പൊളിറ്റിക്‌സ്

പഞ്ചാബിൽ ക്യാപ്റ്റൻ അമരീന്ദർ സിങ് മുഖ്യമന്ത്രി കസേരയിൽ നിന്നും പുറത്തേക്ക് ! പി സി സി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ധു മുഖ്യമന്ത്രിയാകുമെന്ന് സൂചന. കോൺഗ്രസിൻ്റെ നിർണായക പാർലമെൻ്ററി പാർട്ടി യോഗം ഇന്ന്. സിദ്ധുവിന് വേണ്ടി ഭൂരിഭാഗം എംഎൽഎമാരും മന്ത്രിമാരും. തൻ്റെ ഭാഗത്തെ എംഎൽഎമാരെ ഇറക്കി കരുത്തു തെളിയിക്കാൻ ക്യാപ്റ്റനും ! തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ പഞ്ചാബ് കോൺഗ്രസിൽ ഇനിയും തർക്കം രൂക്ഷം !

പൊളിറ്റിക്കല്‍ ഡസ്ക്
Saturday, September 18, 2021

ഡൽഹി: ആഭ്യന്തര കലാപം രൂക്ഷമായ പഞ്ചാബ് കോൺഗ്രസിൽ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പുറത്തേക്ക്. അമരീന്ദറിനെ മാറ്റണമെന്ന് ആവശ്യമുയർന്ന പശ്ചാത്തലത്തിൽ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗം ഇന്നു ചേരും. യോഗം പുതിയ ലീഡറെ തെരഞ്ഞെടുക്കുമെന്നാണ് സൂചന. ഭൂരിഭാഗം എംഎൽഎമാരും പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ധുവിനൊപ്പമാണെന്നാണ് സൂചന.

ഇന്നു വൈകുന്നേരം 5 മണിക്കാണ് എംഎൽഎമാരുടെ യോഗം ചേരുക. പഞ്ചാബിൻ്റെ ചുമതലയുള്ള എഐസിസി പ്രതിനിധി ഹരീഷ് റാവത്തിൻ്റെ സാന്നിധ്യത്തിലാണ് യോഗം നടക്കുന്നത്. കഴിഞ്ഞ ദിവസം 40 എംഎൽഎമാർ യോഗം ചേർന്ന് ക്യാപ്റ്റനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

ഇതിനു പിന്നാലെ മന്ത്രിമാരും വിമത സ്വരം ഉയർത്തിയിരുന്നു. ഇതോടെയാണ് അടിയന്തരമായി സിഎൽപി യോഗം ചേരാൻ തീരുമാനിച്ചത്. ഇന്നത്തെ യോഗത്തിൽ പുതിയ പാർലമെൻ്ററി പാർട്ടി ലീഡറെ തെരഞ്ഞെടുക്കുന്ന സാഹചര്യമുണ്ടായാൽ നവജ്യോത് സിങ് സിദ്ധുവിനാകും സാധ്യത. സിദ്ധുവിനെ മുഖ്യമന്ത്രിയാക്കുന്നതിൽ ഹൈക്കമാൻഡിനും എതിർപ്പില്ല. ഇക്കാര്യത്തിൽ ക്യാപ്റ്റൻ എടുക്കുന്ന നിലപാടും നിർണായകമാണ്.

ക്യാപ്റ്റനും തനിക്കൊപ്പമുള്ള എംഎൽഎമാരെ ഇറക്കി ശക്തിപ്രകടനത്തിനുള്ള ശ്രമത്തിലാണ്. അതിനിടെ ഇപ്പോഴത്തെ തർക്കം തുടരുന്നത് പാർട്ടിക്ക് ഗുണമല്ലന്നു തന്നെയാണ് പ്രവർത്തക പക്ഷം. അടുത്ത ഫെബ്രുവരിയിലാണ് പഞ്ചാബ് തെരഞ്ഞെടുപ്പ്.

×