Advertisment

ആഡംബര ജീവിതം നയിക്കുന്ന മറ്റ് നേതാക്കളില്‍ നിന്ന് വ്യത്യസ്തനാണ് പി. ജയരാജന്‍; പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളുടെ സൂചനയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നത്

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

പി. ജയരാജൻ എന്ന പി.ജെ സത്യസന്ധനായ കമ്യൂണിസ്റ്റാണ്. ലളിതജീവിതം നയിക്കുന്ന അദ്ദേഹത്തിൻ്റെ മക്കളും അതേ രീതിയാണ് പിന്തുടരുന്നത്. മറ്റു നേതാക്കളുടെ മക്കളും ബന്ധുക്കളുമൊക്കെ ദുബായിലും നാട്ടിലുമായി കോടികളിട്ട് അമ്മാനമാടുമ്പോൾ ഈ അച്ഛനും മക്കളും ഒരു മാതൃകയാണ്. അടുത്തിടെ അദ്ദേഹത്തിനായി വാങ്ങിയ 33 ലക്ഷത്തിന്റെ കാർ മാത്രമാണ് ഒരപവാദമായി പറയാനുള്ളത്.

പൊതുപ്രവർത്തനത്തിലൂടെ ജനസേവനം നടത്താനിറങ്ങിയ പല നേതാക്കളും ഞൊടിയിടയിലാണ് കോടീശ്വരന്മാരാകുന്നത്. അനധികൃതമായി സ്വത്തുവകകൾ സമ്പാദിക്കുകയും ആർഭാട ജീവിതം നയിക്കുകയും ചെയ്യുന്നവർ ഇതെല്ലം കൊടിയ അഴിമതിയിലൂടെ നേടിയെടുക്കുന്നത്.

പ്രഗത്ഭനായ ഒരു മുൻമന്ത്രിക്ക് പൂവാർ കായൽ തീരത്ത് ശതകോടികൾ വിലവരുന്ന അത്യാഢംബര റിസോട്ടുണ്ട്. പല നേതാക്കൾക്കും നാട്ടിലെയും വിദേശത്തെയും വൻകിട സംരംഭങ്ങളിൽ രഹസ്യമോ - ബിനാമിയോ ആയുള്ള നിക്ഷേപങ്ങളുണ്ടെന്നു പറയപ്പെടുന്നു. പാറമടകളും ബാറുകളുമുണ്ടത്രേ!

അന്തരിച്ച മുൻമന്ത്രി ഒരു തെക്കൻ കേരളത്തിലെ വളരെ പ്രശസ്തമായ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ചിരുന്ന 95 കോടി രൂപ അദ്ദേഹത്തിൻ്റെ മരണശേഷം മക്കൾ തുക പെട്ടെന്ന് പിൻവലിച്ചതാണ് ആ സ്ഥാപനം തകരാനും ആയിരക്കണക്കിന് സാധാരണക്കാരായ നിക്ഷേപകർ വഴിയാധാരമാകാനും കാരണമെന്നത് നാട്ടിൽപ്പാട്ടാണ്. ഈ പണമൊക്കെ എവിടെനിന്നു വന്നു ??

സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം കണ്ണൂർ ലോബിയുടെ ആധിപത്യത്തോടെയാണ് പാർട്ടിയുടെ പഴയ മുഖം പൊതുവേ നഷ്ടമാകുന്നത്. എന്നാൽ നയനാരെപ്പോലുള്ള സംശുദ്ധ വ്യക്തിത്വങ്ങളെ മറക്കുന്നില്ല.

ജി.സുധാകരൻ, എസ്.ശർമ്മ, എൻ എൻ കൃഷ്ണദാസ്, ഐഷാ പോറ്റി, സുരേഷ് കുറുപ്പ് തുടങ്ങിയ ജനകീയരും സത്യസന്ധരുമായ കമ്യൂണിസ്റ്റു നേതാക്കൾ പാർട്ടിയിൽ അപ്പാടെ തഴയപ്പെട്ടിരിക്കുന്നു. ഈ ശ്രേണിയിൽ തന്നെയാണ് പി. ജയരാജനുമുള്ളത്.

മുഹമ്മദ് റിയാസ്, പി.രാജീവ് ,ബാലഗോപാൽ തുടങ്ങിവർ വരെ പാർട്ടി സെക്രട്ടറിയേറ്റിൽ എത്തിയിട്ടും വളരെ സീനിയറും നല്ല ജനപിന്തുണയുമുള്ള പി.ജയരാജൻ അവിടെയും തഴയപ്പെട്ടു.

തികഞ്ഞ കമ്യൂണിസ്റ്റും കടുത്ത ആർ എസ് എസ് വിരോധിയുമായ അദ്ദേഹത്തിൻ്റെ അറ്റുപോയ കൈവിരലുകളും ചലനശേഷി നഷ്‌ടമായ ഒരു കയ്യും ആർ എസ് എസ് നടത്തിയ കൊലപാതകശ്രമത്തിൻ്റെ ബാക്കിപത്രമാണ്. അതിശയകരമായാണ് അദ്ദേഹം അന്ന് മരണത്തിൽനിന്നും രക്ഷപെട്ടത്.

1999 ലെ തിരുവോണ നാളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട പി ജയരാജന് ജീവന്‍ തിരികെ ലഭിച്ചെങ്കിലും നട്ടെല്ല്, നെഞ്ച്, കൈകാലുകൾ എന്നിവയ്ക്ക് ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചു. അന്നത്തെ പരിക്കുകളുടെ ആഘാതം ഇന്നും പി ജയരാജന്‍റെ ശരീരത്തിലുണ്ട്.

പാർട്ടിയിൽ വന്നിരിക്കുന്ന മൂല്യച്യുതികളും അധികാരവടംവലികളും അനധികൃത സ്വത്തുസമ്പാദനവുമെല്ലാം പാർട്ടിക്കുള്ളിൽത്തന്നെ അസ്വാരസ്യങ്ങൾക്ക് കാരണമായി മാറുന്നു എന്ന സൂചനയാണ് പി.ജെ യുടെ ഏറ്റവും പുതിയ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നത്.

പ്രകാശ് നായര്‍ മേലില

Advertisment