Advertisment

പിണറായി-കോടിയേരി കൂട്ടുകെട്ടുപോലെയെന്നു പറയാവുന്ന ഒരു കൂട്ടുകെട്ടാണ് കോണ്‍ഗ്രസിലെ എ.കെ. ആന്‍റണി-ഉമ്മന്‍ ചാണ്ടി കൂട്ടുകെട്ട്‌; അവര്‍ ഒന്നിച്ചുനിന്ന് കരുണാകരനെ എതിര്‍ത്തു, ഒടുവില്‍ മറിച്ചിട്ടു; പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഒറ്റകൈ ആയി നില്‍ക്കുന്നത് ഭരണ തുടര്‍ച്ചയ്ക്കു വഴിയൊരുക്കി; കോടിയേരിയുടെ തിരിച്ചുവരവില്‍ ഒരു വലിയ രാഷ്ട്രീയമുണ്ട്, കോണ്‍ഗ്രസുകാര്‍ പഠിക്കേണ്ട വലിയ പാഠങ്ങളും ഇതിലുണ്ട്-അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും. ഒരാള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്‍റെ മുഖ്യമന്ത്രി, മറ്റേയാള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി. അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം ചുമതലയില്‍ നിന്നും മാറി നിന്നിരുന്ന കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേയ്ക്കു മടങ്ങിവന്നതിനേപ്പറ്റി 'മാതൃഭൂമി ന്യൂസ് ' വെള്ളിയാഴ്ച (ഡിസംബര്‍ 3, 2021) രാത്രി എട്ടു മണിക്കു നടത്തിയ 'സൂപ്പര്‍ പ്രൈം ടൈം' ചര്‍ച്ച മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിലുള്ള ബന്ധത്തിലേയ്ക്ക് കടന്നു ചെല്ലുന്നതായിരുന്നു. സൂഷ്മമായ നിരീക്ഷണത്തിലൂടെ എന്‍.എം പിയേഴ്സണ്‍ ഈ ബന്ധത്തിന് ജനാധിപത്യപരമായൊരു കാഴ്ചപ്പാട് അവതരിപ്പിച്ചു.

'വീക്ഷണം' ദിനപത്രത്തിന്‍റെ മുന്‍ റസിഡന്‍റ് എഡിറ്റര്‍ എന്‍. ശ്രീകുമാറാണ് പിണറായിക്ക് ഒരു മേലധികാരിയുടെ പ്രതിഛായ ചാര്‍ത്തിക്കൊടുത്തത്. മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് ഒരു ഔദ്യോഗിക ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരോട് 'കടക്കൂ പൂറത്ത് ' എന്ന് ആക്രോശിച്ച പിണറായിയുടെ രൗദ്ര മുഖവും തൊട്ടടുത്ത് ഓഛാനിച്ചുനിന്ന കോടിയേരിയുടെയും മുഖഭാവവും വിവരിക്കുകയും ചെയ്തു ശ്രീകുമാര്‍.

ശ്രീകുമാര്‍ ഉന്നയിച്ച പ്രധാന ആക്ഷേപം തിരുവല്ലയ്ക്കടുത്ത് പെരിങ്ങര സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിനെ ബി.ജെ.പിക്കാര്‍ കൊലപ്പെടുത്തിയിട്ട് പാര്‍ട്ടിയുടെ നിലപാടല്ല മുഖ്യമന്ത്രി സ്വീകരിച്ചതെന്നായിരുന്നു. കൊലപാതകത്തിനു പിന്നില്‍ ബി.ജെ.പി - ആര്‍.എസ്.എസ് സംഘമാണെന്ന് ഉറപ്പിച്ചു പറയാന്‍ കോടിയേരി തയ്യാറായപ്പോള്‍ പിണറായി അതിനു ശ്രമിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയ ശ്രീകുമാര്‍ മുഖ്യമന്ത്രി പാര്‍ട്ടിക്കും പാര്‍ട്ടി സെക്രട്ടറിക്കും അതീതനാണെന്നു പറഞ്ഞുവെയ്ക്കുകയായിരുന്നു.

സര്‍ക്കാരും സംഘടനയും വേറേ വേറെയാണെന്നു പറഞ്ഞ് പിയേഴ്സണ്‍ എതിര്‍ത്തു. "മുഖ്യമന്ത്രി കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും മുഖ്യമന്ത്രിയാണ്. പാര്‍ട്ടി സെക്രട്ടറി സംഘടനയുടെ നേതാവാണ്. ഈ വ്യത്യാസം ഇവരുടെ സംസാരത്തിലും ഇടപെടലിലും ഉണ്ടാവണം. പിണറായി സംസാരിച്ചത് ഒരു മുഖ്യമന്ത്രിയെന്ന നിലയ്ക്കാണ്", പിയേഴ്സണ്‍ വിശദീകരിച്ചു.

വെള്ളിയാഴ്ചത്തെ പതിവ് സെക്രട്ടേറിയറ്റ് യോഗത്തിലാണ് സി.പി.എം നേതൃത്വം കോടിയേരി ബാലകൃഷ്ണനെ വിണ്ടും പാര്‍ട്ടി സെക്രട്ടറിയായി നിയോഗിച്ചത്. ഉച്ചയോടെ 'മാതൃഭൂമി'യിലെ ഹാഷിമിന്‍റെ ഫോണ്‍. വൈകിട്ടത്തെ ചര്‍ച്ചയ്ക്കുള്ള ക്ഷണമാണ്. സന്ദീപിന്‍റെ കൊലപാതകം സംസ്ഥാനത്തൊട്ടാകെ സി.പി.എം പ്രവര്‍ത്തകരെയും നേതാക്കളെയും മുറിവേല്‍പ്പിച്ച ദിവസം. ചില പ്രമുഖ ചാനലുകളില്‍ അതുതന്നെയായിരുന്നു ചര്‍ച്ചാ വിഷയം.

'മാതൃഭൂമി'യില്‍ ഇതേച്ചൊല്ലി പ്രതിഷേധിച്ചുകൊണ്ടായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത ലാല്‍കുമാറിന്‍റെ തുടക്കം. സി.പി.എമ്മിന്‍റെ ഒരു യുവ നേതാവിനെ ആര്‍.എസ്.എസുകാര്‍ അരുംകൊല ചെയ്ത ദിവസം അതു ചര്‍ച്ചയെക്കെടുക്കാതിരുന്നത് ഒട്ടും ഭംഗിയായില്ലെന്നുതന്നെ ലാല്‍കുമാര്‍ അരിശത്തോടെ പറഞ്ഞു. മുഖ്യമന്ത്രിയുടെ 'കടക്കൂ പുറത്ത് ' പ്രയോഗവും അദ്ദേഹത്തിനിഷ്ടപ്പെട്ടില്ല. "മുഖ്യമന്ത്രി പങ്കെടുത്ത ആ ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു ക്ഷണമുണ്ടായിരുന്നില്ല. മാധ്യമ പ്രവര്‍ത്തകര്‍ അറിയേണ്ടാത്ത ചടങ്ങുകളില്‍ അവര്‍ കടക്കേണ്ടതില്ല", ലാല്‍കുമാര്‍ അഭിപ്രായപ്പെട്ടു.

പക്ഷെ ഹാഷിം പ്രതികരണവുമായി ഇടപെട്ടു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് എങ്ങനെ സ്വകാര്യ ചടങ്ങാവുമെന്നായിരുന്നു ഹാഷിമിന്‍റെ ചോദ്യം. പ്രതികരിക്കാന്‍ എന്നെ ക്ഷണിക്കുകയും ചെയ്തു ഹാഷിം.

ക്ഷണിക്കപ്പെടാതെ മാധ്യമപ്രവര്‍ത്തകര്‍. എങ്ങും പോകരുതെന്ന ലാല്‍കുമാറിന്‍റെ അഭിപ്രായത്തോടു യോജിക്കാന്‍ എനിക്കായില്ല. ദീര്‍ഘകാലം കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രവര്‍ത്തകനും ഭാരവാഹിയുമൊക്കെയായിരുന്നിട്ടുള്ള എനിക്ക് ലാല്‍കുമാറിനെ എതിര്‍ക്കാതെ തരമില്ലായിരുന്നു.

മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ചുവരുത്തി കൊടുക്കേണ്ട ഒന്നല്ല വാര്‍ത്ത എന്ന കാര്യം ലാല്‍കുമാറിനറിയില്ലായിരിക്കാം. വാര്‍ത്ത കിട്ടാന്‍ മോഷണം നടത്തിയാലും കുഴപ്പമില്ലെന്നായി ഞാന്‍. "വാര്‍ത്ത വേണമെങ്കില്‍ മോഷ്ടിച്ചും കൈക്കലാക്കാം. പത്രപ്രവര്‍ത്തകനെന്ന നിലയ്ക്ക് ഞാന്‍ എത്രയോ തവണ വാര്‍ത്ത മോഷ്ടിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റില്‍ നിന്നു ചോര്‍ത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ രഹസ്യമായി വിവരങ്ങള്‍ തന്നിട്ടുണ്ട്. ഇവിടെയൊന്നും ക്ഷണം എന്ന വാക്കിനു പ്രസക്തിയില്ല", ഞാന്‍ വിശദീകരിച്ചു.

ഹാഷിം കോടിയേരി വിഷയം ചര്‍ച്ചയ്ക്കെടുത്തതിനെ ഞാന്‍ ന്യായീകരിച്ചു. തിരുവല്ലയില്‍ സി.പി.എം യുവ നേതാവു കൊല്ലപ്പെട്ടതില്‍ ലാല്‍കുമാര്‍ അനുഭവിക്കുന്ന വേദന ഉള്‍ക്കൊണ്ടു തന്നെ.

ഇന്നത്തെ ദിവസം കൊടിയേരിയുടേതാണെന്ന് ഞാന്‍ വ്യക്തമായി പറഞ്ഞു. അതിനു കാരണങ്ങളും നിരത്തി. "അസുഖം കടുത്തപ്പോഴാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്നും വിട്ടുനിന്നത്. അപ്പോഴും നിര്‍ണായക തീരുമാനങ്ങളെടുക്കുമ്പോള്‍ നേതൃത്വത്തില്‍ കോടിയേരിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണയം തൊട്ടുള്ള കാര്യങ്ങളില്‍ കോടിയേരി ശക്തമായി ഇടപെട്ടിരുന്നു. രണ്ടിലും പാര്‍ട്ടി വലിയ നേട്ടം നേടി. സംസ്ഥാനത്ത് പാര്‍ട്ടിക്കു ഭരണത്തുടര്‍ച്ച സമ്മാനിച്ച നേതാവാണു കോടിയേരിയെന്നോര്‍ക്കണം", ഞാന്‍ പറഞ്ഞുവച്ചു.

എന്‍റെ 'മാതൃഭൂമി'ക്കാലവും ഞാന്‍ വിവരിച്ചു. എണ്‍പതുകളില്‍ ടി. വേണുഗോപാലന്‍ ആയിരുന്നു തിരുവനന്തപുരത്ത് ഞങ്ങളുടെ ന്യൂസ് എഡിറ്റര്‍. സംഭവങ്ങളും വാര്‍ത്തകളും പത്രത്താളുകളില്‍ വലിയ ഉത്സവമാക്കിയിരുന്ന വലിയ പത്രപ്രവര്‍ത്തകനായിരുന്നു ഞങ്ങളുടെ വേണുവേട്ടന്‍. ടി.എന്‍ ഗോപകുമാര്‍, എം.ജി രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം, ജ്യോതിര്‍ഘോഷ്, ടി. ശശിമോഹന്‍ എന്നിങ്ങനെ ഒരു പ്രമുഖ യുവ നിരയെ പരിശീലിപ്പിച്ചു വളര്‍ത്തിയെടുത്ത വലിയ ഗുരു.

അന്ന് വേണുവേട്ടന്‍റെ രീതിയിലും ഞാന്‍ വിവരിച്ചു. "സി.ഐ.ടി.യുവിന്‍റെ ഒരു വലിയ സമ്മേളനമാണെങ്കില്‍ 'മാതൃഭൂമി'യുടെ ഒന്നാം പേജില്‍ ചുവപ്പിന്‍റെ പ്രളയമാകും. ഒരു ചുവപ്പന്‍ പത്രം. ബി.ജെ.പിയുടെ ഒരു മഹാ സംഭവമാണെങ്കില്‍ ഇന്നൊരു കാവിപ്പത്രമാകട്ടെ എന്നു പറഞ്ഞ് വേണുവേട്ടന്‍ ഉഷാറാകും. ഇന്നു കോടിയേരിയുടെ തിരിച്ചുവരവിന്‍റെ ദിവസമാണ്. ഹാഷിം അതൊരാഘാഷമാക്കിയെന്നു മാത്രം", ഞാന്‍ അഭിപ്രായപ്പെട്ടു.

എങ്കിലും ശ്രീകുമാറിന് സങ്കടം. കോടിയേരി പിണറായിക്ക് അടിപ്പെട്ടുതന്നെ കഴിയുന്നതില്‍. പിണറായി-കോടിയേരി കൂട്ടുകെട്ട് ഒരു വിന്നിങ്ങ് കോംബിനേഷനാണെന്ന് എന്‍റെ അഭിപ്രായം. പിയേഴ്സണും ഇതേ അഭിപ്രായമാണു ചൂണ്ടിക്കാട്ടിയത്.

കോണ്‍ഗ്രസിലെ കാര്യവും ഞാന്‍ വിശദീകരിച്ചു. "കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എ.കെ. ആന്‍റണി ഒരിക്കല്‍പോലും സ്വൈര്യം കൊടുത്തിട്ടില്ലെന്ന കാര്യം ഞാന്‍ ചൂണ്ടിക്കാട്ടി. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ വി.എം. സുധീരനെ കെ.പി.സി.സി അധ്യക്ഷനായി ഹൈക്കമാന്‍റ് നിയമിച്ചു. സുധിരനും പ്രതിപക്ഷ നേതാവിനെപ്പോലെയാണ് നീങ്ങിയത്. സര്‍ക്കാര്‍ തകരുകയും ചെയ്തു. 1960 -ലെ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ കാലത്തും ഇതുപോലെ പ്രശ്നങ്ങളുണ്ടായി. ഗവണ്‍മെന്‍റ് തകരുകയും ചെയ്തു," ഞാന്‍ വിശദീകരിച്ചു.

പിണറായി-കോടിയേരി കൂട്ടുകെട്ടുപോലെയെന്നു പറയാവുന്ന ഒരു കൂട്ടുകെട്ടാണ് കോണ്‍ഗ്രസിലെ എ.കെ. ആന്‍റണി-ഉമ്മന്‍ ചാണ്ടി കൂട്ടുകെട്ടെന്നു ഞാന്‍ ചൂണ്ടിക്കാട്ടി. രണ്ടുപേരും ആന്‍റണി പക്ഷത്തായിരുന്നു. അവര്‍ ഒന്നിച്ചുനിന്ന് കരുണാകരനെ എതിര്‍ത്തു. ഒടുവില്‍ മറിച്ചിട്ടു.

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഒറ്റകൈ ആയി നില്‍ക്കുന്നത് ഭരണ തുടര്‍ച്ചയ്ക്കു വഴിയൊരുക്കി. കോടിയേരിയുടെ തിരിച്ചുവരവില്‍ ഒരു വലിയ രാഷ്ട്രീയമുണ്ട്. കോണ്‍ഗ്രസുകാര്‍ പഠിക്കേണ്ട വലിയ പാഠങ്ങളും ഇതിലുണ്ട്.

Advertisment