തിരുവനന്തപുരം : എൽഡിഎഫിനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിന്റെ വസ്തുതകളോ, ആധികാരികതയോ ഒന്നും മനോരമ നോക്കില്ല , അത് വാർത്തയാക്കുക എന്നതിനാണ് മനോരമയിൽ പ്രോത്സാഹനമെന്നും സി.പി.എമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറി ആനാവൂർ നാഗപ്പൻ
കുറിപ്പിന്റെ പൂർണരൂപം:
“എന്നെ തല്ലണ്ട അമ്മാവാ, ഞാൻ നന്നാവൂല്ല ” എന്ന് പറഞ്ഞത് പോലെയാണ് മനോരമയുടെ കാര്യവും . എൽഡിഎഫിനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിന്റെ വസ്തുതകളോ, ആധികാരികതയോ ഒന്നും മനോരമ നോക്കില്ല , അത് വാർത്തയാക്കുക എന്നതിനാണ് മനോരമയിൽ ഇൻസന്റീവ് .
ഇന്നത്തെ മനോരമയിലെ ഒരു വാർത്തയും ആ രൂപത്തിലുള്ളതാണ്. തിരുവനന്തപുരം നഗരസഭയിൽ എൽഡിഎഫ് – ബിജെപി ധാരണ ആണെന്നാണ് മനോരമയിലെ ദോഷൈകദൃക്ക് കണ്ടെത്തിയത്. വാർത്തയിൽ പറയുന്നത് ബിജെപി വൃത്തങ്ങൾ നൽകിയ വിവരമാണ് എന്നാണ്. കേരളത്തിലെ ബിജെപി ചെന്ന് പെട്ടിരിക്കുന്ന ഊരാക്കുടുക്ക് നമുക്കറിയാം,
വളഞ്ഞ കുഴൽ നിവർത്താൻ പതിനെട്ടടവും പയറ്റുകയാണ് ആ പാർട്ടി . തിരുവനന്തപുരത്തെ ബിജെപിയും പ്രതിസന്ധിയിലാണ്. അങ്ങനെ രാഷ്ട്രീയമായി അപ്രസക്തമായ ബിജെപിയ്ക്ക് അല്പം ഊർജ്ജം പകരാനുള്ള ഭഗീരഥ പ്രയത്നമാണ് മനോരമ നടത്തുന്നത്. മനോരമയുടെ ഈ ചെപ്പടിവിദ്യയിൽ ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടാതിരിക്കാനാണ് ഈ കുറിപ്പ്.
എന്താണ് മനോരമ വാർത്തയുടെ സത്യാവസ്ഥ . 28.04.2016 ലെ SRO No. 352/2016 വിജ്ഞാപനം അനുസരിച്ച് 1995 ലെ ജില്ലാ ആസൂത്രണ കമ്മിറ്റി( അംഗങ്ങളുടെ തെരഞ്ഞെടുപ്പും യോഗ നടപടി ക്രമവും) ചട്ടങ്ങൾ ഭേദഗതി ചെയ്തു. അതനുസരിച്ച് ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം അനുസരിച്ചുള്ള ഒറ്റകൈമാറ്റവോട്ട് രീതിയിൽ (സ്റ്റാൻ്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് പോലെ )ജില്ലാ ആസൂത്രണ കമ്മിറ്റിയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കും.
തിരുവനന്തപുരം ജില്ലാ ആസൂത്രണസമിതിയിൽ കോർപ്പറേഷനിൽ നിന്നും 2 വനിതാ, 1 ജനറൽ ഉൾപ്പെടെ ആകെ മൂന്ന് അംഗങ്ങൾ തെരഞ്ഞടുക്കപ്പെടേണ്ടതുണ്ട്. അതിൽ വനിതയുടെ തെരഞ്ഞെടുപ്പ് ആദ്യവും തുടർന്ന് ജനറൽ തെരഞ്ഞെടുപ്പും നടക്കും.
ഒന്ന്, രണ്ട് എന്നിങ്ങനെയുള്ള മുൻഗണന വോട്ടാണ് രേഖപെടുത്തേണ്ടത്. ഒന്നിൽ കൂടുതൽ മുൻഗണന ഒരാൾക്ക് രേഖപെടുത്താൻ പാടില്ല.ഏറ്റവും കൂടുതൽ ഒന്നാം മുൻഗണന ലഭിക്കുന്നയാൾ തെരഞ്ഞെടുക്കപ്പെടും. ഒന്നാം മുൻഗണന തുല്യമായാൽ രണ്ടാം മുൻഗണന പരിഗണിക്കും.
തിരുവനന്തപുരം കോർപ്പറേഷനിൽ ജനറൽ വിഭാഗത്തിൽ ഒരാളെ മാത്രം തെരഞ്ഞെടുക്കപ്പെടേണ്ടതിനാൽ എൽഡിഎഫിന് 54 മുൻഗണന വോട്ട് ലഭിക്കാനും എൽഡിഎഫ് അംഗം തെരഞ്ഞെടുക്കപ്പെടാനും കഴിയും.
വനിത വിഭാഗത്തിൽ ബിജെപിയ്ക്ക് 35 അംഗങ്ങൾ ഉള്ളതിനാൽ ഒരാളെ തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത ഉണ്ട്. എൽഡിഎഫ് ഒരാളെ ജയിപ്പിക്കാൻ കഴിയും. അതായത് എൽഡിഎഫിന്റെ ഭരണസമിതിയിലെ അംഗബലം അനുസരിച്ച് 2 പേരെ വിജയിപ്പിക്കാൻ കഴിയും.
ബിജെപിയ്ക്ക് ഒരാളെയും . രാജ്യസഭാഗംങ്ങളുടെ തിരഞ്ഞെടുപ്പിൽ കാണുന്ന പോലെ സഭയിലെ അംഗബലമനുസരിച്ചാണ് വിജയസാധ്യത എന്നർത്ഥം. ഇതിനെ ആണ് മനോരമ “ധാരണ” എന്ന് വ്യാഖ്യാനിക്കുന്നത്.
എൽഡിഎഫ് അതിന്റെ നിലപാട് പലയാവർത്തി പ്രഖ്യാപിച്ചിട്ടുണ്ട്. നാല് വോട്ടിനോ, രണ്ട് സീറ്റിനോ വേണ്ടി വർഗ്ഗീയപാർട്ടികളുമായി കൂട്ട് കൂടില്ല, അത്തരം വർഗ്ഗീയ ശക്തികളുടെ പിന്തുണയോടെ ഏതെങ്കിലും സ്ഥാനങ്ങളിൽ എൽഡിഎഫ് പ്രതിനിധി തിരഞ്ഞെടുക്കപ്പെട്ടാൽ ആ നിമിഷം ആ സ്ഥാനം രാജിവച്ചതാണ് ചരിത്രം .
വർഗ്ഗീയതയോട് ഒരു വിട്ട് വീഴ്ച്ചയ്ക്കും എൽഡിഎഫ് തയ്യാറല്ല. ഇത് മനോരമയ്ക്ക് അറിയാത്തതല്ല, എന്നാലും വാർത്താദാരിദ്ര്യവും, കുഴലിൽപെട്ടവരോടുള്ള സഹാനുഭൂതിയും സഹജവാസനയും കൊണ്ട് നിയന്ത്രിക്കാൻ കഴിയാതെ പോയ ഒരു അടിസ്ഥാനരഹിത വാർത്ത ആണിത് . ഇതിനെ അതർഹിക്കുന്ന അവജ്ഞയോടെ തള്ളികളയണം എന്ന് ബഹുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.