സുധാകരന്‍റെ കരുത്തും ആജ്ഞാശക്തിയും മുല്ലപ്പള്ളിയുടെ തന്ത്രജ്ഞതയും ! – ജേക്കബ് ജോര്‍ജ് എഴുതുന്നു

ജേക്കബ് ജോര്‍ജ്
Tuesday, April 13, 2021

തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോഴേയ്ക്ക് കോണ്‍ഗ്രസില്‍ ഏറ്റുമുട്ടല്‍ തുടങ്ങി. കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയാണ് ഇപ്പോഴത്തെ വഴക്ക്. കെപിസിസിക്ക് ആജ്ഞാ ശക്തിയുള്ള നേതാവായിരിക്കണം അധ്യക്ഷനായി വേണ്ടതെന്നാണ് കെ സുധാകരന്‍ പറയുന്നത്.

ഇപ്പോഴത്തെ പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന് ആജ്ഞാശക്തി തീരെയില്ലെന്ന് ഈ പ്രസ്താവനയില്‍ വ്യക്തം. ആജ്ഞാശക്തി ആവോളമുള്ള ഒരാളേയുള്ളുവെന്നും ആ ആളെത്തന്നെ പ്രസിഡന്‍റാക്കുകയാണു വേണ്ടതെന്നും പ്രസ്താവനയ്ക്കര്‍ഥമുണ്ട്.

വിനയക്കൂടുതല്‍ കൊണ്ട് സുധാകരന്‍ സ്വന്തം പേരു പറയുന്നില്ലെന്നേയുള്ളു. എന്നാല്‍ കുശാഗ്രബുദ്ധിയായ മുല്ലപ്പള്ളിക്ക് സുധാകരന്‍റെ മനസിലിരിപ്പെന്തെന്നു നന്നായറിയാം. അങ്ങനെയൊന്നും കസേരയൊഴിയാന്‍ മുല്ലപ്പള്ളി തയ്യാറില്ല തന്നെ. തെരഞ്ഞെടുപ്പിനു മുമ്പ് സുധാകരന്‍ പല ശ്രമവും നടത്തിയതാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്നു പലരും പ്രതീക്ഷിച്ചു. സ്ഥാനാര്‍ഥിയാകാനൊക്കെ മുല്ലപ്പള്ളി ഒരുങ്ങിയതുമാണ്. പക്ഷേ പ്രസിഡന്‍റ് സ്ഥാനം ഒഴിയണം. സ്ഥാനാര്‍ഥിയായിരിക്കുന്നയാള്‍ എങ്ങനെ കെപിസിസി പ്രസിഡന്‍റിന്‍റെ ചുമതല കൃത്യമായി നിര്‍വഹിക്കുമെന്ന ചോദ്യം ഉയര്‍ന്നു. അതും തെരഞ്ഞെടുപ്പുസമയത്ത്.

മത്സരിക്കാനിറങ്ങിയാല്‍ മുല്ലപ്പള്ളിയെ താന്‍ പ്രചാരണം നടത്തി വിജയിപ്പിക്കുമെന്ന് സുധാകരന്‍ തന്നെ വ്യക്തമായ ഉറപ്പും കൊടുത്തതോടെ മുല്ലപ്പള്ളിക്കിനിയെന്തു പേടിക്കാനെന്നു കോണ്‍ഗ്രസുകാരും ചിന്തിച്ചു തുടങ്ങി. പക്ഷേ മുല്ലപ്പള്ളി കളിയെത്ര കണ്ടിരിക്കുന്നു കോണ്‍ഗ്രസില്‍. പ്രസിഡന്‍റ് സ്ഥാനം കൈവിട്ട് ഒരു കളിക്കുമില്ലെന്നായി അദ്ദേഹം. അങ്ങനെ മുല്ലപ്പള്ളിയില്ലാതെ നിസമസഭാ തെരഞ്ഞെടുപ്പ് കടന്നുപോരുകയും ചെയ്തു.

എന്തായാലും  സുധാകരന് ഇറിപ്പുറയ്ക്കുന്നില്ല. ഇത്രയേറെ തന്‍റേടവും ആജ്ഞാശക്തിയും കൈയില്‍ വച്ചുകൊണ്ട് എത്രകാലം ഇങ്ങനെ വെറുതേയിരിക്കും ? ആകെ ഇപ്പോള്‍ കൈയിലുള്ളത് ഒരു എംപി സ്ഥാനം മാത്രമാണ്. അതുകൊണ്ടു വലിയ പ്രയോജനമൊന്നുമില്ല. വല്ലപ്പോഴും ഡല്‍ഹിക്കു പോകാം. ലോക്സഭയില്‍ ചെന്നിട്ടു കാര്യമൊന്നുമില്ല. അവിടെ നിറച്ചു ബിജെപിക്കാരാണ്. ആജ്ഞാശക്തിയും അവിടെ ചെലവാകില്ല. പക്ഷെ മുല്ലപ്പള്ളി സമ്മതിക്കണ്ടേ ?

അങ്ങനൊന്നും പ്രസിഡന്‍റിനെ മാറ്റാനാകില്ലെന്നാണ് അദ്ദേഹത്തിന്‍റെ വാദം. ഇതു കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. ഇന്ത്യാ മഹാ രാജ്യത്തിനു സ്വാതന്ത്ര്യം നേടിക്കൊടുത്ത മുത്തശി പാര്‍ട്ടി. ഇപ്പോള്‍ പ്രതിപക്ഷത്താണങ്കിലും പഴയ പ്രതാപം മറക്കാനൊക്കുമോ ? അങ്ങനൊന്നും തെര‍ഞ്ഞെടുപ്പു നടത്താനൊക്കില്ല.

അത് ഹൈക്കമാന്‍റ് ആലോചിച്ച് തയ്യാറെടുപ്പൊക്കെ നടത്തി രാജ്യത്തൊന്നാകെ വേണം നടത്താന്‍. കേരളത്തിലെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മാത്രമെങ്ങനെ തെരഞ്ഞെടുപ്പു നടത്തും ? മുല്ലപ്പള്ളിയുടെ ചോദ്യം.

മുല്ലപ്പള്ളിക്ക് ഒരു കാര്യം കൂടി ഉന്നയിക്കാമായിരുന്നു. പണ്ടു മുതലേ എല്ലാ പാര്‍ട്ടിയിലുമുള്ള ഒരു നാട്ടുനടപ്പാണ് ‘ഒരു നേതാവ്, ഒരു സ്ഥാനം’ എന്നത്. ലോക്സഭാംഗത്വം ഒഴിഞ്ഞിട്ടു വന്നാല്‍ കെപിസിസി പ്രസിഡന്‍റ് സ്ഥാനം തരുന്നത് പരിഗണിക്കാമെന്ന് മുല്ലപ്പള്ളിക്ക് ഒരു നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കാമായിരുന്നു.

എന്തായാലും സുധാകരന്‍റെ കരുത്തും ആജ്ഞാശക്തിയുമൊന്നും മുല്ലപ്പള്ളിയുടെയടുത്തു ചെലവാകുന്ന ലക്ഷണമില്ല.

×