Advertisment

യഥാര്‍ത്ഥ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ഒന്ന് മാത്രം; മറ്റുള്ളതെല്ലാം ഡ്യൂപ്ലിക്കേറ്റ് ! വ്യാജ അവാര്‍ഡുകള്‍ക്ക് പിന്നില്‍ നിരവധി റാക്കറ്റുകള്‍

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ദാദാസാഹിബ് ഫാൽക്കെയുടെ പേരിൽ ഡ്യൂപ്ലിക്കേറ്റ് അവാർഡ് റാക്കറ്റ് നിരവധിയാണ്. അതിൻ്റെ പേര് മാറ്റി സംഘാടകർ നിയമനടപടികളിൽ നിന്ന് രക്ഷപെടുന്നു. ദാദാസാഹിബിന്റെ ബന്ധുക്കൾക്കും ഇതിൽ കടുത്ത അതൃപ്തിയുണ്ട്.

ഇന്ത്യൻ സിനിമയുടെ പിതാവ് ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ പേരിൽ ബോളിവുഡ് രംഗത്ത് വ്യാജ അവാർഡ് ചടങ്ങുകളുടെ വലിയ വിപണിയാണ് നടന്നുവരുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (CBFC) അംഗമായിരുന്ന വാണി ത്രിപാഠി ടിക്കു മുതൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വരെ ഇക്കാര്യത്തിൽ തങ്ങളുടെ എതിർപ്പ് പല വേദികളിൽ പ്രകടിപ്പിച്ചിട്ടുണ്ട്.

എന്നിരുന്നാലും, ഈ സ്വകാര്യ അവാർഡ് ചടങ്ങുകൾക്കെതിരെ നിയമപരമായി ഒരു നടപടിയും സ്വീകരിക്കാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കഴിഞ്ഞിട്ടില്ല. കാരണം, ഈ അവാർഡുകൾ സംഘടിപ്പിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ അവാർഡിന്റെ പേരിൽ ചില മാറ്റങ്ങൾ വരുത്തിയാണ് നിയമക്കുരുക്കിൽ നിന്നും രക്ഷപ്പെടുന്നത്. ഇതിനുപിന്നിൽ വലിയ സംഘടിതശക്തിയുണ്ട്. ശ്യാം ബെനഗലിനെപ്പോലുള്ള ചില പ്രമുഖ സംവിധായകർ ദാദാസാഹിബ് ഫാൽക്കെയുടെ പേര് ഇത്തരത്തിൽ ഉപയോഗിക്കുന്നത് തടയാൻ ഇന്ത്യാ ഗവൺമെന്റ് ഇടപെടണമെന്ന് നിർദ്ദേശിച്ചെങ്കിലും പേരുകൾ വത്യസ്തമായതിനാൽ അതിനു കഴിയില്ലെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചു.

ഈ അവാർഡുകൾ വ്യാജമാണ് എന്നറിഞ്ഞിട്ടും അതിശയകരമായ കാര്യം, ബോളിവുഡിലെ പ്രശസ്തരായ പല സെലിബ്രിറ്റികളും ഈ അവാർഡു സദസ്സുകളിൽ പങ്കെടുക്കുന്നു എന്നതാണ്.

നമുക്കറിയാം സിനിമാ മേഖലയിലെ ഇന്ത്യയുടെ പരമോന്നത ബഹുമതിയാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ്. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അധീനതയിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവലാണ് ഇത് ദേശീയ ചലച്ചിത്ര അവാർഡ് വർഷത്തിലൊരിക്കൽ നല്കിവരുന്നത്. സിനിമാ രംഗത്തിന് നൽകിയ അപൂർവ്വ സംഭാവനകൾ പരിഗണിച്ചാണ് 1969 മുതൽ സർക്കാർ ഈ അവാർഡ് നൽകിപ്പോരുന്നത്. ഇതാണ് യഥാർത്ഥ ദാദാസാഹിബ് ഫാൽക്കെ അവാർഡ്.

publive-image

മലയാളത്തിൽ നിന്ന് 2004 ൽ അടൂർ ഗോപാലകൃഷ്ണന് മാത്രമാണ് ദാദാ സാഹിബ് പുരസ്ക്കാരം ലഭിച്ചിട്ടുള്ളത്.

ഇപ്പോൾ ദാദാ സാഹിബിന്റെ പേരിൽ മഹാരാഷ്ട്രയിൽ മാത്രം അര ഡസനിലധികം വ്യാജ അവാർഡുകൾ നല്കപ്പെടുന്നുണ്ടെന്ന് ഓൾ ഇന്ത്യ സിനി വർക്കേഴ്‌സിന്റെ പ്രസിഡന്റ് ഗോരക്ഷ് ധോത്രേ പറയുന്നു. ഇതെല്ലാം വ്യാജമെന്നതിലുപരി ഒറിജിനലിൻ്റെ ഡ്യൂപ്ലിക്കേറ്റ് എന്ന് വേണമെങ്കിൽ പറയാം.

ശ്രീ ദാദാസാഹിബ് ഫാൽക്കെ ഫിലിം ആൻഡ് ടെലിവിഷൻ അവാർഡ്, ദാദാസാഹിബ് ഫാൽക്കെ ഫിലിം ഐക്കൺ ഓർഗനൈസേഷൻ, ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ദാദാസാ ഹിബ് ഫാൽക്കെ ഫിലിം ഫൗണ്ടേഷൻ അവാർഡുകൾ, ദാദാസാഹെബ് ഫാൽക്കെ എക്‌സലൻസ് അവാർഡുകൾ ഇങ്ങനെപോകുന്ന അപരനാമത്തിലുള്ള ദാദാസാഹിബ് ഫാൾക്കെ അവാർഡുകളുടെ നിര.

publive-image

അടുത്തിടെയാണ് 'ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ അവാർഡ്' ( Dadasaheb Phalke International Film Festival Awards) പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ആ ചടങ്ങിലാണ് ദുൽഖർ സൽമാന് Chup എന്ന ചിത്രത്തിലെ നെഗറ്റിവ് റോളിന് അവാർഡ് ലഭിച്ചത്. രൺബീർ കപൂറും ആലിയ ഭട്ടുമായിരുന്നു മികച്ച നടീനടന്മാർ. വരുൺ ധവാൻ, അനുപം ഖേർ, വിവേക് അഗ്നിഹോത്രി തുടങ്ങിയ പ്രമുഖർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തിരുന്നു.

എന്നാൽ നമ്മൾ മനസ്സിലാക്കേണ്ട വസ്തുത 'ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ അവാർഡ്' ഒരു സ്വകാര്യ സ്പോൺസർ പ്രോഗ്രാമാണ്. ഇതുതന്നെയാണ് ഇതേ പേരിലുള്ള മറ്റ് അവാർഡുകളുടെയും അവസ്ഥ. ഇതിനൊന്നും കേന്ദ്രസർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നൽകിവരുന്ന ദാദാസാഹിബ് ഫാൽക്കെ അവാർഡുമായി യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാർഥ്യം.

ദാദാസാഹിബിന്റെ അപരനാമത്തിൽ നടത്തപ്പെടുന്ന ഇത്തരം അവാർഡുകൾ ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ തുടങ്ങിയ പ്രമുഖർക്കും ലഭിച്ചിട്ടുണ്ട്. ഈ ചടങ്ങുകളിലൊക്കെ ബോളിവുഡ് സിനിമാരംഗത്തെ പ്രമുഖർ പങ്കെടുക്കുന്നുമുണ്ട്. അതാണ് ഇത്തരം അവാർഡ് ഫങ്ക്ഷനുകളെ നിലനിർത്തുന്ന പ്രധാന ഘടകം.

ഈ അവാർഡ് ഫംഗ്‌ഷനുകളുടെ ചിലവ് സ്‌പോൺസർമാരാണ് വഹിക്കുന്നത്. 20 ലക്ഷം മുതൽ കോടികൾ വരെ ചിലവഴിച്ചാണ് ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത്. തങ്ങൾക്കും ദാദാസാഹിബ് പുരസ്ക്കാരം ലഭിച്ചിട്ടുണ്ടെന്ന് പല സെലിബ്രിറ്റികളും പറയുന്നത് ഇതുമൂലമാണ്‌. ഇത് ഒരുതരത്തിൽ വലിയൊരു ബിസിനസ്സാണ്.

Advertisment