കാന്‍ബറയില്‍ കരുത്ത് കാട്ടി ഇന്ത്യ; ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ 13 റണ്‍സ് ജയം

സ്പോര്‍ട്സ് ഡസ്ക്
Wednesday, December 2, 2020

കാന്‍ബെറ: മൂന്നാം ഏകദിനത്തില്‍ ഓസീസിനെതിരേ ഇന്ത്യയ്ക്ക് 13 റണ്‍സ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 303 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 49.3 ഓവറില്‍ 289 റണ്‍സിന് ഓള്‍ഔട്ടായി.

പരമ്പരയിലാദ്യമായി ടോസ് ലഭിച്ച ഇന്ത്യ, ആദ്യം ബാറ്റു ചെയ്ത് നിശ്ചിത 50 ഓവറിൽ നേടിയത് 302 റൺസ്. ഓസ്ട്രേലിയയുടെ മറുപടി 49.3 ഓവറിൽ 289 റൺസിൽ അവസാനിച്ചു. ബോളിങ് വിഭാഗത്തിൽ അടിമുടി മാറ്റവുമായി ഇറങ്ങിയ ഇന്ത്യയ്ക്കായി, പരമ്പരയിലാദ്യമായി അവസരം ലഭിച്ച താരങ്ങളെല്ലാം തിളങ്ങി.

ഇന്ത്യയ്ക്കായി ശാര്‍ദുല്‍ താക്കൂര്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബുംറ, ടി. നടരാജന്‍ എന്നിവര്‍ രണ്ടു വിക്കറ്റെടുത്തു. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് ഓസീസ് നിരയില്‍ പൊരുതി നോക്കിയത്.

ആറാം വിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ 150 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഹാര്‍ദിക് പാണ്ഡ്യ – രവീന്ദ്ര ജഡേജ സഖ്യമാണ് ഇന്ത്യന്‍ സ്‌കോര്‍ 302-ല്‍ എത്തിച്ചത്. പാണ്ഡ്യ തന്നെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 50 പന്തുകള്‍ നേരിട്ട ജഡേജ മൂന്നു സിക്‌സും അഞ്ചു ഫോറുമടക്കം 66 റണ്‍സെടുത്ത് ഹാര്‍ദിക്കിന് ഉറച്ച പിന്തുണ നല്‍കി.

78 പന്തുകള്‍ നേരിട്ട കോലി അഞ്ചു ഫോറുകളടക്കം 63 റണ്‍സെടുത്ത് പുറത്തായി. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച ഓസീസ് പരമ്പര (2-1) നേരത്തെ സ്വന്തമാക്കിയിരുന്നു.

×