Advertisment

ഓർമ്മ: ഭൂമിയിലെ യാത്ര മതിയാക്കിയവർ

New Update

publive-image

Advertisment

ത്തു വർഷം മുമ്പ് പെരിങ്ങാടിയിലെ ക്രസന്റ് ഹൗസിലെ അഹമ്മദ് ഇസ്മായിൽ എന്ന ബോംബയിലെ വ്യാപാരി (ക്രസന്റ് എക്സ്പോർട്ടേഴ്സ് ഉടമ) മരിച്ചപ്പോൾ ഞാൻ അതീവ ദുഖിതനായിരുന്നു, ഇപ്പോഴിതാ (28/6/2022) അദ്ദേഹത്തിന്റെ ഭാര്യ (81) ആയിഷയും മരിച്ചതറിഞ്ഞപ്പോൾ എന്റെ മനസ്സിന്റെ ശൂന്യതയുടെ ആഴം കൂടിക്കൂടി വന്നു.

പരസ്പര ചേർച്ചയുള്ള ഇവരുടെ ജീവിതം ഒരുവേള എന്നെയും സ്വാധീനിച്ചിരുന്നു. കാരണം ഇരുവരും നന്മയുടെ പ്രഭവകേന്ദ്രങ്ങളായിരുന്നു. കുടുംബത്തിനും സമൂഹത്തിനും അവർ താങ്ങും തണലുമായിരുന്നു, ചുറ്റിലുമുള്ളവർ അവരുടെ സ്നേഹവും സൗഹാർദവും മതിവരോളം പിടിച്ചുപറ്റിയിരുന്നു. മനുഷ്യനെ ഉണർത്താനും വളർത്താനും കഴിവുള്ള മന്ത്രികതയാണ് സ്നേഹമെന്ന് വിളച്ചോതും വിധത്തിലായിരുന്നു ഈ ദമ്പതികളുടെ ജീവിതം.

publive-image

(അഹ്മദ് ഇസ്മായിലും ഭാര്യ ആയിഷയും)

ഇവരെകുറിച്ചുള്ള ഓർമ്മകൾ ഏതു ദിശയിൽ നിന്ന് തുടങ്ങണമെന്നെനിക്കറിയില്ല. അത് സ്നേഹത്തിന്റെ, ധർമത്തിന്റെ കാരുണ്യത്തിന്റെ കച്ചവടത്തിന്റെ അങ്ങനെ ഏതുദിശയിൽ നിന്നുമാവാം. ജനനത്തിനും വർത്തമാനത്തിനുമിടയിലുള്ള അവരുടെ ജീവിതത്തെകുറിച്ചാണോ ഓർക്കേണ്ടത് അതോ ഞാൻ അനുഭവിച്ചറിഞ്ഞ ഓർമ്മയുടെ അപ്രതീക്ഷിത മിന്നലുകൾ എന്നിലുണ്ടാക്കിയ തിരുത്തലുകളെകുറിച്ചോ? ഏതായാലും അരനൂറ്റാണ്ട് മുമ്പാരംഭിച്ച ഒരാത്മബന്ധത്തിന്റെ ഓർമ്മകൾ മുഴുവനായും കുത്തിക്കുറിക്കാൻ എനിക്കാവില്ല, അഹ്മദ് ഇസ്മയിലിന്റെ കുടുംബവുമായുള്ള എന്റെ ബന്ധം അത്രമേൽ ദൃഢവും സമ്പന്നവുമായിരുന്നു.

ഭയചകിതമായ നിമിഷങ്ങൾ:

വിമാനയാത്ര അധികമൊന്നും ജനകീയമായിട്ടില്ലാത്ത എന്റെ ബാല്യകൗമാരത്തിൽ ബോംബയിൽ നിന്നും മംഗലാപുരത്തേക്കുള്ള വിമാനയാത്ര അഹമ്മദ് ഇസ്മയിലിന്റെ കൂടെയായിരുന്നു. നാല്പതുപേർക്കിരിക്കാവുന്ന ഇന്ത്യൻ എയർലൈൻസിന്റെ ഒരു ചെറുവിമാനം പറന്നുയർന്നയുടനെ ആകാശ ചുഴിലകപ്പെട്ടു. വിമാനത്തിൽ കരച്ചിലും ബഹളവും പ്രാർത്ഥനകളും. ഞങ്ങൾ (ഞാനും ഭാര്യയും) അമ്പരപ്പോടെ ആർത്തട്ടഹസിച്ചപ്പോൾ മറ്റേ സീറ്റിലിരുന്ന് ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ ചിരിച്ചുകൊണ്ട് തമാശയോടെ ആ രംഗം കൈകാര്യം ചെയ്ത ഇസ്മായിൽ ദമ്പദികൾ ഞങ്ങളെ സമാശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞ വാചകം ഞാൻ ഇപ്പോഴും ഓർക്കുന്നു.

“ഭാര്യാ ഭർത്താക്കന്മാർ ഒരിക്കലും ഒരുമിച്ച് വിമാനത്തിൽ യാത്ര ചെയ്യരുത്, അപകടമുണ്ടായാൽ രണ്ടുപേരും മരിക്കും, തനിച്ചായാൽ ആരെങ്കിലും ഒരാൾ ജീവിച്ചിരിക്കുമല്ലോ, മക്കൾക്കും കുടുബത്തിനും ആരെങ്കിലും ഒരാൾ ബാക്കിയാവും.”

ദാനശീലൻ:

മറ്റൊരിക്കൽ അദ്ദേഹം എന്നെ കൂട്ടികൊണ്ടുപോയത് കോഴിക്കോട്ടെ ജെ.ഡി.റ്റി ഓർഫനേജിന്റെ സാരഥി ഹസ്സനാജിയെ കാണാനായിരുന്നു. കാറിൽ നിന്നിറങ്ങുമ്പോൾ അഹ്മദ് ഇസ്മയിലിൽ ബ്രീഫ്കേസ് എന്നെ ഏൽപ്പിച്ചു. നല്ല കനമുള്ള പെട്ടി.

കുശലങ്ങളും വർത്തമാനങ്ങളും ചായ കുടിയും കഴിഞ്ഞ ശേഷം ബ്രീഫ്കേസ് ഹസ്സനാജിക്ക് കൊടുക്കാൻ പറഞ്ഞു. അയാൾ അത് തുറന്നുനോക്കിയതോടെ ഞാൻ അത്ഭുതസ്തബ്ധനായിരുന്നുപോയി. അതുനിറയെ ആയിരത്തിന്റെ നോട്ടുകെട്ടുകളായിരുന്നു. അനാഥർക്കുള്ള മഹത്തായ സംഭാവന. എല്ലാ വരവിലും അഹ്മദ് ഇസ്മായിൽ അനാഥർക്കുള്ള തന്റെ പങ്ക് അവിടെ എത്തിക്കുമായിരുന്നു.

സമൂഹത്തിന്റെ ജീവനാഡി:

സാമൂഹ്യ പ്രവർത്തനവും ധാനധർമങ്ങളും നിത്യ ജീവിതത്തിൽ പകർത്തിയ അഹ്മദ് ഇസ്മായിൽ സൗകര്യങ്ങൾ ഏറെകുറഞ്ഞ അറുപതുകളിൽ കപ്പലുകളിൽ ഹജ്ജിനു പോകുന്നവരെ പരിചരിക്കാനായി ബോംബയിലെ “ഖുദാമുൽ ജമാഅത്തിന്റെ” ഭാഗമായി പ്രവർത്തിക്കുകയും പിന്നീട് അതിന്റെ പ്രസിഡണ്ടായി ഏറെക്കാലം സേവനമനുഷ്ടിക്കുകയും ചെയ്തു. അതോടൊപ്പം നാട്ടിൽ താൻ പടുത്തുയർത്തിയ “ജംഇയ്യത്തുൽ ഫലാഹ്” ട്രസ്റ്റിലും “അൽഫലാഹ് വുമൺസ് ഇസ്ലാമിക് കോളേജിലും” തന്റെ സേവന സാന്നിധ്യം തുടർന്നു. “പാറാൽ അറബിക് കോളേജിന്റെ” സ്ഥപരിൽ ഒരാളുമായിരുന്നു അഹ്മദ് ഇസ്മായിൽ.

അദ്ദേഹത്തിന്റെ ദാനശീലം ഒരു സംസ്കാരവും മനുഷ്വത്വത്തെ വളർത്തുന്നതുമാണെന്ന് എനിക്കുതോന്നി. നാട്ടിലും തന്റെ തട്ടകമായ ബോംബെയിലും അപരിചിതരായ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും അദ്ദേഹം സഹായം എത്തിക്കുമായിരുന്നു. ദാനവും ധർമവും നൽകുന്ന മനസ്സാണ് ഈ ദമ്പതികളുടേത്. ഭൗതികമായ തങ്കളുടെ സമ്പത്തിനെ ആത്മീയമായ സമ്പത്താക്കാനുള്ള ദിവ്യമായ പ്രക്രിയ ഇവരിൽ രൂഢമൂമായിരുന്നു. താൻ നൽകുന്ന ദാനധർമങ്ങളെയോ സഹായങ്ങളെയോ കൊട്ടിഘോഷിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. ഏതെങ്കിലും മാസികകളുടെ മുഖചിത്രത്തിൽ അദ്ദേഹത്തിന്റെ പടങ്ങൾ അച്ചടിച്ച് വരുത്തിയില്ല. വലതു കൈകൊണ്ടു കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്ന തത്വത്തിൽ അദ്ദേഹം വിശ്വസിച്ചിരുന്നു.

റോൾ മോഡൽ:

1975-ൽ എന്റെ ഭാര്യയും ഒരു വയസ്സുള്ള മകൾ ഫഹീമയും കുവൈറ്റിലേക്ക് വരുമ്പോൾ അവർക്കു ഇടത്താവളം നൽകിയ ബോംബയിലെ ബാന്ദ്രയിലെ അദ്ദേഹത്തിന്റെ വസതി ഞങ്ങളുടെ സ്ഥിരം ഇടത്താവളമായി മാറിയത് അവർ നൽകിയ ധൂർത്ത സ്നേഹത്തിന്റെ മകുടോദാഹരണമാണ്. ഇന്നും ആ സ്നേഹത്തിനും ആദരവിനും കോട്ടം തട്ടിയിട്ടില്ല.

തന്റെ കച്ചവടത്തിന്റെ ഭാഗമായി സ്ഥിരമായി കുവൈറ്റ് സന്ദർശിക്കുന്ന അഹ്മദ് ഇസ്മായിൽ അവിടത്തെ മലയാളി സമൂഹവുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്നു. അതോടൊപ്പം അറബി കച്ചവടക്കാരുമായുള്ള തന്റെ സൗഹൃദം ഊട്ടി ഉറപ്പിക്കുകയും ചെയ്തു.

അറബികൾക്ക് ഏറെ ഇഷ്ട്ടപെട്ട “അൽഫാൻസോ” മാങ്ങകൾ കുവൈറ്റിലേക്കും ഇതര അറബ് നാടുകളിലേക്കും കയറ്റി അയച്ചിരുന്നത് ക്രസന്റ് എക്സ്പോർട്ടേഴ്സ് സ്ഥാപനമായിരുന്നു. നാസിക്കിലെ കൃഷിയിടങ്ങളിൽ നിന്നും ഉള്ളിയും ഇതര കാർഷിക ഉല്പന്നങ്ങളും അറബിനാടുകളിൽ എത്തിക്കുന്നതിന്റെ ക്രെഡിറ്റും ഇതേ സ്ഥാപനത്തിനായിരുന്നു. നാസിക്കിൽ സ്ഥാപിതമായ “നാഷണൽ ഹോട്ടി കൾച്ചറൽ റിസേർച് ആൻഡ് ഡെവലപ്മെന്റ് ഫൗഡേഷന്റെ” വൈസ് പ്രസിഡന്റ് കൂടി ആയിരുന്നു അഹ്മദ് ഇസ്മായിൽ.

കുവൈറ്റിലെ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിന്റെ (IDF) പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായ ഡോ: അമീർ അഹമ്മദിനെ കൂടാതെ മൂത്ത മകൻ നസീറും, മുനീറും, സമീറും, സുമയ്യയും, നസ്രീനും ഈ ദമ്പതികളുടെ മാതൃകാമക്കളാണ്.

publive-image

(അഹ്മദ് ഇസ്മായിൽ കുടുംബം)

മാതാപിതാക്കളുടെ ശീലങ്ങളും പ്രവർത്തനങ്ങളും മക്കളിലൂടെ അശരണർക്ക് ഇനിയും ലഭിച്ചുകൊണ്ടിരിക്കും. അവരെ അതിനു പ്രാപ്തരാക്കികൊണ്ടാണ് രണ്ടുപേരും ഭൂമിയിലെ ജീവിതം മതിയാക്കിയത്. ജീവിതവും മരണവും രണ്ടല്ല, ഒന്നാണെന്ന ബോധം അവരിലുണ്ടായിരുന്ന എന്നുവേണം അനുമാനിക്കാൻ.

ഹസ്സൻ തിക്കോടി 9747883300

Advertisment