എം.കെ. സ്റ്റാലിനെതിരെ ട്രാന്‍സ്ജെന്‍ഡറിനെ രംഗത്തിറക്കാന്‍ അണ്ണാ ഡി. എം. കെ ആലോചന

ന്യൂസ് ബ്യൂറോ, ചെന്നൈ
Tuesday, March 2, 2021

ചെന്നൈ: ഡി. എം. കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിനെതിരെ ട്രാന്‍സ്ജെന്‍ഡറിനെ രംഗത്തിറക്കാന്‍ അണ്ണാ ഡി. എം. കെ നേതൃത്വം നല്‍കുന്ന എന്‍. ഡി. എ സഖ്യത്തില്‍ ആലോചന. അണ്ണാ ഡി. എം. കെ. വക്താവും പ്രമുഖ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ അപ്സര റെഡ്ഡി കൊളത്തൂരില്‍ മല്‍സരിക്കാന്‍ പാര്‍ട്ടിക്കു അപേക്ഷ നല്‍കി.

വടക്കന്‍ ചെന്നൈയിലെ പ്രധാനപെട്ട നിയമസഭാ മണ്ഡലമാണു കൊളത്തൂര്‍. 2011 മുതല്‍ എം.കെ. സ്റ്റാലിന്റെ മണ്ഡലം. 2011 ല്‍ കേവലം 2700 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയം. 2016 ല്‍ 37,730 വോട്ടുകളുടെ പിന്‍ബലത്തിലാണ് സ്റ്റാലിന്‍ അണ്ണാ ഡി. എം. കെയിലെ ജെ. സി.ഡി. പ്രഭാകറിനെ അട്ടിമറിച്ചത്.

ഇത്തവണ കരുത്തുറ്റ നേതാക്കന്‍മാര്‌‍ ആരും മല്‍സര സന്നദ്ധരായി വന്നിട്ടില്ല. ഈ സാഹചര്യത്തിലാണു ട്രാന്‍സ്ജെന്‍ഡര്‍ കൂടിയായ വക്താവിനെ ഇറക്കാന്‍ അണ്ണാ ഡി. എം. കെ. എയില്‍ നീക്കം .

ആദ്യ പടിയായി അപ്സര പാര്‍ട്ടി ആസ്ഥാനത്തെത്തി മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ കണ്ടതിനു ശേഷം സ്ഥാനാര്‍ഥിത്വത്തിനായി അപേക്ഷ നല്‍കി. പലപോരാട്ടങ്ങളില്‍ ഒന്നു മാത്രമാണു സ്റ്റാലിനെതിരെയുള്ളതെന്ന് അപ്സര മനോരമ ന്യൂസിനോടു പറഞ്ഞു.

അണ്ണാ ഡി. എം. കെയില്‍ രാഷ്ട്രീയം തുടങ്ങിയ അപ്സര ഇടക്കാലത്തു കോണ്‍ഗ്രസിലായിരുന്നു. അവിടെ നിന്നു തെറ്റി ഈയിടെയാണ് വീണ്ടും രണ്ടിലതണലില്‍ എത്തിയത്.

×