Advertisment

സുശാന്തിനെ കൊന്നതാണ്: ഞെട്ടിക്കുന്ന പ്രസ്താവനയുമായി ആമിര്‍ ഖാന്റെ സഹോദരന്‍

author-image
ഫിലിം ഡസ്ക്
Sep 17, 2022 04:32 IST
New Update

publive-image

Advertisment

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം കൊലപാതകമാണെന്ന് ആമിര്‍ ഖാന്റെ സഹോദരന്‍ ഫൈസല്‍ ഖാന്‍. ചില സത്യങ്ങള്‍ പുറത്തുവരില്ലെന്നും സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട സത്യങ്ങള്‍ ഉടന്‍ തന്നെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടൈം നൗ നവ്ഭാരതിനോട് സംസാരിക്കവെയായിരുന്നു ഫൈസല്‍ ഖാന്റെ പ്രതികരണം.

'സുശാന്ത് സിംഗ് രാജ്പുത് കൊല്ലപ്പെട്ടതാണെന്ന് എനിക്കറിയാം. കേസിന്റെ ഗതി എന്താകുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. കേസില്‍ നിരവധി ഏജന്‍സികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്. ചില സത്യങ്ങള്‍ ഒരിക്കലും പുറത്തുവരില്ല. എന്നാല്‍, ഈ കേസില്‍ സത്യം പുറത്തുവരാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അപ്പോള്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ മനസിലാകും'. ഫൈസല്‍ ഖാന്‍ പറഞ്ഞു.

2020 ജൂണ്‍ 14നാണ് മുംബൈയിലെ വീട്ടില്‍ സുശാന്ത് സിംഗ് രാജ്പുത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ നടന്റെ പിതാവ് കെകെ സിംഗ് പരാതി നല്‍കി. ആത്മഹത്യാ പ്രേരണയും സുശാന്തിന്റെ അക്കൗണ്ടില്‍ നിന്ന് 15 കോടി രൂപ തട്ടിയെന്നും ആരോപിച്ചാണ് കെകെ സിംഗ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്. ഇതിന് പിന്നാലെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി സിബിഐക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ, കള്ളപ്പണം വെളുപ്പിക്കല്‍ കേസിനെക്കുറിച്ച് അന്വേഷിക്കാന്‍ റിയക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു. നടന് മയക്കുമരുന്ന് നല്‍കിയതായി വാട്ട്സ്ആപ്പ് ചാറ്റുകള്‍ വെളിപ്പെടുത്തിയതിന് പിന്നാലെ എന്‍സിബിയും രംഗത്തെത്തി. അടുത്തിടെ, റിയ ചക്രവര്‍ത്തിക്കും മറ്റ് പ്രതികള്‍ക്കുമെതിരെ എന്‍സിബി കുറ്റം ചുമത്തിയിരുന്നു.

Advertisment