
New Update

publive-image

Advertisment

<വി. രവീന്ദ്രനാഥ് മാതൃഭൂമി പത്രാധിപരായി ചുമതലയേറ്റെടുത്തപ്പോള്‍. മാനേജിംങ്ങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍, മാനേജിംങ്ങ് എഡിറ്റര്‍ പി.വി ചന്ദ്രന്‍, ഡയറക്ടര്‍ നിധീഷ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ സമീപം>

ജേണലിസ്റ്റ് ട്രെയിനി ആയിട്ടായിരുന്നു തുടക്കം, 1975 -ല്‍ 'മാതൃഭൂമി' ദിനപ്പത്രത്തില്‍. സാക്ഷാല്‍ കെ.പി കേശവ മേനോന്‍ തിളങ്ങുന്ന പത്രാധിപരായിരിക്കെ. പത്രപ്രവര്‍ത്തനത്തില്‍ 46 വര്‍ഷം പിന്നിടുന്ന കണ്ണൂര്‍ സ്വദേശി വാണിക്കണ്ടിയില്‍ രവിന്ദ്രനാഥ് ഇപ്പോഴിതാ മാതൃഭൂമിയുടെ എഡിറ്റോറിയല്‍ വിഭാഗത്തിന്‍റെ തലപ്പത്ത്. കെപി കേശവമേനോന്‍ ഇരുന്ന സ്ഥാനത്ത്.

രവീന്ദ്രനാഥുമായി എനിക്കുള്ള ദീര്‍ഘകാല ബന്ധമാണ് ഈ കുറിപ്പെഴുതാന്‍ കാരണം. എന്‍റെ 'മാതൃഭൂമി' കാലത്തു തുടങ്ങിയ ബന്ധം തന്നെ. 1988 -ല്‍ തിരുവനന്തപുരം എഡിഷന്‍റെ ന്യൂസ് എഡിറ്ററായി അദ്ദേഹം വന്നതു മുതല്‍.

ശാന്തനും സൗമ്യനുമായ ന്യൂസ് എഡിറ്റര്‍. ഒച്ചപ്പാടും ബഹളവുമൊന്നുമില്ല. സാധാരണ ന്യൂസ് റൂമിലെ പിരിമുറുക്കവും സംഘര്‍ഷവുമൊന്നും മനസിലും മുഖത്തും കാണുകയുമില്ല. എപ്പോഴും മുഖത്ത് ഒരു നേരിയ മന്ദസ്മിതം ആശ്വാസമാവുകയും ചെയ്യും.

1980 -ലാണ് ഞാന്‍ പഠിത്തത്തിനു ശേഷം ടെസ്റ്റും അഭിമുഖവും കഴിഞ്ഞ് 'മാതൃഭൂമി'യില്‍ ട്രെയിനിയായി കയറിയത്. അന്ന് വി.പി രാമചന്ദ്രനായിരുന്നു എഡിറ്റര്‍. അതായത് പത്രാധിപര്‍. അറിയപ്പെടുന്നത് വി.പി.ആര്‍ എന്ന പേരിലാണ്.

ഞാന്‍ കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ എം.ജെ നാലാം സെമസ്റ്റര്‍ ക്ലാസില്‍ പഠിക്കുമ്പോഴാണ് 'മാതൃഭൂമി' ജേണലിസ്റ്റ് ട്രെയിനികളെ ക്ഷണിച്ചത്. ഞാനും അപേക്ഷിച്ചു. കൊച്ചി മാതൃഭൂമി ഓഫീസിലായിരുന്നു എഴുത്തു പരീക്ഷ. ടെസ്റ്റ് പാസായപ്പോള്‍ അഭിമുഖത്തിനു വിളിച്ചു. അത് കോഴിക്കോടു മാതൃഭൂമി ഓഫീസിലാണ്.

വി.പി.ആര്‍ ആണ് ഇന്‍റര്‍വ്യൂ ബോര്‍ഡിന്‍റെ അധ്യക്ഷന്‍. മാതൃഭൂമി എഡിറ്റോറിയലിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരും. കുറെ ദിവസം കഴിഞ്ഞപ്പോള്‍ മാതൃഭൂമിയില്‍ ട്രെയ്നിയായി തെരഞ്ഞെടുത്തുകൊണ്ടുള്ള കത്തുകിട്ടി. താഴെ മാതൃഭൂമി മാനേജിങ്ങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറിന്‍റെ നീണ്ട കൈയൊപ്പ്.

പിന്നീടറിഞ്ഞു ആ ബാച്ചില്‍ എന്നെ മാത്രമെ തെരഞ്ഞെടുത്തിട്ടുള്ളുവെന്ന്. കേരള സര്‍വകലാശാല തുടങ്ങിയ ജേണലിസം കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെണ്ടിന്‍റെ എം.ജെ ഡിഗ്രിയുടെ ബലമെന്നു ഞാനോര്‍ത്തു. മാസ്റ്റേഴ്സ് ഇന്‍ ജേണലിസം ആന്‍റ് മാസ് കമ്മ്യൂണിക്കേഷന്‍. പിന്നീടത് എം.സി.ജെ ആയി.

വി.പി.ആര്‍ തന്നെയായിരുന്നു കാരണക്കാരന്‍. ഒരു പ്രൊഫഷണല്‍ എഡിറ്ററായി 'മാതൃഭൂമി'യില്‍ അദ്ദേഹം വന്നിട്ട് അധിക നാളായിരുന്നില്ല. പത്രപ്രവര്‍ത്തനത്തില്‍ എന്‍റെ എം.ജെ ബിരുദവും അദ്ദേഹത്തെ ആകര്‍ഷിച്ചിരിക്കാം.

ദല്‍ഹിയില്‍ യു.എന്‍.ഐയുടെ തലപ്പത്തിരിക്കെയാണ് അദ്ദേഹത്തെ 'മാതൃഭൂമി' പത്രാധിപ സ്ഥാനത്തേയ്ക്കു ക്ഷണിച്ചു കൊണ്ടുവന്നത്. 'മാതൃഭൂമി' ദിനപ്പത്രത്തെ ആധുനിക കെട്ടും മട്ടുമൊക്കെയാക്കി മാറ്റിയത് വി.പി.ആര്‍ ആണ്.

പിന്നീട് എം.ഡി. നാലപ്പാടിന്‍റെ കാലം. എന്നെപ്പോലെയുള്ള ചെറുപ്പക്കാരെ അഴിച്ചുവിട്ട് കേരളത്തിലെ പത്രപ്രവര്‍ത്തന രീതികളില്‍ത്തന്നെ വലിയൊരു മാറ്റം വരുത്തി അദ്ദേഹം. അക്രമണോത്സുകമായ ഒരു റിപ്പോര്‍ട്ടിങ്ങ് ശൈലി അദ്ദേഹം കൊണ്ടുവന്നു. 1980 -ല്‍ തുടങ്ങിയ തിരുവനന്തപുരം എഡിഷന്‍ അതിവേഗം വളര്‍ന്നത് നാലപ്പാടിന്‍റെ കാലത്തായിരുന്നു. തിരുവനന്തപുരത്തുകാരുടെ പത്രം 'മാതൃഭൂമി'യായി മാറുകയും ചെയ്തു.

എങ്കിലും തിരുവനന്തപുരം എഡിഷന്‍റെ ജീവന്‍ ആദ്യകാലത്തെ ന്യൂസ് എഡിറ്റര്‍ തന്നെയായിരുന്നു - ടി. വേണുഗോപാല്‍. ഡെസ്കില്‍ കുത്തിയിരുന്ന് രാപ്പകല്‍ അധ്വാനിക്കുന്ന യന്ത്രം പോലൊരു മനുഷ്യന്‍. ചിത്രങ്ങളും വാര്‍ത്തകളും കൊണ്ട് എല്ലാ ദിവസവും പത്രത്തിന്‍റെ ഒന്നാം പേജ് സംഭവബഹുലമാക്കും വേണുവേട്ടന്‍.

1983 ല്‍ കപില്‍ദേവിന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയ ദിവസം ഒരുദാഹരണമായി പറയാം. രാത്രിയാണു കളി. ആവേശകരമായി മുന്നേറുന്നതു കണ്ടപ്പോള്‍ വേണുവേട്ടനു ഹരം പിടിച്ചു. ടെലിവിഷന്‍ യുഗം ദൂരദര്‍ശനിലൂടെ തുടങ്ങുന്ന കാലം. അതും ബ്ലായ്ക്ക് ആന്‍റ് വൈറ്റില്‍.

ടെലിവിഷനു മുമ്പിലിരുന്ന് വേണുവേട്ടന്‍ ആവേശത്തോടെ എഴുത്തു തുടങ്ങി. അവസാന എഡിഷന്‍റെ അച്ചടി തുടങ്ങാനുള്ള സമയം കഴിഞ്ഞു. ഓരോ ഷീറ്റ് എഴുതിതീരുമ്പോഴേയ്ക്ക് ഞങ്ങളിലൊരാള്‍ അതുവാങ്ങി കമ്പോസിങ്ങിലേയ്ക്കോടും. ഓഫ്സെറ്റ് പ്രസിലാണ് അച്ചടിയെങ്കിലും കമ്പോസിങ്ങ് പ്രാകൃത നിലയില്‍ത്തന്നെ. കൈകൊണ്ട് അക്ഷരങ്ങള്‍ അച്ചില്‍ നിരത്തുന്ന രീതി.

സര്‍ക്കുലേഷന്‍ ഉദ്യോഗസ്ഥര്‍ ആശങ്കയിലായി. വിതരണം മുടങ്ങും. വേണുവേട്ടന് ഒരു കുലുക്കവുമില്ല. അവസാനം ലോകകപ്പ് കപിലും കൂട്ടരും കൈയിലെടുക്കുന്നതിന്‍റെ ചിത്രത്തോടെ സംഭവബഹുലമായ ഒന്നാം പേജുമായാണ് കാലത്ത് തിരുവനന്തപുരത്തുകാര്‍ 'മാതൃഭൂമി' കണ്ടത്.

വേണുവേട്ടന്‍റെ ഒന്നാം പേജ് സര്‍ക്കസുകള്‍ ഏറെ കണ്ടാണ് ഞങ്ങള്‍, ടി.എന്‍. ഗോപകുമാര്‍, എം.ജി. രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം, ടി. ശശിമോഹന്‍, എം. ഹരികുമാര്‍, ജ്യോതിര്‍ഘോഷ് എന്നിങ്ങനെയുള്ള യുവനിര വളര്‍ന്നുവന്നത്.

അതേസമയം കടുപ്പക്കാരനായ ഒരു ഹൈഡ്മാസ്റ്ററെപ്പോലെയുമായിരുന്നു അദ്ദേഹം. ചെറിയ തെറ്റുപോലും സഹിക്കാത്ത പ്രകൃതം. രാവിലെ തെറ്റുകളൊക്കെ നോക്കിവച്ചിട്ടാവും വരുന്നത്. ഓരോരുത്തരെയും മുമ്പില്‍ വിളിച്ചുവരുത്തി ക്രൂരമായി ശാസിക്കും. പിന്നെ പാതിരാവരെ മക്കളെപ്പോലെ കൊണ്ടുനടക്കുകയും ചെയ്യും.

വേണുവേട്ടന്‍റെ സ്ഥാനത്തേയ്ക്ക് 1988 ലാണ് രവീന്ദ്രനാഥ് ന്യൂസ് എ‍ഡിറ്ററായി എത്തിയത്. കോഴിക്കോട്ടു നിന്നുതന്നെയുള്ളയാളായതു കൊണ്ട് ശൈലിയും പ്രവര്‍ത്തന രീതിയുമെല്ലാം വേണുവേട്ടന്‍റേതു തന്നെ. അതുകൊണ്ട് പെട്ടെന്നു ഞങ്ങളുടെയെല്ലാം പ്രിയങ്കരനായി മാറി അദ്ദേഹം. ഞങ്ങള്‍ അദ്ദേഹത്തെ രവിയേട്ടന്‍ എന്നു വിളിച്ചു. രവിയേട്ടന്‍ ഇന്നിപ്പോള്‍ 'മാതൃഭൂമി' പത്രാധിപരുടെ ചുമതലയില്‍.

'മാതൃഭൂമി'യില്‍ നിന്നുതന്നെ പത്രാധിപരായി വളര്‍ന്ന ഒരാള്‍ കെ.കെ ശ്രീധരന്‍ നായരാണ്. അഞ്ചു വര്‍ഷത്തിലേറെക്കാലം 'മാതൃഭൂമി' പ്രസിദ്ധീകരണങ്ങളുടെയെല്ലാം അധിപനായിരുന്നു അദ്ദേഹം. വി.കെ മാധവന്‍കുട്ടിയും 'മാതൃഭൂമി'യില്‍നിന്നു തന്നെ പത്രാധിപരായി. കെ. ഗോപാലകൃഷ്ണന്‍, എം. കേശവമേനോന്‍, പി.ഐ രാജീവ്, ഏറ്റവുമൊടുവില്‍ മനോജ് കെ. ദാസ് എന്നിവര്‍ പുറത്തുനിന്ന് വന്ന് 'മാതൃഭൂമി' പത്രാധിപരായവരാണ്. പത്രപ്രവര്‍ത്തന രംഗത്ത് ഉയര്‍ന്ന നിലയിലെത്തിയവര്‍.

'മലയാള മനോരമ' ഒരിക്കലും പുറത്തുനിന്ന് ആരെയും പത്രാധിപരാക്കിയിട്ടില്ല. ദീര്‍ഘകാലം കെ.എം. മാത്യു തന്നെയായിരുന്നു മനോരമയുടെ ചീഫ് എഡിറ്റര്‍. അദ്ദേഹത്തിനു ശേഷം മകന്‍ മാമ്മന്‍ മാത്യുവും.

പക്ഷെ നീണ്ട ഒരു കാലഘട്ടം മനോരമയുടെ നടത്തിപ്പിന്‍റെ നേതൃത്വം പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ ശങ്കരമംഗലത്തെ തോമസ് ജേക്കബിന്‍റെ കൈകളിലായിരുന്നു. താഴേതട്ടില്‍ പത്രപ്രവര്‍ത്തകനായി തുടങ്ങിയ അദ്ദേഹം പത്രപ്രവര്‍ത്തനത്തിലെ അതി നൂതന പ്രവണതകളൊക്കെയും 'മനോരമ'യില്‍ വളരെ വിജയകരമായി നടപ്പാക്കി.

'മനോരമ'യിലെയും 'മാതൃഭൂമി'യിലെയും മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ തന്നെയാണ് പത്രപ്രവര്‍ത്തകര്‍ക്ക് ആധുനിക പരിശീലനം നല്‍കുന്നതിനു വേണ്ടി പ്രസ് അക്കാദമി (ഇപ്പോള്‍ മീഡിയാ അക്കാദമി) തുടങ്ങിയത്.

മനോരമയുടെ എഡിറ്റോറിയല്‍ ഡയറക്ടറെന്ന നിലയ്ക്ക് പത്രത്തിന്‍റെ ആധുനികവല്‍ക്കരണത്തിന് വലിയ സംഭാവനകള്‍ ചെയ്തിട്ടുള്ള അദ്ദേഹം 2017 -ലാണ് സര്‍വീസില്‍ നിന്നു പിരിഞ്ഞത്. 56 വര്‍ഷത്തെ സേവനത്തിനു ശേഷം.

പത്രപ്രവര്‍ത്തനത്തില്‍ 46 വര്‍ഷം പൂര്‍ത്തിയാക്കി രവീന്ദ്രനാഥ് ഇപ്പോള്‍ 'മാതൃഭൂമി'യുടെ തലപ്പത്തേയ്ക്കും... എല്ലാ ഭാവുകങ്ങളും.

allum mullum
Advertisment