Advertisment

എയിംസ് ഉള്‍പ്പെടെയുള്ള കേരളത്തിന്റെ സ്വപ്‌നങ്ങള്‍ ഇനിയും അകലെ; കേരളത്തിന് ബജറ്റില്‍ ഒരു ചുക്കുമില്ല ! നമ്മുടെ എം.പിമാര്‍ എന്തെടുക്കുകയായിരുന്നു? ബജറ്റ് നിരാശാജനകമാണെന്ന് എം.പിമാർ പറഞ്ഞതായി ചാനലുകളിൽ കാണുന്നു; എന്തുകൊണ്ട് നിരാശാജനകമായി എന്ന് നിങ്ങൾ ജനത്തോട് പറയണം ?

New Update

publive-image

Advertisment

നമ്മുടെ എം പി മാർ എന്തെടുക്കുകയായിരുന്നു ?

ബജറ്റിൽ കേരളത്തിനൊരു ചുക്കും കിട്ടിയില്ല.

ശബരി റെയിൽപാത , എയിംസ് , വന്ദേ ഭാരത് എക്സ്പ്രസ്സ്, പുനലൂർ - ചെങ്കോട്ട റെയിൽപാത ഇരട്ടിപ്പിക്കൽ, കൊല്ലം തിരുമംഗലം കൂടാതെ എം സി റോഡ് ദേശീയ പാതകളുടെ 4 വരിയാക്കാനുള്ള പ്രവർത്തനം ഇങ്ങനെ പോകുന്നു കേരളത്തിന്റെ ആവശ്യങ്ങൾ.

നമുക്ക് 20 ലോക്‌സഭാ എം.പി മാരും 9 രാജ്യസഭാ എം.പിമാരുമുണ്ട്. അവരെക്കൂടാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട കോൺഗ്രസിന്റെ കരുത്തനായ കെ.സി വേണുഗോപാലും, കേന്ദ്രമന്ത്രി വി. മുരളീധരനുമുണ്ട്.

വിശ്വപൗരൻ ശശി തരൂർ കേരളത്തിന്റെ തലസ്ഥാനത്തുനിന്നുള്ള എം.പി ആണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നമ്മുടെ വയനാട്ടിൽ നിന്നുള്ള എം.പി ആണ്.

ഇന്നവതരിപ്പിച്ച ബജറ്റിൽ കേരളത്തിന്റെ ഏതെങ്കിലും ആവശ്യം ഇവരാരെങ്കിലും ധനകാര്യമന്ത്രിക്കു മുന്നിൽ അവതരിപ്പിച്ചിരുന്നോ ? ഉത്തരം അവർ കേരളത്തിലെ ജനങ്ങളോട് പറയണം.

ജനങ്ങളാണ് നിങ്ങളെ ഡൽഹിക്കയച്ചത്. ജനങ്ങളുടെ നികുതിപ്പണമാണ്‌ നിങ്ങൾ ശമ്പളവും ആനുകൂല്യവുമായി വാങ്ങുന്നത്. നിങ്ങളുടെ വിധേയത്വം ജനങ്ങളോടാണെന്നത് മറക്കാൻ പാടില്ല.

ബജറ്റ് നിരാശാജനകമാണെന്ന് കേരളത്തിലെ എം.പിമാർ പറഞ്ഞതായി ചാനലുകളിൽ കാണുന്നു. എന്തുകൊണ്ട് നിരാശാജനകമായി എന്ന് നിങ്ങൾ ജനത്തോട് പറയണം ? അത് പത്ര - ദൃശ്യ മാദ്ധ്യമങ്ങളോട് നിങ്ങൾ പരസ്യമായി വെളിപ്പെടുത്തണം ? നിങ്ങളുടെ ആവശ്യങ്ങൾ ധനമന്ത്രി അപ്പാടെ തള്ളിക്കളയുകയായിരുന്നോ ? അറിയണം ജനത്തിന് ? ധനമന്ത്രിയുടെ കാതുകളിലും അത് മുഴങ്ങട്ടെ.

കേരളത്തിന്റെ വികസനത്തിനുവേണ്ടി എന്തൊക്കെ പദ്ധതികളാണ് നിങ്ങൾ ധനമന്ത്രിക്ക് സമർപ്പിച്ചത് ? എന്തൊക്കെ ആവശ്യങ്ങളാണ് ബജറ്റിനുമുൻപായി നിങ്ങൾ ഉന്നയിച്ചത് ?

ധനമന്ത്രി ഉറപ്പായും മറുപടി പറയും. ശ്രീമതി നിർമ്മലാ സീതാരാമൻ വളരെ കൃത്യമായി ഉത്തരം നൽകുന്നതിൽ അതി വിദഗ്ദയാണെന്ന് മാത്രമല്ല, കണിശക്കാരിയുമാണ്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യത്തിന് കൊല്ലം എം.പി ശ്രീ എൻ.കെ പ്രേമചന്ദ്രനെ അവർ ഉത്തരം മുട്ടിച്ച വീഡിയോ ഇപ്പോഴും യൂട്യൂബിലുണ്ട്. ജോൺ ബ്രിട്ടാസ് അവരോട് വടി കൊടുത്ത് അടി വാങ്ങുന്നതും നമ്മൾ കണ്ടതാണ്. അതു കൊണ്ട് ആരെങ്കിലും കളവു പറഞ്ഞാൽ അവർ വിടില്ല എന്ന കാര്യം സുവ്യക്തമാണ്.

പാർലമെന്റിൽ സംസാരിക്കാൻ വീർപ്പുമുട്ടുന്ന എം.പിമാരെ കണ്ടിട്ടുണ്ട്. ഇംഗ്ലീഷ് എഴുതി വായിക്കാൻ പോലും പലരും പ്രയാസപ്പെടുന്നത് വേദനയോടെ കാണേണ്ടിവന്നു. ഭാഷ അറിയില്ലെങ്കിൽ മലയാളത്തിൽ പറഞ്ഞുകൂടേ. ഏതു ഭാഷയും ഉടനടി തർജ്ജമയിലൂടെ കേൾക്കാനുള്ള സംവിധാനം പാർലമെന്റിലുണ്ട്.

ഒരിക്കൽ എ.കെ.ജി ലോക്‌സഭയിൽ ഇംഗ്ളീഷിൽ ഗ്രാമർ മിസ്റ്റേക്കോടെ പ്രസംഗിച്ചപ്പോൾ കളിയാക്കി ചിരിച്ച അംഗങ്ങളോടദ്ദേഹം പറഞ്ഞത് " ‘എനിക്ക് ഇംഗ്ലീഷ് അത്രയ്ക്ക് വശമില്ല. മുറി ഇംഗ്ലീഷിലേ സംസാരിക്കാനാകൂ. എന്നാൽ, അതൊരിക്കലും മുറിഞ്ഞ സത്യമായിരിക്കില്ല' എന്നാണ് "

കേരളത്തിന്റെ എം.പി മാർ പ്രത്യേകിച്ചും രാഹുൽ ഗാന്ധിയും ശശി തരൂരും തങ്ങളുടെ പ്രഭാവം എന്തു കൊണ്ട് വിനിയോഗിച്ചില്ല എന്നതിനുത്തരം പറയണം? എൻ. കെ പ്രേമചന്ദ്രനെ ഞാൻ കുറ്റപ്പെടുത്തില്ല. കൊല്ലത്തിന്റെ വികസനത്തിന് അദ്ദേഹം കൈക്കൊള്ളുന്ന നിലപാടുകൾ വളരെ സ്തുത്യർഹമാണ്.

പത്രത്തിൽ പ്രസ്‍താവനകൾ എഴുതിക്കൊടുത്തും കേരളത്തിൽ വന്നു തീപ്പൊരി പ്രസംഗം നടത്തിയിട്ടുമൊന്നും ഒരു കാര്യവുമില്ല. ഡൽഹിയിലാണ് പ്രവർത്തിക്കേണ്ടത്. ആ പ്രവർത്തനമികവാണ് ജനം ആഗ്രഹിക്കുന്നത്. പതിവ് പോലെ കേന്ദ്രത്തെ പഴിചാരി എന്തെങ്കിലുമൊക്കെ ചാനലുകാരോടും പത്ര ക്കാരോടും വീമ്പിളക്കി വീണ്ടും അടുത്ത തെരഞ്ഞെടുപ്പിൽ ഇതേപടി ജനത്തെ സമീപിച്ചു ജയിക്കാമെന്ന മോഹം നടക്കുമെന്ന് കരുതുന്നുണ്ടോ ?

-പ്രകാശ് നായര്‍ മേലില

Advertisment