/sathyam/media/post_attachments/rIfgeCtSn6b8QpC0If7f.jpg)
പാലാ:കോവിഡ് കാരണം കുട്ടികൾ വരാത്തതു രക്ഷ; ഇല്ലെങ്കിൽ ഉണ്ടായേക്കാമായിരുന്ന ദുരന്തത്തിന് ഉത്തരവാദിത്വപ്പെട്ടവർ സമാധാനം പറയേണ്ടി വന്നേനെ!
ഇക്കഴിഞ്ഞ ജൂൺ 10-ാം തീയതിയാണ് പകുതി പണി തീർത്ത അംഗൻവാടിയുടെ ഉദ്ഘാടനം "ഓടിച്ചിട്ട് " നടത്തിയത്. മുൻവശമൊക്കെ ഒന്നു മിനുക്കി വെള്ളയടിച്ച് ഒരു ഉദ്ഘാടനം.
ഇതു കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോഴുണ്ടായ കനത്ത മഴയിൽ വാർക്കയുടെ "ഗുണം" തെളിഞ്ഞു. മഴ പോലെ വെള്ളം അംഗനവാടിയ്ക്കുള്ളിൽ. ക്ലാസ്സ് മുറിയിലും അടുക്കളയിലുമൊക്കെ വെള്ളം. കുട്ടികൾക്ക് വിതരണം ചെയ്യാനിരുന്ന അരിയും നനഞ്ഞു കുതിർന്നു .
ജീവനക്കാർ പഞ്ചായത്തിലേക്കോടി വിവരം അറിയിച്ചു. എല്ലാം ശരിയാക്കാമെന്ന അധികാരികളുടെ ഉറപ്പിൽ മടങ്ങി. മൂന്നു ദിവസം കഴിഞ്ഞപ്പോൾ രണ്ട് ചിത്രകാരന്മാർ അംഗൻവാടിയിലെത്തി. ഭിത്തിയിൽ ആമയുടെയും മുയലിൻ്റെയും പടം വരയ്ക്കാൻ.
ഭിത്തിയിൽ പടം വരച്ചാൽ ചോർച്ച മാറുമെന്നാണത്രേ അധികാരികളുടെ അഭിപ്രായം! അവർ ഭിത്തി നിറയെ പടം വരച്ചു മടങ്ങി, പിന്നത്തെ മഴയിലും പക്ഷേ ചോർച്ച പതിവിലും കൂടുതലായി മടങ്ങിയെത്തി.
/sathyam/media/post_attachments/WoZOumLGznLJJkZgRF8L.jpg)
നിർമ്മാണ വേളയിൽ വാർക്കയുടെ പാരപ്പറ്റ് നീട്ടിയിടാത്തതിനാൽ വെള്ളം ഭിത്തിയിലൂടെ ഊർന്നിറങ്ങുന്നതും, വാർക്ക മേൽ വെള്ളം കെട്ടിക്കിടക്കുന്നതുമാണ് ചോർച്ചയുണ്ടാക്കുന്നതെന്ന് അംഗൻവാടി കുട്ടികളുടെ മാതാപിതാക്കൾ പറയുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകളും പെറ്റു പെരുകുകയാണ്. നനഞ്ഞ ഭിത്തിയിൽ തൊട്ടാൽ ഷോക്കടിക്കുന്നുണ്ടെന്നും രക്ഷാകർത്താക്കൾ പറയുന്നു.
പുത്തൻ കെട്ടിടം നനഞ്ഞൊലിക്കുന്നതു ചൂണ്ടിക്കാട്ടിയും, ഉദ്ഘാടനം കഴിഞ്ഞിട്ടും പണികൾ പൂർത്തീകരിക്കാത്തതു സംബന്ധിച്ചും പലവട്ടം മുത്തോലി പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചെങ്കിലും ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നും രക്ഷിതാക്കള്‍ കുറ്റപ്പെടുത്തുന്നു.
കെട്ടിടം പണിയാൻ ഉപയോഗിച്ച 10 ലക്ഷത്തോളം രൂപയിൽ നാമമാത്രമായ തുകയേ മുത്തോലി പഞ്ചായത്തിൻ്റേതായുള്ളു. എന്നിട്ടും പണി തീരാതെ "ഉദ്ഘാടിക്കാൻ " അവർ തിരക്ക് കൂട്ടിയതാണിപ്പോൾ വിവാദമായിട്ടുള്ളത്.
/sathyam/media/post_attachments/lLiXhXXktNCC0oLiLPVg.jpg)
10 ലക്ഷം രൂപയുടെ കെട്ടിടം പണിത് മൂന്നാഴ്ചയ്ക്കുള്ളിൽ ചോരാൻ തുടങ്ങിയിട്ടും ബന്ധപ്പെട്ട കരാറുകാരനോട് കമാ എന്നൊരു അക്ഷരം പറയാൻ പഞ്ചായത്ത് അധികാരികൾ തയ്യാറാകുന്നേയില്ല എന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
പണിതീർന്നതല്ല; ഉടൻ തുടരും: പഞ്ചായത്ത് മെമ്പർ
കടപ്പാട്ടൂർ അംഗൻവാടിയുടെ പണികൾ പൂർത്തീകരിച്ചിട്ടില്ലെന്ന് മുത്തോലി പഞ്ചായത്ത് ആറാം വാർഡ് മെമ്പർ എൻ. മായാദേവി പറയുന്നു. കെട്ടിടത്തിന് ഷെയ്ഡ് വാർക്കാനുണ്ട്. പുറം ഭിത്തി സിമിൻ്റ് തേയ്ക്കാനുമുണ്ട്. മുൻവശത്തു ഷീറ്റിടാനുമുണ്ട്. ഈ പണികൾ ഉടൻ നടത്താനുള്ള നീക്കത്തിലാണ് തങ്ങളെന്നും പഞ്ചായത്തു മെമ്പർ പറഞ്ഞു.
എന്നാൽ പണി തീരുംമുമ്പേ തിരക്കിട്ട് ഉദ്ഘാടനം നടത്തിയതെന്തിന് എന്ന ചോദ്യത്തിന് ചോർന്നു പോകാത്ത ഉത്തരം നൽകാൻ അധികാരികൾക്കാർക്കും കഴിയുന്നുമില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us