Advertisment

മുസ്ലിംലീഗ് എന്ന രാഷ്ട്രീയപ്പാർട്ടി എത്രയും വേഗം പിരിച്ചുവിടുന്നതാവും മുസ്ലിം ന്യൂനപക്ഷത്തിനും മറ്റ് ന്യൂനപക്ഷജനതയ്ക്കും ഒരുപോലെ നല്ലത്

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

മുസ്ലിംലീഗ് എന്ന രാഷ്ട്രീയപ്പാർട്ടി എത്രയും വേഗം പിരിച്ചുവിടുന്നതാവും മുസ്ലിം ന്യൂനപക്ഷത്തിനും മറ്റ് ന്യൂനപക്ഷജനതയ്ക്കും ഒരുപോലെ നല്ലത്. 80:20 അനുപാതം എന്ന ലീഗ് കൊണ്ടുവന്ന കൃത്രിമം റദ്ദാക്കുന്ന ഹൈക്കോടതിവിധി അതാണ് തെളിയിക്കുന്നത്.

രാജ്യത്ത് മുസ്ലിങ്ങൾ അനുഭവിക്കുന്ന പിന്നാക്കാവസ്ഥ പഠിച്ച സച്ചാർ കമീഷൻ റിപ്പോർട്ടും അതിനുണ്ടാവേണ്ട തുടർനടപടികളും ഏകകണ്ഠമായി എല്ലാവരും ഉൾക്കൊണ്ടതാണ്.

അങ്ങനെയാണ് സച്ചാർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ മുസ്ലിംക്ഷേമപദ്ധതികൾ നടപ്പാക്കാൻ പാലോളി കമ്മറ്റി രൂപീകരിച്ചത്. തുടർന്നുവന്ന സർക്കാരിൽ അതിലെ നിർദ്ദേശങ്ങൾ 80:20 (എൺപത് മുസ്ലിങ്ങൾക്കും ഇരുപത് കൃസ്ത്യാനികൾക്കും) അനുപാതത്തിലേക്ക് മാറ്റിയത് മുസ്ലിംലീഗിന്റെ ഗൂഢതാല്പര്യപ്രകാരമായിരുന്നുവെന്ന് പിന്നീട് വ്യക്തമായിരുന്നു.

ഒറ്റനോട്ടത്തിൽ മുസ്ലിങ്ങൾക്കൊപ്പം കൃസ്ത്യാനികൾക്കും പരിഗണന നൽകുന്നതായി തോന്നിക്കുന്നതായിരുന്നു ഈ ഗൂഢനീക്കം. ക്രൈസ്തവജനതയുടെ പിന്നാക്കാവസ്ഥ പ്രത്യേകമായി പഠിക്കാൻ സച്ചാർ മാതൃകയിൽ കമീഷനുണ്ടാകണം എന്നതായിരുന്നു കൃസ്ത്യൻ ന്യൂനപക്ഷത്തിന്റെ പൊതുതാല്പര്യം. അക്കാര്യത്തിൽ ഒരു ഉത്സാഹവും കാണിക്കാത്ത ഒളിച്ചുകളിയാണ് ന്യൂനപക്ഷവകുപ്പ് യുഡിഎഫിൽ കൈകാര്യംചെയ്ത ലീഗ് ചെയ്തത്.

മുസ്ലിങ്ങളുടെ താല്പര്യംപോലും ലീഗിന് വാസ്തവത്തിൽ പരിഗണനാവിഷയമായിരുന്നില്ലെന്നു വേണം ഇപ്പോഴത്തെ കോടതിവിധിയടക്കം പഠിക്കുമ്പോൾ നാം മനസ്സിലാക്കാൻ.

രണ്ട് ക്രൂരതകൾ ഇതിൽ ലീഗ് ചെയ്തു:

ഒന്ന് -

ക്രൈസ്തവന്യൂനപക്ഷത്തെ ന്യൂനപക്ഷങ്ങൾക്കുള്ള ആനുകൂല്യങ്ങളുടെ എല്ലിൻ കഷണങ്ങൾക്കു മാത്രം അവകാശമുള്ളവരെന്ന നിലയിൽ കണ്ടു. ഔദാര്യംപോലെ മുന്നോട്ടുവച്ച 80:20 അനുപാതം അതാണ് സത്യത്തിൽ ക്രൈസ്തവരിലുണർത്തിയ വികാരം. സാമുദായികമായി ആലോചിക്കാനും തുടർന്നത് മുസ്ലിം-ക്രൈസ്തവവിഭാഗങ്ങൾ തമ്മിലെ വർഗ്ഗീയചേരിതിരിവിലെത്താനുമൊക്കെ ലീഗിന്റെ സ്ഥാപിതതാല്പര്യനടപടി വഴിമരുന്നിട്ടു.

രണ്ട്-

മുസ്ലിങ്ങൾക്ക് ന്യായമായും ലഭിക്കുമായിരുന്ന ആനുകൂല്യംവരെ നിഷേധിക്കപ്പെടുന്ന സ്ഥിതി ഇപ്പോഴത്തെ കോടതിനടപടികൾക്ക് ഇടവരുത്തുക വഴി സൃഷ്ടിച്ചു. അതായത്, മുസ്ലിം ജനങ്ങളെയും ചതിച്ചു ലീഗിന്റെ 80:20 കുതന്ത്രം.

ഇതിനിടയിലൊക്കെയും സത്യത്തിനും നീതിയ്ക്കും വേണ്ടിയുള്ള മുറവിളി ശക്തമായി ഉയർന്നിട്ടുണ്ട്. അവ പരിഗണിക്കപ്പെട്ടില്ലെന്നതാണ് വാസ്തവം.

സച്ചാർകമീഷൻ നിർദ്ദേശങ്ങളെ പിന്തുണച്ചുകൊണ്ടുതന്നെ 80:20 അനുപാതത്തിലെ ന്യായക്കേട് കേരളകോൺഗ്രസ് പ്രസ്ഥാനം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സച്ചാർ മാതൃകയിൽ രാജ്യത്തെ ക്രൈസ്തവജനത നേരിടുന്ന പ്രതിസന്ധികൾ പഠിക്കാൻ നടപടി വേണമെന്ന നിലപാടാണ് ഞങ്ങൾ മുന്നോട്ടുവച്ചത്. (പാർലമെന്റിൽ കോട്ടയം എംപി തോമസ് ചാഴികാടൻ ഈ വിഷയം ഉയർത്തുന്നതും മറുപടി നൽകാതെ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി ഒഴിഞ്ഞുമാറുന്നതും വീഡിയോലിങ്ക് കമന്റ് ബോക്സിൽ നോക്കുക).

ക്രൈസ്തവരെന്നോ മുസ്ലിങ്ങളെന്നോ ഭേദമില്ലാതെ ന്യൂനപക്ഷജനത പലവഴികളിൽ വേട്ടയാടപ്പെടുകയും, ന്യൂനപക്ഷാവകാശങ്ങൾ ഹനിക്കപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയമുനമ്പിലാണ് ഇന്ന് രാജ്യം. അതിന്റെ ഗൗരവം പോലും ഉൾക്കൊള്ളാൻ വിസമ്മതിക്കുന്നവരായി ലീഗ് നേതൃത്വം കെട്ടുപോയിരിക്കുന്നു.

അതിന്റെ ദുർഗ്ഗതി ഇനിയും ഏതൊക്കെ വഴിയ്ക്കാണ് പുറത്തുവരികയെന്ന് ആശങ്കപ്പെടണം. ചെയ്ത കൃത്യത്തിൽ തെല്ലും പശ്ചാത്താപമില്ലാതെ നിന്നു മെഴുകുന്ന ലീഗ് നേതൃത്വത്തെയാണ് കോടതിവിധിയ്ക്കുശേഷവും നാം കാണുന്നതെന്നത് പരിതാപകരമാണ്.

ഹൈക്കോടതിവിധി വിശദമായി പഠിക്കപ്പെടണം. ഒരു ന്യൂനപക്ഷവിഭാഗത്തിനും അർഹിക്കുന്ന അവകാശങ്ങൾ നഷ്ടപ്പെട്ടുകൂടാ എന്ന് ജനാധിപത്യപാർട്ടികൾ യോജിച്ച നിലപാടെടുക്കണം. ലീഗിന്റെ പിടിയിൽനിന്ന് വിട്ടുമാറിയാലോചിച്ച് പ്രതിപക്ഷം പുനർവിചിന്തനങ്ങൾ നടത്തണം.

അതേസമയം, പരമ്പരാഗത കാർഷികജനതയെന്ന നിലയിൽ ഗുരുതരപ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്നവരാണ് ക്രൈസ്തവജനതയെന്ന് എല്ലാവരുമോർക്കണം. പ്രീണനമല്ല, ന്യായമായ അവകാശങ്ങളാണ് ഈ ജനത അർഹിക്കുന്നതെന്ന് ഓർത്തുള്ള തുടർനടപടികൾ ഉണ്ടാവണം.

തുടക്കത്തിൽ ലീഗിനെക്കുറിച്ച് പറഞ്ഞതിൽ ഈയൊരു കാര്യംകൂടി ചേർത്തുപറയാൻ നേരം വൈകി:

ന്യൂനപക്ഷങ്ങളെ നേരിട്ട് വേട്ടയാടുന്നവർ മാത്രമല്ല രാജ്യത്തെ ഫാസിസ്റ്റ് ഭരണത്തെ പോഷിപ്പിക്കുന്നത്. നിഗൂഢമായ താല്പര്യങ്ങൾക്കായി ന്യൂനപക്ഷജനതകളെ തമ്മിലടിപ്പിക്കുന്ന പണി ന്യൂനപക്ഷസംരക്ഷകവേഷം നടിക്കുന്നവരും ഏറ്റെടുക്കുന്നുണ്ട്. ലീഗിന്റെ കാര്യത്തിൽ ഇതു മനസ്സിലാകാൻ ലീഗണികളും പൊതുജനങ്ങളും ഇനിയും വൈകരുത്.

voices
Advertisment