ചെലൊരുടേതു റെഡിയാകും, ചെലൊരുടേതു റെഡിയാവൂല്ല, എന്റേത് ശെരിയായില്ല, എന്നാലും എനിക്ക് ഒരു കൊഴപ്പോവുമില്ല; മറ്റുള്ളവരെ അംഗീകരിക്കാനും സ്വയം തെറ്റും ശെരിയും സ്വീകരിക്കാനുമുള്ള ആ ഹൃദയം പ്രശംസനീയം; യുവ അധ്യാപിക എഴുതുന്നു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, July 29, 2020

കഴിഞ്ഞ ദിവസമാണ് സോഷ്യല്‍മീഡിയയില്‍ ഫായിസ് എന്ന കൊച്ചുമിടുക്കന്റെ നിഷ്‌കളങ്കമായ വാക്കുകള്‍ വൈറലാകുന്നത്. കടലാസ് പൂവ് ഉണ്ടാക്കാന്‍ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്ത ഫായിസിന്റെ നിഷ്‌കളങ്കമായ വാക്കുകള്‍ കടമെടുത്ത് മില്‍മ പരസ്യമിറക്കുകയും ചെയ്തിരുന്നു. ഫായിസിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവ അധ്യാപിക ഡോ. അനൂജ ജോസഫ്.

കുറിപ്പ് ഇങ്ങനെ..

“ചെലൊരുടേതു ശരിയാവും, ചെലൊരുടേതു ശെരിയാവൂല്ല, എന്റേത് ശെരിയായില്ല, എന്നാലും നമുക്കൊരു കൊഴപ്പോവുമില്ല” നാലാം ക്ലാസ്സുകാരൻ ഫായിസ് മോന്റെ കടലാസ്സു പൂവുണ്ടാക്കുന്ന വീഡിയോ ഒരേ സമയം കൗതുകവും ചിന്തിപ്പിക്കുന്നതാണെന്നും പറയാതെ വയ്യ.

എന്നാ വന്നാലും നമുക്കൊരു പ്രശ്നവുമില്ലാന്നേ, എന്നുറക്കെ പറയുന്ന അവന്റെ നിഷ്ക്കളങ്കമായ മനസ്സ് ആരുടെയും ഹൃദയത്തിൽ തൊടും.എന്റേത് ശെരിയായിട്ടില്ല, എന്നാ ചെലരുടേതു ശെരിയാവാറുമുണ്ട് എന്നു പറയുന്ന ഫായിസ് ഏവരുടെയും മനസ്സിൽ സ്ഥാനം പിടിച്ചതിൽ അത്ഭുതപ്പെടാനില്ല.

മറ്റുള്ളവരെ അംഗീകരിക്കാനും സ്വയം തെറ്റും ശെരിയും സ്വീകരിക്കാനുള്ള ആ ഹൃദയം പ്രശംസനീയം. അതോടൊപ്പം ആ കുഞ്ഞിനെ ഇത്തരത്തിൽ ഒരു ചിന്താഗതിയിൽ വളർത്തിയെടുത്ത മാതാപിതാക്കളും അദ്ധ്യാപകരും അഭിനന്ദനം അർഹിക്കുന്നു.
ഒരു മാർക്ക് കുറഞ്ഞു പോയെ, ഫുൾ കിട്ടിയില്ലേ എന്നു നിലവിളിക്കുന്ന സമൂഹത്തിനു മുൻപിൽ ഫായിസുമാർ ഇനിയും വളർന്നു വരട്ടെ.

തോൽവിയും ജയവും ജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് എന്തു കൊണ്ടും ജീവിതവിജയത്തിന് ഉപകരിക്കും.ഭയചകിതരായി പിന്നോട്ടു പോകാണ്ട്, മുന്നോട്ടെന്നുള്ള ആ പ്രയാണം തുടരട്ടെ.വെല്ലുവിളികൾ നിറഞ്ഞ ലോകത്തിൽ, കരുത്താർജിക്കാൻ,
ഫായിസിന്റെ ആ വാക്കുകൾ ഏവർക്കും പ്രചോദനമാകട്ടെ.

“ചെലൊരുടേതു റെഡിയാകും, ചെലൊരുടേതു റെഡിയാവൂല്ല, എന്റേത് ശെരിയായില്ല, എന്നാലും എനിക്ക് ഒരു കൊഴപ്പോവുമില്ല”

×