Advertisment

അൽ അഖ്‌സ മസ്ജിദ്: എന്താണ് ഇപ്പോൾ നടക്കുന്ന സംഘർഷങ്ങൾക്ക് പിന്നിൽ ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ജറുസലേമിലെ അൽ-അഖ്‌സ മസ്ജിദ് സമുച്ചയം മുസ്ലീങ്ങളുടെ പുണ്യസ്ഥലങ്ങളിൽ മൂന്നാം സ്ഥാനത്താണ്. അവസാന പ്രവാചകൻ ഹസ്രത്ത് മുഹമ്മദ് നബി ഇവിടെ നിന്നാണ് ജന്നത്തിലേക്ക് പോയതെന്ന് അവർ വിശ്വസിക്കുന്നു. യഹൂദന്മാർക്ക് ഇവിടെ വരാൻ അനുവാദമുണ്ടെങ്കിലും അമുസ്ലിംങ്ങൾ അൽ-അഖ്സ മസ്ജിദ് സമുച്ചയത്തിൽ ആരാധന നടത്തുന്നത് നിരോധിച്ചിട്ടുണ്ട്.

1967ലെ ആറ് ദിവസത്തെ യുദ്ധത്തിൽ അന്ന് ജറുസലേമിന്റെ ഈ ഭാഗം ഇസ്രായേൽ പിടിച്ചെടുത്തു. ആ യുദ്ധത്തിനുശേഷം, അൽ-അഖ്‌സ മസ്ജിദിന്റെ സൂക്ഷിപ്പുകാരായ ജോർദാനും ഇസ്രയേലും തമ്മിൽ ഒരു കരാറിലെത്തി, ജൂതന്മാരെ ഈ സ്ഥലം സന്ദർശിക്കാൻ അനുവദിക്കുമെങ്കിലും പള്ളി വളപ്പിൽ ആരാധന നടത്താൻ അവരെ അനുവദിക്കില്ല എന്നായിരുന്നു കരാർ.

യഹൂദർ ഈ സ്ഥലത്തെ ടെമ്പിൾ മൗണ്ട് എന്ന് വിളിക്കുന്നു. യഹൂദരുടെ മതപ്രമാണമനുസരിച്ച് ഏറ്റവും വിശുദ്ധമായ സ്ഥലമാണ് ടെമ്പിൾ മൗണ്ട്. അതായത് മുസ്‌ലിം - ക്രിസ്ത്യൻ - യഹൂദർ ഈ മൂന്നു മതസ്ഥരുടെയും പുണ്യസ്ഥലമാണ് ജറുസലേം നഗരം.

publive-image

ഇപ്പോൾ നടക്കുന്ന സംഘർഷങ്ങൾക്കുപിന്നിൽ 'റിട്ടേൺ ടു ദി മൗണ്ട്' എന്ന യഹൂദ മതതീവ്രവാദി സംഘടനയാണ്. അൽ അഖ്‌സ മസ്ജിദിനുള്ളിൽ ആടിനെ ബലികൊടുക്കാൻ അവർ നടത്തിയ ശ്രമങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. 350 പലസ്തീൻകാരെയും 'റിട്ടേൺ ടു ദി മൗണ്ട്' സംഘടനാ തലവൻ റാഫേൽ മോറിസി നേയും അനുയായികളെയും പോലീസ് അറസ്റ്റ് ചെയ്തു.

എന്തുകൊണ്ടാണ് ജൂത മതമൗലികവാദികൾ പള്ളിയുടെ പരിസരത്ത് ആടിനെ ബലിയർപ്പിക്കാൻ ശ്രമിച്ചത് ?

ഇത് അവരുടെ വിശുദ്ധ വിശുദ്ധഗ്രന്ഥമായ ‘തോറ' യുമായി ബന്ധപ്പെട്ടാണ് ഈ ആചാരത്തിന്റെ വേരുകളുള്ളത്. തോറ പ്രകാരം, യഹൂദരെ ഈജിപ്തിൽ അടിമകളായി തടവിലാക്കിയിരുന്ന കാലത്ത് അവരെ മോചിപ്പിക്കാൻ ദൈവം ആ ദേശത്തെത്തുകയും എല്ലാ ഈജിപ്ഷ്യൻ കുടുംബത്തിലെയും ആദ്യത്തെ ആൺസന്താനത്തെ കൊലപ്പെടുത്തുകയുമായിരുന്നു.

publive-image

ഇസ്രായേല്യരോട് (യഹൂദന്മാർ) ഒരു ആടിനെ ബലിയർപ്പിക്കാനും അതിന്റെ രക്തം കൊണ്ട് അവരുടെ വാതിലുകളിൽ ഒരു അടയാളം ഇടാനും ദൈവം കൽപ്പിച്ചു, അങ്ങനെ മരണം അവരുടെ വാതിലിനു മുന്നിലൂടെ കടന്നുപോകുകയും അവരെ നശിപ്പിക്കാതിരിക്കുകയും ചെയ്തു എന്നാണ് വിശ്വാസം.

തോറയിൽ പരാമർശിച്ചിരിക്കുന്ന ഈജിപ്തിലെ 'ഏഴ് ദൈവിക വിപത്തുകളിൽ' അവസാനത്തേതാണ് ഇത്. ഈജിപ്തിലെ ഫറവോന് (ഭരണാധികാരി) നേരെയുള്ള അവസാന ആക്രമണമായിരുന്നു ഇതെന്ന് പറയപ്പെടുന്നു, അതിനുശേഷം ജൂത പൗരന്മാരെ രാജ്യം വിടാൻ ഫറവോൻ അനുവദിച്ചു. യഹൂദ പുരാണങ്ങളിൽ ഇതിനെ എക്സോഡസ് എന്ന് വിളിക്കുന്നു, അതായത് 'മാസ് മാർച്ച്'.

publive-image

തുടർന്ന് യഹൂദന്മാർ തങ്ങളുടെ പൂർവ്വപിതാവായ അബ്രഹാമിന്, ദൈവം അനുവദിച്ചുനൽകിയ ' വാഗ്ദത്ത ദേശത്ത് ' അതായത് ഇന്നത്തെ ഇസ്രായേലിൽ അവർ എത്തപ്പെടുകയും അന്നുമുതൽ പുറപ്പാടിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും ഒരു ആടിനെ ബലിയർപ്പിക്കുന്ന ആചാരം ആരംഭിച്ചുവെന്നുമാണ് ഐതീഹ്യം.

എന്നാൽ ആടിനെ ബലിനൽകുന്ന ഈ ചടങ്ങു് ഭൂരിഭാഗം യഹൂദരും അനുഷ്ടിക്കാറില്ല. ജൂതരിലെ തീവ്ര മത വിശ്വാസികളായ 'റിട്ടേൺ ടു ദി മൗണ്ട് ' സംഘടനയുമായി ബന്ധപ്പെട്ടവർ മാത്രമാണ് ഇതാഘോഷിക്കുന്നത്. പെസഹയുടെ തലേന്ന് ആടുകളെ ബലിയർപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജൂത മതമൗലികവാദ ഗ്രൂപ്പുകൾ എല്ലാ വർഷവും റാലി നടത്താറുണ്ട്. പക്ഷേ അനുവദിക്കാറില്ല.

അടിമത്തത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെയും ദൈവത്തിന്റെ കൽപ്പനയിലേക്ക് നീങ്ങിയതിന്റെയും ഓർമ്മയ്ക്കായി ഇസ്രായേലികൾ ഒരാഴ്ച കൊണ്ടാടുന്ന പെസഹാ ആഘോഷം ഇത്തവണ മുസ്ലീങ്ങളുടെ വിശുദ്ധ റമദാൻ മാസത്തിലാണ് വന്നതെന്നതിനാൽ പിരിമുറുക്കം കൂടുതൽ വർദ്ധിച്ചു. ഏപ്രിൽ 5 മുതലാണ് ആഘോഷത്തിന് തുടക്കമായത് ഇത് 13 വരെ നീളും.

publive-image

നിലവിൽ അൽ-അഖ്‌സ മസ്ജിദിന്റെ ഗോൾഡൻ ഡോം സ്ഥിതി ചെയ്യുന്ന അതേ സ്ഥലത്ത് മൂന്നാമതൊരു ആരാധനാലയം നിർമ്മിക്കാൻ പല ജൂത ഗ്രൂപ്പുകളും ആഗ്രഹിക്കുന്നുണ്ടെങ്കിലും എതിർപ്പുകൾ ശക്തമായതിനാൽ അത് നടക്കാനിടയില്ല.

ഇത്തവണ പെസഹാ ആഘോഷങ്ങൾക്കു മുന്നോടി യായി 'റിട്ടേൺ ടു ദി മൗണ്ട്' സംഘടന, അൽ അഖ്‌സാ മസ്ജിദിലെ ടെമ്പിൾ മൗണ്ടിൽ ആടിനെ ബലിനൽകുമെന്ന് പ്രഖ്യാപിക്കുകയും അതേത്തുടർന്ന് മുസ്ലീങ്ങൾക്ക് വളരെ പവിത്രമായി കരുതുന്ന ഈ പള്ളിയെ ജൂത മതമൗലികവാദികളിൽ നിന്ന് സംരക്ഷിക്കണമെന്ന് പലസ്തീൻ സംഘടനയായ ഹമാസ് ഫലസ്തീനുകളോട് അഭ്യർത്ഥിക്കുകയുമായിരുന്നു.

ഹമാസിന്റെ അപ്പീലിനെ തുടർന്നാണ് മുസ്‌ലിം മത വിശ്വാസികൾ പള്ളി പരിസരത്ത് എത്തിയത്. അതിനിടെ മുസ്‌ലിം വേഷധാരിയായി റിട്ടേൺ ടു ദി മൗണ്ട് തലവൻ റാഫേൽ മോറിസ് മസ്ജിദിലെത്തുകയും ഇസ്രായേൽ സേന അയാളെ പിടികൂടുകയും ചെയ്തതോടെ സംഘർഷം ഉടലെടുത്തു. ഇസ്രായേൽ സായുധസേനയുടെ സാന്നിദ്ധ്യത്തിൽ അനേകം പാലസ്തീൻകാരും ഇസ്‌ലാമിക സംഘടനാ അനുയായിയികളും എന്തുവിലകൊടുത്തും തങ്ങൾ മസ്ജിദ് സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

യഹൂദ ആഘോഷം വരുമ്പോഴെല്ലാം സമുദായ സംഘർഷം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ മുൻകരുതൽ എന്ന നിലയിൽ ഇസ്രായേൽ സേന, റിട്ടേൺ ടു ദി മൗണ്ട് ഉൾപ്പെടെയുള്ള ചില സംഘടനാ നേതാക്കളെ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റു ചെയ്യറുണ്ട്. റാഫേൽ മോറിസ് ഇപ്പോൾ കരുതൽത്തടങ്കലിലാണുള്ളത്.

അൽ-അഖ്‌സ മസ്ജിദിൽ ആടിനെ ബലിയർപ്പിക്കുകയോ അതിന് ശ്രമിക്കുന്നതിനിടെ പിടിക്കപ്പെടുകയോ ചെയ്യുന്നവർക്ക് ഉയർന്ന പാരിതോഷികം നൽകുമെന്ന് റിട്ടേൺ ടു ദി മൗണ്ട് അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രകാശ് നായര്‍ മേലില

Advertisment