Advertisment

മഹാരാജാവില്ലാത്ത മലബാർ !!!

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

ടാറ്റായുടെ എയർ ഇന്ത്യയിൽ മഹാരാജാവിനു ഇനി സിംഹാസനമില്ല. ഇന്ത്യയുടെ പതാക വാഹിനിയായ എയർ ഇന്ത്യ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇന്ത്യയിലെ 64-ഓളം സെയിൽസ് ഓഫീസുകൾ താഴിട്ടു പൂട്ടുകയാണ്. ഒപ്പം 46 വിദേശരാജ്യങ്ങളിലെ സെയിൽസ് ഓഫീസുകളും. മലബാറിന്റെ കവാടമായ കോഴിക്കോട്ടെ ഓഫീസിനു പൂട്ടുവീണത് ഈ ആഴ്ചയിലാണ്. പ്രവാസികളടക്കമുള്ള മലയാളികൾക്ക് മഹാരാജാവിന്റെ സന്നിധാനത്തിലേക്ക് സേവനത്തിനായി ഇനി യദേഷ്ടം കയറിച്ചെല്ലാനാവില്ല, പകരം കരിപ്പൂർ എയർപോർട്ടിലെ ഓഫീസിനെ സമീപിക്കേണ്ടിവരും.

publive-image

വട്ടമുഖം, അരിവാൾമീശ, മഞ്ഞയും ചുവപ്പും കള്ളിയുള്ള തലപ്പാവ്, പറക്കും പരവതാനിയിലിരുന്ന് ഹുക്ക പുകയ്ക്കുന്ന ഒരു സുന്ദരൻ മഹാരാജാവ് - ഓർമവെച്ച നാൾമുതൽ ഇന്ത്യക്കാർ കണ്ടു വരുന്ന എയർ ഇന്ത്യയുടെ യുവ തലമുറക്ക് സങ്കല്പിക്കാനാവുമോ?

1946 -ൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, എയർ ഇന്ത്യ എന്ന പേരിൽ പബ്ലിക് ലിമിറ്റഡ് കമ്പനി ആയപ്പോൾ, ഇന്ത്യയുടെ പ്രതീകമായി എയർ ഇന്ത്യ അറിയപ്പെട്ടുതുടങ്ങി. അന്ന് അതിന്റെ മാസ്കോട്ട് എന്ന നിലയ്ക്ക് 'മഹാരാജ'യെ അവതരിപ്പിച്ചത് “ബോബി കൂക” യെന്ന അന്നത്തെ മാർക്കറ്റിംഗ് ഡയറക്ടറായിരുന്നു. ഈ സങ്കല്പത്തെ കടലാസിലേക്ക് പകർത്താൻ വേണ്ടി, അന്ന് ബോബി കൂക സമീപിക്കുന്നത് ജെ വാൾട്ടർ തോംപ്സൺ (JWT) എന്ന ദക്ഷിണ മുംബൈയിലെ പരസ്യ സ്ഥാപനത്തിലെ ആർട്ടിസ്റ്റ് ആയ സുഹൃത്ത്, ഉമേഷ് മുരുഡേശ്വർ റാവുവിനെ ആണ്.

എയർ ഇന്ത്യയിലെ യാത്ര എത്ര സുഖപ്രദമാണ്, അതിലെ സർവീസുകൾ എത്ര രാജകീയമാണ് എന്ന് മറ്റൊന്നും പറയാതെ തന്നെ വെളിപ്പെടുത്തുന്ന ഒരു ഐക്കൺ ആയി മേല്പറഞ്ഞ രൂപ ഭാവങ്ങളോടുകൂടിയുള്ള ഒരു മഹാരാജയെ വേണം എന്നാണ് കൂക റാവുവിനോട് പറഞ്ഞത്. അന്ന് ആർട്ടിസ്റ്റ് റാവു, കൂകയുടെ തന്നെ മറ്റൊരു സ്നേഹിതനായ പാകിസ്താനി വ്യാപാരി സയ്യിദ് വാജിദ് അലിയെ മോഡൽ ആക്കിക്കൊണ്ട്, തന്റെ നോട്ട് പാഡിൽ വരച്ചെടുത്തതാണ് ഇന്ന് നമ്മൾ കാണുന്ന എയർ ഇന്ത്യാ മഹാരാജയുടെ രൂപം.

publive-image

പാകിസ്ഥാനി വ്യാപാരി സയ്യിദ് വാജിദ് അലി

ഏകദേശം 76 വർഷം മുമ്പ് എയർ ഇന്ത്യയുടെ മഹാരാജയെ ഗർഭം ധരിച്ച ബോബി കൂക്കയുടെ ഭാവനയുടെ ആകെത്തുകയാണ് ഇന്ത്യൻ ഹൃദയങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ചിഹ്നങ്ങളിൽ ഒന്നായ എയർ ഇന്ത്യയുടെ ‘മഹാരാജാ’. മഹാരാജായുടെ സ്രഷ്ടാക്കളായ കുക്കയും റാവുവും അദ്ദേഹത്തിന് വ്യത്യസ്തമായ വ്യക്തിത്വം, പുറം തള്ളിയ മീശ, നീണ്ട മൂക്ക്, വരയുള്ള ഇന്ത്യൻ തലപ്പാവ് എന്നിവ നൽകി. ഇന്ത്യൻ ആഡംബരം, ആതിഥ്യമര്യാദ, സേവനങ്ങൾ, എല്ലാറ്റിനുമുപരിയായി റോയൽറ്റി. വിനയവുമായി കൂടിച്ചേർന്ന റോയൽറ്റിയാണ് ഇത്. ഒരു ഇന്ത്യൻ വാഹകനെ സംബന്ധിച്ചിടത്തോളം ഇതിലും കൂടുതൽ പ്രതീകമായ ചിഹ്നം മറ്റൊന്നില്ലായിരുന്നു.

സേവനം സാങ്കൽപ്പിക ഓഫീസ് വഴി:

സാങ്കേതിക പരിജ്ഞാനം വളർന്നു വലുതായ ലോക സാഹചര്യത്തിൽ വിമാന കമ്പനികളുടെ യാത്രാകാര്യക്രമങ്ങൾ ഓരോ എയർലൈനുകളുടെയും സ്വന്തമായ വെബ്ബിലൂടെയോ ഗ്ലോബൽ ഡിസ്ട്രിഭൂഷൺ സിസ്റ്റത്തിലൂടെയോ (GDS) ആവണമെന്ന ധാരണ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ഇതുമൂലം ഭീമമായ വിതരണ (Distribution) ചെലവുകൾ കുറക്കാൻ സാധിക്കുകയും വിമാന കമ്പനികൾക്ക് ലാഭത്തിൽ പ്രവർത്തിക്കാൻ സാധിക്കുകയും ചെയ്യും.

വിമാനക്കമ്പനികളും ഓൺലൈൻ ട്രാവൽ ഏജൻസികളും (OTA) വേർച്ചൽ ഇന്റെർലൈനിങ് (VI) സിസ്റ്റത്തിലൂടെ അവരവരുടെ പ്രൊഡക്ടുകൾ വിൽക്കുന്ന ഒരു സാങ്കൽപ്പിക പ്ലാറ്റ്ഫോം രൂപപ്പെടുത്തിതുടങ്ങിയത് തൊണ്ണൂറുകളുടെ അവസാനത്തിലാണ്. യൂറോപ്യൻ വിമാനകമ്പനികളായ കെ.എൽ.എം, ബ്രിട്ടീഷ് എയർലൈൻ, ലുഫ്താൻസാ എന്നിവരാണ് ആദ്യമായി വേർച്ചൽ ഓഫീസുവകളിലൂടെ അവരുടെ സേവനങ്ങൾ യാത്രക്കാരിൽ എത്തിച്ചു തുടങ്ങിയത്. അതോടൊപ്പം ലോ കോസ്റ്റ് വിമാനങ്ങളും സേവനങ്ങൾ വേർച്ചൽ ഫ്ലാറ്റുഫോമിലൂടെ യാത്രക്കാരിൽ എത്തിക്കാൻ തുടങ്ങി.

അതോടെ ജനറൽ സെയിൽസ് ഏജൻസികളും (GSA) ക്രമേണ കുറഞ്ഞു വന്നു. മൂന്നു ശതമാനം മുതൽ അഞ്ചു ശതമാനം ജി.എസ്.എ കമീഷനുകളും, വിപുലവും മനോഹരവുമായ എയർലൈൻ ഓഫീസ് ചെലവുകളും ശമ്പളത്തുകയും ലാഭിക്കാൻ എയർലൈനുകൾക്കു സാധിച്ചു. ഇടനിലക്കാരില്ലാതെ യാത്രക്കാരന് നേരിട്ട് വിമാന ടിക്കറ്റുകൾ, മൾട്ടി കാരിയർ ബുക്കിങ്ങുകൾ, അത്യാവശ്യമായ മറ്റു മാറ്റങ്ങൾ എല്ലാം സ്വന്തം വിരൽത്തുമ്പിലൂടെ അനായേസേന യാത്രക്കാരന് ചെയ്യാനാവും വിധത്തിൽ വി.ഐ സിസ്റ്റം വിപുലപ്പെടുത്തി.

ഹോട്ടൽ, കാർ, വിനോദസഞ്ചാരം, ഹെൽത്ത് ടൂർ എന്നിവയും ഇടനിലക്കാരില്ലാതെ ഇന്ന് സുലഭമായി ചെയ്തു വരുന്നു. അനതിവിദൂര ഭാവിയിൽ വി.ഐ സിസ്റ്റം വളർന്നു വലുതാവുന്നതോടെ എയർലൈൻ ഓഫീസുകൾ മുഴുവനായും ട്രാവൽ ഏജൻസികൾ ഭാഗികമായും ഇല്ലാതാവും. കായക് (Kayak), സ്കൈസ്കാനർ (skyscakner) ട്രിപ്പ് സ്റ്റാക്ക് (Tripstack) മുതലായവ വളർച്ചയുടെ മുൻപന്തിയിൽ നിൽക്കുന്ന വി.ഐ. ബുക്കിംഗ് ഫ്ലാറ്റുഫോമുകളാണ്.

മൾട്ടി സെഗ്മെന്റ് ബുക്കിംഗ് ആവശ്യമാണെങ്കിലോ വിമാനകമ്പനികൾ തമ്മിലുള്ള പരസ്പര ധാരണ കരാർ ഇല്ലെങ്കിൽപോലും ഇതര വിമാനങ്ങളിൽ യാത്ര ചെയ്യാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ വി.ഐ. സിസ്റ്റത്തിന് സാധിക്കും വിധത്തിലാണ് സംവിധാനിച്ചിരിക്കുന്നതു. ആർട്ടിഫിഷ്യൽ ഇൻട്രലിജൻസ് (AI) വിപുലപ്പെടുത്തുന്നതോടെ യാത്രക്കാരാണ് ഗുണകരമാവും വിധത്തിൽ ടിക്കറ്റുകൾ വിലക്കുറവിൽ കൊടുക്കാൻ വി.ഐ.സിസ്റ്റത്തിന് സാധിക്കും.

ആവലാതികൾ മലയാളിയുടേത് മാത്രമോ:

കോഴിക്കോട്ടെ എയർ ഇന്ത്യയുടെ സിറ്റി ഓഫീസ് കരിപ്പൂരിലേക്ക് മാറ്റിയതോടെ ആവലാതിയും വേവലാതിയുമായി പലരും മുഖ്യമന്ത്രിക്കും, വിമാന കമ്പനിയുടെ മേലധികാരികൾക്കും നിവേദനങ്ങൾ കൊടുത്തുകഴിഞ്ഞു. ലോകത്തിലെ ഒട്ടുമിക്ക വിമാനക്കമ്പനികളും അവരുടെ അതി മനോഹരമായ ഓഫീസുകൾ അടച്ചുപൂട്ടി തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി.

ഭീമമായ വിതരണന ചെലവുകൾ കുറക്കുന്നതിന്റെ ഭാഗമായി തൊണ്ണൂറുകളിൽ ആരംഭിച്ച ഒരു പ്രക്രിയയുടെ ഭാഗമായാണ് ഇപ്പോൾ എയർ ഇന്ത്യയുടെ നടപടിയെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. അതോടൊപ്പം ആർട്ടിഫിഷൽ ഇന്റലിജൻസിന്റെയും മറ്റു സാങ്കേതികവിദ്യയുടെയും സഹായത്തോടെ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാവുകയും, വിലക്കുറവിൽ ടിക്കറ്റുകൾ കിട്ടാനുള്ള സാദ്ധ്യതകൾ ഏറിവരികയും ചെയ്യും.

വളർന്നു വരുന്ന യുവ തലമുറ സാങ്കേതിക പരിജ്ഞാനം അവരുടെ വിരൽത്തുമ്പിലൂടെ സാധ്യമാക്കുമ്പോൾ താരതമ്യേന സാങ്കേതികവിദ്യയിൽ പരിശീലനമില്ലാത്തവർക്കു നിലവിലുള്ള ട്രാവൽ ഏജൻസികളുടെ സഹായം തേടാവുന്നതാണ്.

ഇത്തിഹാദ് എയർവേഴ്സ്, എമിറേറ്റ്, ബ്രിട്ടീഷ് എയർവെയ്സ്, കെ.എൽ.എം., സിംഗപ്പൂർ എയർവെയ്സ് എന്നീ വമ്പൻ വിമാനകമ്പനികൾക്കുപോലും ഇന്ന് ഇന്ത്യയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും നാമമാത്രമായ സെയിൽസ് ഓഫീസുകൾ മാത്രമാണുള്ളത്. എയർപോർട്ടിൽ പ്രവർത്തിക്കുന്ന വിമാന കമ്പനിയുടെ ഓഫീസുകളിരുന്നും, വർക്ക് എറ്റ് ഹോമിലൂടെയുമാണ് വിമാന കമ്പനിയുടെ മാർക്കറ്റിംഗും, ടിക്കറ്റ് സെയിൽസും നിയന്ത്രിക്കുന്നത്.

കോവിഡാനന്തര മാറ്റങ്ങളുടെ ഭാഗമായി കൂടുതൽ സാങ്കേതികവിദ്യകൾ വിമാനകമ്പനികൾ നടപ്പിൽ വരുത്തി വരികയാണ്. അതിലൊന്നാണ് എയർപോർട്ടിലെ ടെച്ച്ലെസ്സ് ചെക്കിങ്ങും, ഇടനാഴിലൂടെ നടന്നു നീങ്ങുമ്പോൾ എമിഗ്രേഷനിൽ പാസ്സ്പോർട്ടിലെ വിവരങ്ങൾ ശേഖരിക്കുന്ന പുത്തൻ സമ്പ്രദായവും. മനുഷ്യ സഹായമില്ലാതെ എ.ഐ പാസ്സ്പോർട്ടിലെ വിവരങ്ങൾ ശേഖരിക്കുന്നതോടെ ഫെയിസ് റീഡിങ്ങും, കണ്ണുകളിലെ സ്കാനിഗും ഒരേ സമയം നടക്കുന്നു. വിവര സാങ്കേതികവിദ്യയുടെ വളർച്ച ഇനിയുള്ള യാത്രകൾ സുഖകരവും എളുപ്പവുമാക്കി മാറ്റുന്നതോടെ ചെലവുകൾ കുറഞ്ഞതുമായിരിക്കും.

Hassan Tikkodi, Phone: 9747883300 email: hassanbatha@gmail.com

Advertisment