Advertisment

ഓൾഡ് മങ്ക് റം ഫുൾ ബോട്ടിൽ 700 രൂപ,ഇവിടല്ല, അങ്ങ് കർണ്ണാടകയിൽ. ഇവിടെ 980 രൂപ ! മദ്യ ഉപഭോക്താക്കൾ കേരളത്തിലെ ഏറ്റവും വലിയ അസംഘടിത കൺസ്യൂമർ ശക്തിയാണ്; പക്ഷേ അവർക്ക് സമൂഹത്തിൽ ഒരു മേഖലയിലും മാന്യതയില്ല; അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്നു ?

New Update

publive-image

Advertisment

ഓൾഡ് മങ്ക് റം ഫുൾ ബോട്ടിൽ 700 രൂപ,ഇവിടല്ല, അങ്ങ് കർണ്ണാടകയിൽ. ഇവിടെ 980 രൂപ ! ബാംഗ്ലൂരിലെ പീനിയ എന്ന വ്യവസായ മേഖലയിലെ ഒരു മദ്യശാലയിൽ നിന്നുള്ള ദൃശ്യമാണ്. വളരെ മാതൃകാപരമായാണ് ഇവിടുത്തെ മദ്യശാലകൾ സജ്ജീകരിച്ചിരിക്കുന്നത്. മദ്യം ഒരു പെഗ്ഗ് ബോട്ടിലുൾപ്പെടെ ഫുൾ കുപ്പിവരെ ഇവിടെ നിന്നും വാങ്ങാവുന്നതാണ്. പൂർണ്ണമായും സ്വകാര്യ മേഖലയിലാണ് അവിടെ വിതരണ സംവിധാനം മുഴുവനും.

സ്ത്രീകളും അവിടേക്ക് നിർഭയരായി കടന്നുവരുന്നു. അവർക്കാവശ്യമായ മദ്യം വാങ്ങി പണം നൽകിയശേഷം തങ്ങളുടെ ഷോൾഡർബാഗിൽ നിക്ഷേപിച്ച് കടന്നുപോകുന്നു.

ഇനി അവിടെ ഇരുന്നു കഴിക്കാനാണെങ്കിൽ അതിനായി വൃത്തിയും വെടിപ്പുമുള്ള സംവിധാനവുമുണ്ട്. ഒരു ഹാളിൽ ഏകദേശം 30 കസേരകളും ടേബിളും സജ്ജമാക്കപ്പെട്ടിട്ടുണ്ട്. വെള്ളം പൗച്ച്, കുപ്പി എന്നിവയും ടച്ചിങ്ങിനുള്ള കപ്പലണ്ടി, അണ്ടിപ്പരിപ്പ്,കടല എന്നീ ഐറ്റെംസും ഡിസ്പോസിബിൾ ഗ്ലാസും കൗണ്ടറിൽ ലഭ്യമാണ്.

ചിക്കൻ ഉൾപ്പെടെ കൂടുതൽ വിഭവങ്ങൾ വേണമെങ്കിൽ തൊട്ടരുകിൽ അതിനായുള്ള തട്ടുകടയുമുണ്ട്. അവർ ടേബിളിൽ സാധനങ്ങൾ എത്തിച്ചു നൽകും.ഇതൊക്കെ ഞാൻ നേരിട്ട് കണ്ട കാര്യങ്ങളാണ്. ബാറുകളിൽ പോയി മദ്യപിക്കാൻ കഴിയാത്ത വർക്ക് ഈ സംവിധാനം ഫലപ്രദമാണ്. അതുപോലെ ബാംഗ്ലൂരിലെ ഒട്ടുമിക്ക ഹൈപ്പർ മാർക്കറ്റുകളിലും മദ്യം ലഭ്യമാണ്.

ഇനി നമുക്ക് കേരളത്തിലേക്ക് വരാം...

കേരളത്തിൽ ബെവ്‌കോ ഔട്ട്ലെറ്റുകളിലെ സാറന്മാരുടെ ധാർഷ്ട്യവും ജാടയും സഹിച്ച് സാധനം വാങ്ങി പുറത്തിറങ്ങിയാൽ കഴിക്കാനിടമില്ല. വീട്ടിൽ മാതാപിതാക്കളും കുട്ടികളുമുള്ളിടത്ത് വലിയ ബുദ്ധിമുട്ടാണ്.

കേരളത്തിലെ മദ്യപാനികളുടെ സഹനത്തിനും പെടാപ്പാടിനും സത്യത്തിൽ ധീരതയ്ക്കുള്ള പുരസ്ക്കാരം നൽകേണ്ടതാണ്. ഔട്ട്ലെറ്റിൽ നിന്നും ഈ സാധനം വാങ്ങി ആളൊഴിഞ്ഞ സ്ഥലത്തോ, കടകളിലോ ഇരുന്നു കഴിച്ചാൽ ഒളിഞ്ഞുനിൽക്കുന്ന പോലീസിന്റെ പിടി ഉറപ്പാണ്. ബെവ്കോ ഔട്ട്ലെറ്റുകൾക്കുമുന്നിൽ സ്ഥിരം പോലീസ് സാന്നിദ്ധ്യമുണ്ട്.

publive-image

ഊതിക്കുന്നത് നിയമവിരുദ്ധമാണെന്ന ബഹു.ഹൈക്കോടതി ഉത്തരവൊന്നും പൊലീസിന് ബാധകമല്ല. അവർ ഊതിക്കും. പലയാൾക്കാർ ഊതിയ ബ്രീത്ത് അനലൈസറിൽ കൂടെ ഈ കലാപരിപാടി അനവരതം തുടരുന്നു. എതിർത്താൽ അവർ തല്ലും ഉറപ്പാണ്. മുകളിൽ നിന്നുള്ള ഉത്തരവും ടാർജെറ്റും ഇവർക്ക് തികയ്ക്കേണ്ടതുണ്ട് എന്നാണ് പറയപ്പെടുന്നത്. ഊതിക്കൽ പരിപാടി കൂടുതലും ടൂ വീലറുകാരിലാണ് നടത്തുന്നത്. കാറുകളിലും അപൂർവമായി ഉണ്ടാകാറുണ്ട്. ഇന്നോവ, എസ് യു വി വാഹനങ്ങൾക്ക് പോലീസ് കൈകാണിക്കുകയേ ഇല്ല.

ഊതിച്ചശേഷം പോലീസ് നടത്തുന്ന വ്യക്തിഹത്യ, അതായത് മനപ്പൂർവ്വമുള്ള അപമാനിക്കലാണ് ഏറ്റവും വേദനാജനകം. ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുപോയശേഷം ഉത്തരവാദപ്പെട്ട പോലീസുകാർ അവരുടെ വഴിക്കുപോകും. മദ്യപിച്ചതിന് പിടിക്കപ്പെട്ടവർ ഇരിക്കാൻ പോലുമനുവാദമില്ലാതെ സ്റ്റേഷനിൽ ഒരേ നിൽപ്പാണ്.

ഈ സമയമെല്ലാം സ്റ്റേഷനിലെ റൈറ്റർ എഴുത്തോടെഴുത്തും പോലീസുകാർ തിരക്കോട് തിരക്കുമാണ്. കുറേക്കഴിഞ്ഞശേഷം രണ്ടു ജാമ്യക്കാരെ വിളിച്ചുവരുത്താൻ കൽപ്പനയുണ്ടാകും. അപ്പോഴേക്കും നാടെല്ലാം ഈ മദ്യ അറസ്റ്റ് പാട്ടായിമാറിയിരിക്കും. ജാമ്യം ലഭിച്ചു പുറത്തിറങ്ങാൻ മിക്കവാറും രാത്രിയാകും. കുറഞ്ഞത് 5 മണിക്കൂർ പോലീസ് സ്റ്റേഷനിൽ കഴിച്ചു കൂട്ടണം എന്ന് സാരം. തീർത്തും അപമാനിക്കലാണ് ഇത്.

മദ്യപിച്ചവരെ മെഡിക്കൽ ചെക്കപ്പിന് വിധേയമാക്കുക അപൂർവ്വമാണ്. അഥവാ ചെക്കപ്പിന് ഹാജരാക്കിയാൽ ഡോക്ടർ നൽകുന്നത് റെഡിമെയ്‌ഡ്‌ റിപ്പോർട്ടാണ്. റിപ്പോർട്ട് ഡോക്ടറുടെ പക്കൽ സദാ തയ്യറാണ്. വ്യക്തി യുടെ പേരും വിവരങ്ങളും മാത്രം എഴുതിച്ചേർത്താൽ മതിയാകും. രക്തം, മൂത്രം ഇവയൊന്നും പരിശോധിക്കാറില്ല.

അടുത്തഘട്ടം പെറ്റി അടയ്ക്കൽ ചടങ്ങാണ്. അതും പലപ്പോഴും പോലീസുകാർ തന്നെ ചെയ്തുകൊള്ളും. കോടതിയിൽ പോയി പെറ്റി അടയ്ക്കാൻ പെറ്റിയുടെ തുക കൂടാതെ വക്കീലിന് ഫീസ് വേറെ നൽകണം . മാത്രവുമല്ല ചിലപ്പോൾ അത് രണ്ടു ദിവസത്തെ ചടങ്ങാണ്. അതുകൊണ്ട് പോലീസുകാർ തന്നെ ഈ ജോലിയും എളുപ്പമാക്കിത്തരും. അവർക്കുള്ള പണം കൂടി ഏൽപ്പിച്ചാൽ മതി. എല്ലാ കാര്യങ്ങളൂം അവർ നടത്തിക്കൊള്ളും.പെറ്റി അടയ്ക്കാൻ കോടതിയിൽ പോകേണ്ടതില്ല.

കേരളത്തിലെ മദ്യനയം ഇത്രയേറെ അപഹാസ്യമാക്കിയത് ഇവിടുത്തെ രാഷ്ട്രീയക്കാരാണ്.പ്രത്യേകിച്ചും യുഡിഎഫ്‌ സർക്കാരുകൾ. 96 ൽ ആന്റണി സർക്കാർ പ്രഖ്യാപിച്ച ചാരായനിരോധനമാണ് ഇവിടെ മദ്യനയം ആകെ കുളമാക്കിയത്. മണിച്ചനെപ്പോലുള്ള വ്യാജന്മാർ ഉയർന്നുവന്നത് അതിൻ്റെ ഫലമായാണ്.

ചാരായനിരോധനവും ഘട്ടം ഘട്ടമായുള്ള മദ്യനിരോധനവും ചില്ലറയല്ല ഇവിടുത്തെ സാധാരണക്കാരുടെ ജീവിതനിലവാരം താറുമാറാക്കിയത്. ബെവ്കോയിലെ അപഹാസ്യമായ ക്യൂവും വൃത്തിഹീനമായ അവിടുത്തെ അന്തരീക്ഷവും ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും മുന്തിയ വിലയും പൊതുവേ അസഹ്യമായി മാറി. അതിൻ്റെ പ്രതിഫലനം ആന്റണി, ഉമ്മൻ‌ചാണ്ടി സർക്കാ രുകളുടെ പരാജയത്തിൽ കലാശിച്ചു എന്ന യാഥാർഥ്യം ഇനിയുമവർ മനസ്സിലാക്കിയിട്ടില്ല..

വിഷയം നിസ്സാരമായി കാണാൻ വരട്ടെ. നിശബ്ദമായി പ്രതികരി ക്കാൻ മദ്യഉപഭോക്താക്കൾക്കറിയാം എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ആന്റണി സർക്കാരിന്റെ വലിയ തോൽവി. സാധാരണക്കാരന്റെ കുടുംബ ബജറ്റുകൾ ഒന്നാകെ താറുമാറാക്കിയ ചാരായനിരോധനം മൂലം സ്ത്രീകൾ വരെ ആന്റണി സർക്കാരിനെതിരായി മാറി എന്നത് യാഥാർഥ്യം തന്നെയാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ പതനത്തിലും അവരുടെ മദ്യനയത്തിന് വലിയ പങ്കുണ്ട്. ബെവ്കോ ഔട്ട്ലെറ്റുകളിലെ നാണം കേട്ട ക്യൂ അവരുടെ സംഭാവനയായിരുന്നു.

അന്ന് ഉമ്മൻ‌ചാണ്ടി സർക്കാർ ഈ ക്യൂവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ " മദ്യ ഔട്ട്ലെറ്റുകളിലെ ക്യൂ ബാങ്കുകളിലെയും റെയിൽവേ സ്റ്റേഷനു കളിലെയും ക്യൂ പോലെ കണ്ടാൽ മതിയെന്നായിരുന്നു" പറഞ്ഞത്. അന്ന് ആ സർക്കാരിന്റെ മരണ മണി മുഴങ്ങി. കാരണം ക്യൂ ഒഴിവാക്കാൻ ബാങ്കുകളും റെയിൽവേയും പല നടപടികളും കൈക്കൊണ്ടു. അത് ഫലവത്തായി. കാരണം കൺസ്യൂമർ പ്രൊട്ടക്ഷനും അവർക്കുള്ള സൗകര്യങ്ങളും എന്തൊക്കെയെന്ന് ആ മാനേജ്‌മെന്റുകൾക്ക് നന്നായറിയാമായിരുന്നു.

പലരും മദ്യനിരോധനത്തിന്റെ വക്താക്കളെന്ന് പുറമേ മേനി നടിക്കുമെങ്കിലും കേരളത്തിൽ ഭൂരിഭാഗം അല്പസ്വല്പമെങ്കിലും മദ്യപിക്കുന്നവരാണ്. സ്വന്തം പാർട്ടിക്കാർക്കുപോലും യുഡിഎഫ്‌ കൈക്കൊള്ളുന്ന മദ്യനയ ത്തോട് ശക്തമായ എതിർപ്പുണ്ട്. അത് അവർ നിശബ്ദരായി തെരഞ്ഞെടുപ്പിൽ പ്രയോഗിക്കുകതന്നെ ചെയ്യും.

ഉദാഹരണത്തിന് ഇപ്പോൾ പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ സെസ്സ് ഏർപ്പെടുത്തിയത് പിൻവലിക്കണമെന്ന് പറഞ്ഞാണ് കോൺഗ്രസ് സമരം ചെയ്യുന്നത്. എന്തുകൊണ്ടാണ് ഇവ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എതിർക്കുന്നത് ? അങ്ങനെ വന്നാൽ വില ഗണ്യമായി കുറയല്ലേ ? സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകാൻ വേണ്ടി മദ്യത്തിന് 20 ഉം 40 ഉം രൂപ ഒരു പ്രത്യേക ആക്ഷനിലൂടെ വർദ്ധിപ്പിച്ചതിനെപ്പറ്റി കോൺഗ്രസ്സ് എന്തേ മൗനം തുടരുന്നു ? എന്തുകൊണ്ടാണ് കോൺഗ്രസ് മദ്യവിലവർദ്ധനക്കെതിരേ ശബ്ദിക്കാത്തത് ?

രാഷ്ട്രീയക്കാർ സ്വന്തം പൊയ്‌മുഖം വലിച്ചറിയണം. മദ്യം നിരോധിക്കാത്ത നാട്ടിൽ മദ്യപിക്കുന്നത് കുറ്റമോ കുറവോ ഒന്നുമല്ല. അവർക്കും അവകാശങ്ങളുണ്ട്. അവരും മനുഷ്യരാണ്. അടിക്കടി മദ്യത്തിന് വിലകൂട്ടി അവരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണം. അവർക്കുവേണ്ടി ശബ്ദിക്കാൻ പ്രതിപക്ഷത്തിന് ആർജ്ജവമുണ്ടാകണം. അന്താരാഷ്ട്രതലത്തിൽ രാജ്യത്തലവന്മാർക്ക് നൽകുന്ന അത്താഴവിരുന്നുകളിൽ പോലും ഷാംപെയിൻ വിളമ്പുന്നത് സാധാരണമാണ്.

മദ്യ ഉപഭോക്താക്കൾ കേരളത്തിലെ ഏറ്റവും വലിയ അസംഘടിത കൺസ്യൂമർ ശക്തിയാണ്. പക്ഷേ അവർക്ക് സമൂഹത്തിൽ ഒരു മേഖലയിലും മാന്യതയില്ല. അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്നു ?

ഇവിടുത്തെ രാഷ്ട്രീയക്കാരും പോലീസും ഉദ്യോഗസ്ഥരും സ്ഥിരം കറവപ്പശുക്കളായാണ് മദ്യ ഉപഭോ ക്താക്കളെ കാണുന്നത്. ബഹു. ഹൈക്കോടതി പലതവണ നിർദ്ദേശം നൽകിയിട്ടും ഔട്ട്ലെറ്റു കളിൽ വേണ്ട സൗകര്യങ്ങൾ ഇനിയും ഒരുക്കിയിട്ടില്ല. വൃത്തിഹീ നമാണ് പല ഔട്ട്ലെറ്റുകളുടെയും പരിസരം. .70 രൂപ വിലയുള്ള സാധനം 1100 രൂപയ്ക്ക് വാങ്ങുന്ന കേരളത്തിലെ പൊതുഖ ജനവിന്റെ നട്ടെല്ലായി മാറിയിട്ടും യാതൊരു മാനുഷികപരി ഗണനയും ലഭിക്കാത്തവരാണ് ഇന്നും കേരളത്തിലെ മദ്യ ഉപഭോക്താക്കൾ

Advertisment