Advertisment

കോഴി കൂകും മുമ്പ് അവരെന്നെ തള്ളിപ്പറഞ്ഞെന്ന് വിലപിച്ച രമേശ് ചെന്നിത്തലയോട് പറയാന്‍ 10 വര്‍ഷം മുമ്പത്തെ ഒരു രംഗമുണ്ട് എന്‍റെ മനസില്‍ ! സമുദായ / ഗ്രൂപ്പ് മേലാളന്മാരുടെ രാഷ്ട്രീയ കൈയ്യേറ്റത്തിനിരയായി മന്ത്രിസഭയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട കാര്യം പറഞ്ഞപ്പോള്‍ അന്ന് വിഡി സതീശന്‍റെ കണ്ഠമിടറി. വെറുമൊരു കോഴിവളര്‍ത്തല്‍ വകുപ്പ് കിട്ടിയിരുന്നെങ്കില്‍ പോലും ഞാനതിനെ ലോകത്തെ ഏറ്റവും വലുതാക്കുമായിരുന്നെന്ന് പറഞ്ഞ യുവനേതാവിന്‍റെ കണ്ണുകളിലെ നനവ് ഞങ്ങള്‍ കണ്ടതാണ് - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റു. 16 -ാം തീയതി രാവിലെ മുഹൂര്‍ത്തം നോക്കിത്തന്നെയായിരുന്നു സ്ഥാനാരോഹണം. കൂടെ വര്‍ക്കിങ്ങ് പ്രസിഡന്‍റുമാരായി കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ്, ടി സിദ്ദിഖ് എന്നിവരും.

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിങ്ങനെ പ്രമുഖര്‍ സന്തോഷത്തോടെ തന്നെ പങ്കെടുത്തെങ്കിലും രമേശ് ചെന്നിത്തല പ്രസംഗിച്ചപ്പോള്‍ വികാരഭരിതനായി. ചിരിച്ചുകൊണ്ട് ഒപ്പം നില്‍ക്കുന്നവരെ അങ്ങനെയങ്ങു വിശ്വസിക്കരുതെന്നായിരുന്നു സുധാകരന് രമേശിന്‍റെ ഉപദേശം.

നിസമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റമുണ്ടാവില്ലെന്ന തരത്തിലാണ് ഹൈക്കമാണ്ടും കൂടെയുള്ള എംഎല്‍എമാരുമൊക്കെ ആ ദിവസങ്ങളില്‍ രമേശ് ചെന്നിത്തലയോടു സംസാരിച്ചത്.

എല്ലാവരും അവസാനം കൈവിട്ടുവെന്നത് രമേശിനെ വല്ലാതെ വേദനിപ്പിച്ചു. ഇന്നത്തെ 'മാതൃഭൂമി' ദിനപ്പത്രത്തില്‍ പ്രത്യേക ലേഖകന്‍ അനീഷ് ജേക്കബിനോടു വിശദമായി സംസാരിച്ച രമേശ് ഇക്കാര്യം വിസ്തരിച്ചു പറഞ്ഞിട്ടുമുണ്ട്. കോഴി മൂന്നുവട്ടം കൂവും മുമ്പേ അവരെന്നെ തള്ളിപ്പറഞ്ഞു എന്നാണ് അനീഷ് ഈ അഭിമുഖത്തിനിട്ടിരിക്കുന്ന സബ് ഹെഡിങ്ങ്.

സതീശന്‍ കാലങ്ങളായി രമേശിനൊപ്പം നില്‍ക്കുന്നയാളാണ്. ഹൈക്കമാണ്ട് ഒരു സ്ഥാനം നല്‍കിയാല്‍ സതീശനതു നിരാകരിക്കാനാവുമോ ? കിട്ടുന്നതു പ്രതിപക്ഷ നേതൃസ്ഥാനം. അതും വെള്ളിത്തളികയില്‍ വെച്ച്. ആരോടും ഒന്നും ചോദിക്കാതെ. ഒരു ചരടും വലിക്കാതെ.

സ്ഥാനമേറ്റുകഴിഞ്ഞപ്പോള്‍ സ്വന്തം നിലപാടും കാഴ്ചപ്പാടും ഉറച്ച ശബ്ദത്തില്‍ നാട്ടുകാരെ അറിയിച്ച സതീശന്‍ പരക്കെ അംഗീകാരം നേടുകയും ചെയ്തു. ദിവസങ്ങള്‍ കഴിഞ്ഞാണ് കെപിസിസി അധ്യക്ഷനെ നിയമിച്ചത്. ആരോടും ആലോചിക്കാതെ. അതാവട്ടെ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമൊന്നും അത്രകണ്ട് സ്വീകാര്യമായതുമില്ല.

സ്ഥാനാരോഹണം കഴിഞ്ഞയുടനെ 'മാതൃഭൂമി' ന്യൂസിലെ ഹാഷ്മി വൈകിട്ട് എട്ടുമണി ചര്‍ച്ചയ്ക്കു വിളിച്ചപ്പോള്‍ ശരിയെന്നുതന്നെ മറുപടി കൊടുത്തു. കോണ്‍ഗ്രസ് രാഷ്ട്രീയം ചര്‍ച്ചയാവുമ്പോള്‍ പങ്കെടുക്കുക രസകരമാണ്.

എഴുപതുകളില്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും താക്കോല്‍ സ്ഥാനങ്ങളില്‍ കയറിപ്പറ്റിയവര്‍ പുതിയ തലമുറയില്‍പെട്ടവരെയൊന്നും അടുപ്പിക്കാതെ മാറ്റിനിര്‍ത്തുമ്പോള്‍ നൊമ്പരപ്പെടുന്ന യുവ കോണ്‍ഗ്രസുകാരെപ്പറ്റി പറയുക എന്‍റെ പതിവാണ്.

എത്ര തലമുറകളാണ് കോണ്‍ഗ്രസില്‍ ഇങ്ങനെ ജീവിതം പാഴാക്കിയത് ? ഹാഷ്മി വിളിച്ചിരിക്കുന്നത് കോണ്‍ഗ്രസ് പ്രതിനിധി പഴകുളം മധു, ഡിവൈഎഫ്ഐ നേതാവ് എ.എ റഹിം എന്നിവരെയും. എന്തായാലും കണ്ണൂരിലെ രാഷ്ട്രീയമായിരിക്കില്ല സുധാകരന്‍ കൊണ്ടുവരിക എന്ന കാര്യം ഞാന്‍ ഓര്‍മിപ്പിച്ചു.

കണ്ണൂരില്‍ത്തന്നെ ആ രാഷ്ട്രീയം കാലഹരണപ്പെട്ടിരിക്കുന്നുവെന്നും കേരളത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ അത്തരം രാഷ്ട്രീയത്തിനു പ്രസക്തിയില്ലെന്നും ഞാന്‍ ചൂണ്ടിക്കാട്ടി.

അതൊരു ഓര്‍മ്മയാവുകയും സ്ഥാനം കിട്ടിയപ്പോള്‍ വിഡി സതീശന്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞ വലിയ കാര്യങ്ങളിലേയ്ക്ക് ഹാഷ്മി വിരല്‍ ചൂണ്ടുകയും ചെയ്തു.

പത്തുകൊല്ലം മുമ്പ്, ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് ജയിച്ചുകയറുമ്പോള്‍ വിഡി സതീശനെ നിയമസഭാഗങ്ങളുടെ ക്വാര്‍ട്ടേഴ്സില്‍ കണ്ട കാര്യം ഞാന്‍ പെട്ടെന്ന് ഓര്‍മ്മിച്ചു. അതങ്ങു വിവരിക്കുകയും ചെയ്തു.

മന്ത്രിസഭാംഗങ്ങളുടെ ലിസ്റ്റ് വന്നപ്പോള്‍ കെ മുരളീധരന്‍റെയും വിഡി സതീശന്‍റെയും പേരില്ല. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ മന്ത്രിമാരാകാന്‍ യോഗ്യതയുള്ളവരില്‍ മുമ്പന്മാര്‍. രണ്ടു പേരും ഐ ഗ്രൂപ്പുകാര്‍. ആന്‍റണി പക്ഷക്കാരനായ ഉമ്മന്‍ ചാണ്ടി നോക്കിയിട്ടും നടക്കുന്നില്ല. സതീശന്‍ കടുത്ത നിരാശയിലായിരുന്നു.

വൈകിട്ട് നഗരത്തിലേയ്ക്കിറങ്ങിയപ്പോള്‍ എംഎല്‍എ ക്വാര്‍ട്ടേഴ്സിലുമൊന്നു കയറി. കൂടെ മാധ്യമപ്രവര്‍ത്തകന്‍ എസ് അനിലുമുണ്ടായിരുന്നു. 'ഇന്ത്യാ വിഷന്‍' അസിസ്റ്റന്‍റ് ന്യൂസ് എഡിറ്ററായിരുന്നു അനില്‍. അതിനു മുമ്പ് തിരുവനന്തപുരത്ത് 'ജന്മഭൂമി' ലേഖകനും. സതീശന് മന്ത്രിസ്ഥാനമില്ലെന്ന് അപ്പോഴേയ്ക്കും ഉറപ്പായിക്കഴിഞ്ഞിരുന്നു.

സമുദായ നേതാക്കന്മാരും ഗ്രൂപ്പ് നേതാക്കന്മാരുമൊക്കെ കളിക്കുന്ന കളികളെപ്പറ്റി സംസാരം നീണ്ടു. അവസാനം സതീശന്‍ ഇടറിയ ശബ്ദത്തില്‍ പറഞ്ഞു: "മന്ത്രിസ്ഥാനം കിട്ടിയാല്‍ ഈ പ്രായത്തില്‍ കിട്ടണം.

ഊര്‍ജ്ജസ്വലതയോടെ ഓടിനടന്നു ജോലി ചെയ്യാം. വെറുമൊരു കോഴി വളര്‍ത്തല്‍ വകുപ്പു കിട്ടിയിരുന്നെങ്കില്‍പോലും ഞാനതിനെ ലോകത്തെ ഏറ്റവും മികച്ച വകുപ്പാക്കി മാറ്റുമായിരുന്നു". സതീശന്‍റെ മുഖത്ത് ഇരുള്‍ പടരുന്നതും കണ്ണുകളില്‍ നനവ് ഉറയുന്നതും കണ്ട് ഞങ്ങള്‍ യാത്രപറഞ്ഞിറങ്ങി.

2021 സര്‍ക്കാരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്പസ് റിക്കൂട്ട്മെന്‍റിലെന്നപോലെയുണ്ടാക്കിയ മന്ത്രിസഭയില്‍ പുതിയ പിള്ളേര്‍ മന്ത്രിമാരായിരിക്കുന്നതു കാണുന്നില്ലേ എന്ന് ഞാന്‍ പഴകുളം മധുവിനോടു ചോദിക്കുകയും ചെയ്തു.

 

allum mullum
Advertisment