Advertisment

റൈറ്റ് ടു റീകോള്‍, അഥവാ ജനപ്രതിനിധികളെ തിരിച്ചുവിളിക്കുക; എന്താണ് ഈ നിയമം ?

New Update

publive-image

Advertisment

റൈറ്റ് ടു റീകോള്‍ (RTR) അതായത് ജനപ്രതിനിധികളെ തിരിച്ചുവിളിക്കുക..അറിയുമോ ? ഇങ്ങനെയൊരു നിയമം ഇന്ത്യയിലുണ്ട് ..? എന്തുകൊണ്ട് ഈ നിയമം കേരള നിയമസഭ പാസ്സാക്കുന്നില്ല ? എന്താണ് ഈ നിയമം ?

തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ പ്രവർത്തനം 1 മുതൽ 2 വർഷം വരെയുള്ള 'ലോക്ക് ഇന്‍ പീരിയഡി'ൽ ജനം നിരീക്ഷിച്ചശേഷം തൃപ്‍തികരമല്ലെങ്കിൽ ഗ്രാമസഭകൾ കൂടി രഹസ്യ ഒപ്പുശേഖരണം നടത്തി അതിന്റെ അടിസ്ഥാനത്തിൽ ജനപ്രതിനിധിയെ തിരിച്ചുവിളിക്കാനുള്ള നിർദ്ദേശം കളക്ടർക്ക് സമർപ്പിക്കുന്നു. തുടർന്ന് കളക്ടർ ജനപങ്കാളിത്തത്തോടെ നടത്തുന്ന അന്വേഷണത്തിലൂടെയാണ് ജനപ്രതിനിധിയെ തിരിച്ചുവിളിക്കുന്നത്. അങ്ങനെ തിരിച്ചുവിളിക്കുന്ന വ്യക്തിക്ക് കുറഞ്ഞത് 6 വർഷത്തേക്കോ, ആജീവനാന്തമോ തെരഞ്ഞെ ടുപ്പിൽ മത്സരിക്കുന്നതിന് വിലക്കും ഏർപ്പെടുത്തും.

വീണ്ടും അവിടെ നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള ചെലവ് തിരിച്ചുവിളിക്കപ്പെട്ട വ്യക്തിയിൽ നിന്നാകും ഈടാക്കുക. നിയമം ഇത്ര ശക്തമായതിനാൽ അഴിമതിക്കാരും, അടിച്ചുമാറ്റലിന്റെ ആശാന്മാരും രാഷ്ട്രീ യത്തിൽ വരാൻ മടിക്കും. രാഷ്ട്രീയം ഒരു പരിധിവരെ മാലിന്യമുക്തവുമാകും.

ഇന്ത്യയിൽ ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാർ , ജാർഖണ്ഡ്, മദ്ധ്യപ്രദേശ്, ഛത്തീസ്‌ ഗഡ്‌ , മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്,പഞ്ചാബ് ,ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ റൈറ്റ് ടു റീകോള്‍ (RTR) നിയമം നിലവിലുണ്ട്.

ഇത് ഇപ്പോൾ പഞ്ചായത്ത് , മുൻസിപ്പാലിറ്റി തുടങ്ങിയ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ മാത്രമാണ് മേൽപ്പറഞ്ഞ സംസ്ഥാനങ്ങൾ നടപ്പാക്കിയിട്ടുള്ളത്. റൈറ്റ് ടു റീകോള്‍ നിയമപ്രകാരം പല സ്ഥലത്തും രണ്ടാം തവണ തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്.


ബോധവൽക്കരണത്തിൻ്റെ കുറവുമൂലവും ജനപ്രതിനിധികളുടെ സമ്മർദ്ദത്തിലും ഇനിയും ഈ നിയമം ഫല പ്രദമായി നടപ്പാക്കാൻ ഇത് നിലവിലുള്ള സംസ്ഥാനങ്ങളിലും കഴിഞ്ഞിട്ടില്ല.


ഉദാഹരണം നമ്മുടെ പ്രബുദ്ധ കേരളത്തിൽ സർക്കരോഫീസുകളിൽ നിലവിലുള്ള "സേവനാവകാശ നിയമം" പോലെ തന്നെ. ഉദ്യോഗസ്ഥരുടെ അനാസ്ഥയും കൃത്യവിലോപവും ഇല്ലാതാക്കാനായി എല്ലാ ഓഫീസുകളിലും ഈ നിയമത്തിൻ്റെ വിശദവിവരങ്ങൾ ഫ്രണ്ടോഫീസുകളിൽ വലിയ അക്ഷരത്തിലെഴുതി ബോർഡ് തൂക്കിയിട്ടുണ്ട്. എന്നാൽ 2012ൽ പാസ്സായ ഈ നിയമപ്രകാരം ഒരൊറ്റ പരാതിയും ഇന്നുവരെ ആരും സമർപ്പിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

ഇക്കാര്യങ്ങളിൽ വേണ്ടത്ര ബോധവൽക്കരണം നടത്താൻ ഉദ്യോഗസ്ഥ - രാഷ്ട്രീയ കൂട്ടുകെട്ട് തയ്യാറാകുന്നില്ല എന്നുവേണം അനുമാനിക്കാൻ. അത് അവരുടെ നിലനിൽപ്പിന്റെ ഭാഗമാണ്.

റൈറ്റ് ടു റീകോള്‍ (RTR) അതായത് ജനപ്രതികളെ തിരിച്ചുവിളിക്കാനുള്ള നിയമം കേരളത്തിൽ നടപ്പാക്കേണ്ടത് അനിവാര്യമാണ്. അഴിമതി ഉന്മൂലനം ചെയ്യേണ്ടത് പ്രാദേശികതലത്തിൽ നിന്നാണ്. പ്രബുദ്ധരെന്നു സ്വയം അവകാശപ്പെടുന്ന നമ്മൾ എന്തുകൊണ്ട് ഈ നിയമത്തിനായി വാദിക്കുന്നില്ല ? സാമൂഹ്യ - സാമ്പത്തിക- വിദ്യാഭ്യാസമേഖലകളിൽ നമ്മെക്കാൾ പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങൾ വളരെ കാര്യക്ഷമമായ ഈ നിയമം നടപ്പാക്കിയിട്ടും നമ്മുടെ രാഷ്ട്രീയപാർട്ടികൾ തുടരുന്ന മൗനം ദുരൂഹമാണ്.

രസകരമായ ഒരു കാര്യം പറയാം. കേരളത്തിലെ നേതാക്കൾ മറ്റു സംസ്ഥാനങ്ങൾ നടപ്പാക്കിയ റൈറ്റ് ടു റീകോള്‍ നിയമത്തെപ്പറ്റി കമാന്നൊരക്ഷരം മിണ്ടുന്നില്ലെങ്കിലും 1974 ൽ സിപിഐ നേതാവായിരുന്ന ശ്രീ സികെ ചന്ദ്രപ്പൻ ഈ നിയമപരിധിയിൽ എംഎല്‍എ-എംപിമാരെയും കൊണ്ടുവരണമെന്ന ഭരണഘടനാ ഭേദഗതിബിൽ ലോക്‌സഭ യിൽ അവതരിപ്പിക്കുകയുണ്ടായി. അന്ന് ആ ബില്ലിനെ അടൽ ബിഹാരി വാജ്‌പേയി വരെ പിന്തുണച്ചുവെങ്കിലും ബിൽ പരാജയപ്പെട്ടു.

പിന്നീട് അടൽജി അധികാരത്തിൽ വന്നിട്ടും ഈ നിയമം നടപ്പാക്കാൻ അന്ന് പിന്തുണച്ച അദ്ദേഹം പോലും ശ്രമിച്ചില്ല. അതുപോലെ ശ്രീ ചന്ദ്രപ്പന്റെ പാർട്ടി കേരളത്തിൽ പലതവണ അധികാരത്തിൽ വന്നിട്ടും റൈറ്റ് ടു റീകോള്‍ നിയമം മറ്റു സംസ്ഥാങ്ങളെയെങ്കിലും മാതൃകയാക്കി കേരളത്തിൽ നടപ്പാക്കാനും ശ്രമിച്ചില്ല എന്നതൊക്കെ വസ്തുതയാണ്. പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നിലപാടും അധികാരം കിട്ടുമ്പോൾ അതിനു ഘടകവിരുദ്ധമായ നിലപാടുകളുമാണ് നമ്മുടെ പല നേതാക്കളും അവരുടെ പ്രസ്ഥാനങ്ങളും സ്വീക രിച്ചുപോരുന്നത്.


നാളെയൊരിക്കൽ എംഎല്‍എ-എംപിമാരെയുൾപ്പെടെ അവരുടെ പ്രവർത്തനം മോശമായാൽ തിരിച്ചുവിളിക്കാനുള്ള നിയമം ഇൻഡ്യയൊട്ടാകെ നടപ്പിൽവരുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.


രാഹുൽ ചിമൻഭായ് മെഹ്ത്ത എന്ന ഒരു ഐഐടി എഞ്ചിനീയറുടെ നേതൃത്വത്തിൽ എംഎല്‍എ-എംപി എന്നൊരു group രൂപീകരിക്കുകയും 2019 ൽ എംഎല്‍എ-എംപി പാർട്ടി എന്നൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന് അദ്ദേഹം രൂപം നല്കുകയുമുണ്ടായി. ഗാന്ധിനഗർ ലോക്‌സഭാ സീറ്റിലും ഒരു അസ്സംബ്ലി സീറ്റിലും ഈ നീക്കത്തിനുള്ള പ്രചാരണവുമായി അവർ മത്സരിച്ചിരുന്നു.

എംഎല്‍എ, എംപി, മുഖ്യമന്ത്രിമാർ , പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ എംഎല്‍എ-എംപി നിയമപരിധിയിൽ കൊണ്ടുവരാനുള്ള നിയയമപോരാട്ടവും അവർ സമാന്തരമായി നടത്തിവരുന്നുണ്ട്.

ഭരണ - ഉദ്യോഗസ്ഥതല അഴിമതി തടയുന്നതിനായി കൊണ്ടുവന്ന വിവരാവകാശ നിയമം, സേവനാവകാശ നിയമം, ലോകായുക്ത, ലോക്‌പാൽ, വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ, പോലീസ് കംപ്ലയിന്റ് അതോറിറ്റി ഒക്കെ രാഷ്ട്രീയ - ഉദ്യോഗസ്ഥ സമ്മർദ്ദങ്ങൾക്കടിപ്പെട്ടാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ നിക്ഷ്പക്ഷവും നീതിയുക്തവുമായ തീരുമാനങ്ങൾ ഇവയിൽ നിന്നുണ്ടാകുക വിരളമാണ്.

ആ അവസരത്തിൽ റൈറ്റ് ടു റീകോള്‍ എന്ന നിയമം അഴിമതിയും , കെടുകാര്യസ്ഥതയും പ്രാദേശികതലത്തിൽ ഇല്ലാതാക്കാൻ ജനങ്ങൾക്ക് കിട്ടിയിരിക്കുന്ന നല്ലൊരു വജ്രായുധമാണ്. അതുകൊണ്ടുതന്നെയാകാം കേരളത്തിലെ രാഷ്ട്രീയക്കാർ ഈ നിയമം ഇപ്പോഴും കണ്ടില്ലെന്നു നടിക്കുന്നത്.

Advertisment