Advertisment

ജനാധിപത്യത്തെ കച്ചവടച്ചരക്കാക്കി കെ സുരേന്ദ്രൻ

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

ജനാധിപത്യ ബോധമുള്ള ശരാശരി മലയാളി വോട്ടറുടെ മുഖത്ത് കാർക്കിച്ച് തുപ്പുകയാണ് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള നിയമസഭയിൽ ആകെ അംഗസംഖ്യ 140. സർക്കാരുണ്ടാക്കാൻ വേണ്ട കേവല ഭൂരിപക്ഷം 71. കണക്കുകൾ ഇങ്ങിനെയിരിക്കവെയാണ് ബി.ജെ.പി എന്ന ജനാധിപത്യ പാർട്ടിയുടെ സംസഥാന അദ്ധ്യക്ഷൻ പറയുന്നത് - 35 സീറ്റ് കിട്ടിയാൽ ബി.ജെ.പി സർക്കാർ ഉണ്ടാക്കും എന്ന്.

ഇത് വോട്ടർമാരുടെ മുഖത്ത് കാർക്കിച്ച് തൂപ്പുകയല്ലെങ്കിൽ പിന്നെന്താണ്? ബാക്കി വേണ്ടത് ഞങ്ങൾ പർച്ചേസ് ചെയ്യും എന്നാണ് സുരേന്ദ്രൻ പറഞ്ഞ് വച്ചത്. ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിച്ച് പൊതുപ്രവർത്തനം നടത്തേണ്ട ഒരു രാഷ്ട്രീയ നേതാവിന് ചേർന്നതാണോ ഈ പ്രസ്താവന എന്ന് ഇത് വായിക്കുന്ന നിങ്ങൾ വിലയിരുത്തി പറയൂ.

ഇത്രയും ധാർഷ്ട്യവും ധിക്കാരവും അഹങ്കാരവും ഒരു രാഷ്ട്രീയ നേതാവിന് ഉണ്ടാവാൻ പാടില്ല.

കെ.സുരേന്ദ്രന്റെ ഈ അഭിപ്രായ പ്രകടനത്തോട് ചേർത്ത് വായിക്കണം ആർ.എസ്.എസ് സൈദ്ധാന്തികനായ ബാലശങ്കറിന്റെ വെളിപ്പെടുത്തൽ. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അറിവോടെ ചെങ്ങന്നൂരിൽ പ്രചരണം ആരംഭിച്ച ബാലശങ്കറിന് സംസഥാന നേതൃത്വം സീറ്റ് നൽകിയില്ല.

സി.പി.എമ്മുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം ഉണ്ടാക്കിയ രഹസ്യ ധാരണ പ്രകാരമാണ് ചെങ്ങന്നൂരിൽ ആർ.ബാലശങ്കറിന് സീറ്റ് നൽകാതെ തുലോം പ്രാധാന്യമില്ലാത്ത ഒരു വ്യക്തിക്ക് സ്ഥാനാർത്ഥിത്വം നൽകിയത് എന്നാണ് ആരോപണം. ചെങ്ങന്നൂരിൽ മാത്രമല്ല മറ്റ് പല മണ്ഡലങ്ങളിലും ഇത്തരം രഹസ്യ ധാരണ ഉണ്ട് എന്നാണ് ആർ.ബാലശങ്കർ വെളിപ്പെടുത്തുന്നത്.

ഇതിനു പകരമായി കോന്നിയിൽ കെ.സുരേന്ദ്രനെ ജയിപ്പിക്കുവാൻ വേണ്ട സഹായം സി.പി.എം. നൽകും എന്നാണ് ധാരണയെന്ന് അദ്ദേഹം പറയുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ബി.ജെ.പിയുടെ മുതിർന്ന നേതാവ് ഒ.രാജഗോപാൽ നടത്തിയ കുറ്റസമ്മത രൂപത്തിലുള്ള തുറന്നു പറച്ചിൽ.

കേരളത്തിൽ കാലാകാലങ്ങളായി തിരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ട് മറിച്ചിട്ടുണ്ടെന്നും അതിൽ തെറ്റൊന്നുമില്ല എന്നുമാണ് ഒ.രാജഗോപാൽ പറഞ്ഞത്. ചുരുക്കിപ്പറഞ്ഞാൽ എൽ.ഡി.എഫിനേയും യു.ഡി.എഫിനേയും മാറ്റി മാറ്റി ജയിപ്പിക്കുന്ന ഒരു വിൽപന ചരക്കാണ് ബി.ജെ.പി എന്ന് നേതാക്കൾ തന്നെ സമ്മതിച്ചിരിക്കുകയാണ്. അതായത് കെ.സുരേന്ദ്രൻ പറഞ്ഞത് നാണയത്തിന്റെ ഒരു വശമാണെങ്കിൽ ആർ.ബാലശങ്കറും ഒ.രാജഗോപാലും പറഞ്ഞത് അതേ നാണയത്തിന്റെ മറുവശമാണ്.

ബി.ജെ.പി യിൽ വിശ്വസിക്കുന്നവരെ ഇതിൽ പരം അപമാനിക്കാൻ എന്തുണ്ട്? കേരളത്തിൽ അധികാരം ലഭിക്കാൻ വിദൂര സാധ്യത പോലുമില്ല എന്ന തിരിച്ചറിവിൽ സ്വന്തം പാർട്ടിയെ വിൽക്കുന്ന ബി.ജെ.പി നേതാക്കളെ കാലം വിലയിരുത്തട്ടെ.

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന് സീറ്റ് നൽകാതിരിക്കുവാൻ കെ.സുരേന്ദ്രൻ അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 35 സീറ്റിൽ സർക്കാർ ഉണ്ടാക്കുമെന്ന കെ.സുരേന്ദ്രന്റെ പ്രസ്താവനയെ മറ്റൊരു നേതാക്കന്മാരും ചോദ്യം ചെയ്തതായി കണ്ടില്ല.

ശബരിമല വിഷയത്തിൽ സർക്കാരിനെ മുട്ട് കുത്തിച്ചതിന്റെ ഖ്യാതി യു.ഡി.എഫിനോ ബി.ജെ.പിക്കോ അർഹതപ്പെട്ടതല്ല. ഇക്കാര്യത്തിൽ ആദ്യം മുതൽ ഉറച്ച നിലപാട് എടുത്തത് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരാണ്.

ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രകടനം ദയനീയമായിരിക്കും. വോട്ട് ശതമാനം കുറയും. ഒരു സീറ്റും കിട്ടിയില്ലെങ്കിലും അദ്ഭുതമില്ല. ദേശീയ നേതൃത്വത്തെ വെല്ല് വിളിച്ചു നിൽക്കുന്ന കേരള ബി.ജെ.പി രക്ഷപെടാൻ പോകുന്നില്ല. ബി.ജെ.പിയുടെ മുൻകാല നേതാക്കൾക്കെല്ലാം ഇന്ന് കോടികളുടെ ആസ്തിയുണ്ട്. കെ.സുരേന്ദ്രൻ ബി.ജെ.പിക്ക് ശാപമാണ്

-തിരുമേനി

 

voices
Advertisment