Advertisment

ഈ തെരഞ്ഞെടുപ്പുകളൊക്കെ മാറ്റി വെച്ചാല്‍ ജനാധിപത്യം തകര്‍ന്നു വീഴുമായിരുന്നോ ? എവിടെങ്കിലും ഭരണ സ്തഭനം ഉണ്ടാകുമായിരുന്നോ ? മന്ത്രിസഭകളുടെ കാലാവധി നീട്ടിക്കൊടുത്താല്‍ എന്തായിരുന്നു കുഴപ്പം ? വില്ലന്‍ ആര്...

author-image
സത്യം ഡെസ്ക്
New Update

-അഡ്വ. എസ് അശോകന്‍

Advertisment

publive-image

2020 മാര്‍ച്ചില്‍ ആദ്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്താകമാനമുള്ള കോവിഡ്

രോഗികള്‍ 468 (നാനൂറ്റിഅറുപത്തെട്ട്). മരിച്ചവര്‍ 9 (ഒമ്പത്). 2021 മെയ് മാസത്തില്‍ രാജ്യം വീണ്ടും ലോക്ക്ഡൗണില്‍ ആയിരിക്കുന്നു.

മെയ് 14-ാം തീയതിയിലെ കണക്കുകള്‍ പ്രകാരം ആകെ കോവിഡ് രോഗികള്‍ 2,40,46,899/-(രണ്ട് കോടി നാല്‍പ്പത് ലക്ഷത്തി നാല്‍പ്പത്താറായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റൊന്‍പത്) ആകെ മരിച്ചവര്‍ 2,62,350/-(രണ്ട് ലക്ഷത്തി അറുപത്തീരായിരത്തി മുന്നുറ്റമ്പത്) പ്രതിദിന രോഗികളുടെ എണ്ണം 3,62,227/- (മൂന്നുലക്ഷത്തി അറുപ്പത്തീരായിരത്തി ഇരുന്നൂറ്റി ഇരുപത്തേഴ്). പ്രതിദിന മരണം 3,999/-

(മൂവായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പത്).

ആദ്യ ലോക്ക്ഡൗണില്‍ അടച്ചുപൂട്ടിയ സ്കൂളുകളും കോളേജുകളും, യുണിവേഴ്സിറ്റികളും ഒക്കെ ഇപ്പോഴും അടഞ്ഞു തന്നെ കിടക്കുന്നു. ക്ലാസ് മുറികളില്‍ ഇരുന്നു പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഒക്കെ ഇപ്പോഴും വിലക്കു തന്നെ !

പരീക്ഷകള്‍ എന്നു നടക്കും, എങ്ങിനെ നടക്കും എന്ന കാര്യത്തില്‍ പോലും ആര്‍ക്കും ഒരു നിശ്ചയവുമില്ല. ഉപരി പഠനത്തിന് തയ്യാറെടുക്കുന്നവരും വിദേശത്ത് പ്രവേശനം തരപ്പെടുത്തിയവരും എല്ലാം അവസാനിക്കാത്ത കാത്തിരുപ്പിലാണ്.

പഠനവും, പഠിപ്പിക്കലും, ഔദ്യോഗിക യോഗങ്ങളും കോടതി നടപടികളും ഒക്കെ ഓണ്‍ലൈനിലാണ്. പല ഓഫീസ് ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യുന്നു (വര്‍ക്ക് ഫ്രം ഹോം). വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും ഒക്കെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പരിമിതമായ ആള്‍ക്കുട്ടങ്ങള്‍ മാത്രം. ദേവാലയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. എല്ലാം അടച്ചു പൂട്ടിയിരിക്കുകയാണ്. എന്നിട്ടും എങ്ങിനെയുണ്ടായി അതിഭീകരമായ കോവിഡ് വ്യാപനം ?

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മുടങ്ങാതെ നടക്കുന്നത് ഒരേയൊരു കാര്യം മാത്രമാണ്. തെരഞ്ഞെടുപ്പുകള്‍. ഏതെങ്കിലും തെരഞ്ഞെടുപ്പ് നടക്കാത്ത സംസ്ഥാനങ്ങള്‍ തീര്‍ത്തും

വിരളം. തെരഞ്ഞെടുപ്പ് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്തണമെന്ന് തെരഞ്ഞെടുപ്പ്

കമ്മീഷന്‍ പ്രഖ്യാപിച്ചെങ്കിലും ഒരിടത്തും ഒരു വിലക്കും ഉള്ളതായി ആര്‍ക്കും തോന്നിയിട്ടില്ല.

ഏതെങ്കിലും തെരഞ്ഞെടുപ്പ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കാതെ നടന്നിട്ടുണ്ടോ? ഇല്ലേയില്ല. എല്ലാ തെരഞ്ഞെടുപ്പുകളും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു തന്നെയാണ്

നടന്നിരിക്കുന്നത്. എല്ലായിടത്തും അനിയന്ത്രിത ജനക്കൂട്ടങ്ങള്‍.

കൂടുതല്‍ കൂടുതല്‍ ജനപങ്കാളിത്തമുള്ള പൊതു യോഗങ്ങള്‍ സംഘടിപ്പിക്കുവാന്‍ പരസ്പ്പരം മത്സരിക്കുന്ന ദേശീയ, സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികള്‍, പ്രധാനമന്ത്രിയും, മുഖ്യമന്ത്രിമാരും, മന്ത്രിമാരും, ദേശീയ സംസ്ഥാന നേതാക്കളും ഒക്കെ പങ്കെടുക്കുന്ന ബഹുജനറാലികള്‍, പൊതുയോഗങ്ങള്‍.

ഒരു സംശയം ഇപ്പോഴും ബാക്കിയാണ്. ഈ തെരഞ്ഞെടുപ്പുകളൊക്കെ മാറ്റി വെച്ചാല്‍ ജനാധിപത്യം തകര്‍ന്നു വീഴുമായിരുന്നോ ? എവിടെങ്കിലും ഭരണ സ്തഭനം ഉണ്ടാകുമായിരുന്നോ ?

മന്ത്രിസഭകളുടെ കാലാവധി നീട്ടിക്കൊടുത്താല്‍ എന്തായിരുന്നു കുഴപ്പം ?

ഒരു കുഴപ്പവും വരാനില്ല. എല്ലാം സാധ്യമാകുന്ന അധികാരങ്ങള്‍ ഭരണഘടനയില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. കാലാവധി നീട്ടാനാവാത്ത ഇടങ്ങളില്‍ പകരം സംവിധാനം താത്കാലികമായി ഒരുക്കിയാല്‍ ആകാശം ഇടിഞ്ഞു വീഴുമോ ?

ഭരണകൂടങ്ങള്‍ അന്ധരാകുമ്പോള്‍ കോടതികള്‍ കണ്ണു തുറക്കാത്തതെന്ത് ? സ്വമേധയാ കേസ്സ്

എടുത്ത് ഉത്തരവിട്ടാല്‍ എല്ലാ തെരഞ്ഞെടുപ്പുകളും നീട്ടി വെയ്ക്കാനാകുമായിരുന്നു. ത്രിതല

പഞ്ചായത്ത് തെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിനോടൊപ്പം നടത്താനാവില്ലെന്നു

തെരഞ്ഞെടുപ്പ് കമ്മീഷനെ കൊണ്ട് വാശിപിടിപ്പിച്ചു കളഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷക്കാലം തെരഞ്ഞടുപ്പുകള്‍ നീട്ടി വച്ച് നിയന്ത്രണങ്ങള്‍ കര്‍ശ്ശനമായി നടപ്പാക്കിയിരുന്നെങ്കില്‍ കോവിഡ് പണ്ടേ നാടുവിട്ടേനെ എന്ന് ആശിച്ചു പോകുന്നു. ഇതൊന്നും ചെയ്യാതെ ഇതേക്കുറിച്ചൊന്നും ചിന്തിക്കുക പോലും ചെയ്യാത്ത ഭരണാധികാരികളാണ് കോവിഡ് വ്യാപനത്തില്‍ ലോക നമ്പര്‍ വണ്‍ ആണെന്നു വീമ്പു പറഞ്ഞു നടക്കുന്നത്.

നിയമസഭയില്‍ ആകെയുള്ള 140 അംഗങ്ങള്‍ വോട്ടു ചെയ്യാന്‍ വന്നാല്‍ കോവിഡ് വ്യാപനം ഉണ്ടാകും എന്ന ന്യായം പറഞ്ഞ് കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റി വച്ചപ്പോള്‍

നിയമസഭയുടെ കാലാവധി തീരുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു.

തൊട്ടതിനും പിടിച്ചതിനുമൊക്കെ സ്വമേധയ കേസ്സെടുക്കുന്ന കോടതികള്‍ ഉള്ള രാജ്യത്താണ് ഇതൊക്കെ നടന്നു കൊണ്ടിരിക്കുന്നത് എന്നത് അതിശയകരം തന്നെ ! രാജ്യം ഭരിക്കുന്ന ഭരണാധികാരികള്‍ കൊടിയ തെറ്റാണ് ജനങ്ങളോട് ചെയ്തു കൂട്ടിക്കൊണ്ടിരിക്കുന്നത്.

കോവിഡ് ഒന്നാം വ്യാപനവും രണ്ടാം വ്യാപനവും എല്ലാം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പുകേടു കൊണ്ടു തന്നെയാണ്. കോവിഡ് ഇവിടെ പൊട്ടിമുളച്ചതല്ല. വിമാനങ്ങളില്‍ പറന്നിറങ്ങിയതാണ്. വിമാനങ്ങളില്‍ വന്നിറങ്ങിയവരെയൊക്കെ സമയാസമയം ക്വാറന്‍റൈന്‍ ചെയ്തിരുന്നെങ്കില്‍ ആരേയും കോവിഡ് കീഴ്പെടുത്തില്ലായിരുന്നു.

ഈ കുറിപ്പുകള്‍ എഴുതുന്ന സമയം ഇന്‍ഡ്യയിലെ ജനസംഖ്യ 139,34,09,038/- (നൂറ്റി മുപ്പത്തൊമ്പത് കോടി മുപ്പത്തിനാലു ലക്ഷത്തി ഒമ്പതിനായിരത്തി മുപ്പത്തി എട്ട്) ആണ്. 2021 ജനുവരി 16-നാണ് പ്രതിരോധ കുത്തിവെയ്പ്പ് തുടങ്ങിയത്. ഇതിനോടകം ലഭ്യമായ കണക്കുകള്‍ പ്രകാരം 2021 മെയ് 13-ാം തീയതി വരെ 13,87,19,426/- (പതിമൂന്ന് കോടി എണ്‍പത്തി എഴ് ലക്ഷത്തി പത്തൊമ്പതിനായിരത്തി നാനൂറ്റി ഇരുപ്പതിയാറ്) പേര്‍ക്ക് ഒരു ഡോസ് വാക്സിനും, 4,05,79,158/- (നാലു കോടി അഞ്ചുലക്ഷത്തി എഴുപത്തി ഒമ്പതിനായിരത്തി ഒരുന്നൂറ്റി അമ്പത്തി എട്ട്) പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കി എന്നാണ് അറിവ്.

രാജ്യത്താകമാനമുള്ള മൂന്ന് ശതമാനം പേര്‍ക്ക് രണ്ടു ഡോസ് വാക്സിനും പത്ത് ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും നല്‍കിയെന്നാണ് ശതമാന കണക്ക്. നൂറ്റി ഇരുപത്തിയഞ്ച് കോടിയില്‍പരം പേര്‍ക്ക് ഇനിയും വാക്സിനേഷന്‍ നല്‍കാനുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇങ്ങനെയൊക്കെയാണ് വാക്സിനേഷന്‍ നടത്തുന്നതെങ്കില്‍ 2024 കഴിഞ്ഞാലും എല്ലാവര്‍ക്കും വാക്സിനേഷന്‍ നല്‍കാന്‍ ആവില്ല. അതുവരെ ആരൊക്കെ ജീവിച്ചിരിക്കും എന്ന് കണ്ടറിയണം.

രണ്ടാം ഘട്ടത്തില്‍ വ്യാപന തോത് ഏറ്റവും കൂടുതലുളള രാജ്യമായി ഇന്‍ഡ്യ മാറിയിരിക്കുന്നു. വാക്സിനേഷന്‍ അനിവാര്യമാണെന്ന ഭീതി ജനങ്ങള്‍ക്ക് ഉണ്ടായപ്പോള്‍ വാക്സിന്‍ ലഭ്യമല്ലാതായിരിക്കുന്നു. മേനി പറയാനും കാണിക്കാനുമായി വാക്സിന്‍ കയറ്റുമതി ചെയ്ത് രാജ്യത്ത് വാക്സിന്‍ക്ഷാമം ഉണ്ടായി എന്നത് ഗുരുതരമായ വീഴ്ച്ച തന്നെയാണ്.

രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വാക്സിന്‍ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ഒരിക്കലും

തോന്നിയിരുന്നില്ല എന്ന് സംശയം ബലപ്പെടുത്തുന്നതാണ് കണക്കുകള്‍. വേണ്ടപ്പെട്ടവരും പരിചയക്കാരുമൊക്കെയായ ചെറുപ്പക്കാര്‍ പോലും നിത്യേന കോവിഡിനു കീഴടങ്ങുന്നത് കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ആകെ ഒരു ഉള്‍ക്കിടിലം. അത്രക്കും ഭയാനകമാണ് അനുദിന രോഗികളുടെ എണ്ണവും മരണ നിരക്കും.

വാല്‍കഷ്ണം

തെരഞ്ഞെടുപ്പുകളുടെ ആരവം ഒഴിഞ്ഞതോടെ ജനക്കൂട്ടങ്ങള്‍ കാണണമെങ്കില്‍ കോവിഡ്

പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളില്‍ ചെന്നാല്‍ മതി. കോവിഡ് വ്യാപനത്തിന്‍റെ അനന്ത

സാധ്യതയുള്ളതാണ് ഈ ജനക്കൂട്ടങ്ങള്‍. അതാത് ദിവസത്തെ മുന്‍ഗണന ക്രമത്തില്‍ ഉള്ളവര്‍

മാത്രം വന്നാല്‍ മതി എന്നും ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തി വക്സിനേഷന്‍

എടുക്കേണ്ടവരുടെ പേര് രജിസ്റ്റര്‍ ചെയ്യുകയോ, ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയോ അല്ലാതെ,

നേരിട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ട എന്നും തീരുമാനിച്ചലും, അങ്ങനെയൊന്നുമല്ലെങ്കില്‍ ആരോഗ്യ

പ്രവര്‍ത്തകര്‍ എല്ലാ വീടുകളിലും നേരിട്ടെത്തി ഏല്ലാവര്‍ക്കും വാക്സിനേഷന്‍ എടുത്താല്‍ എന്താണ് കുഴപ്പം?

-അഡ്വ. എസ് അശോകന്‍

voices
Advertisment