ലോക്ക് ഡൌണുകളുടെ സാഹചര്യം; സൗജന്യ സർവീസ് കാലാവധി നീട്ടി കിയയും റെനോയും

നാഷണല്‍ ഡസ്ക്
Sunday, May 16, 2021

രാജ്യത്തെ ലോക്ക് ഡൌണുകളുടെ സാഹചര്യം മുൻനിർത്തി വാഹനങ്ങളുടെ സൗജന്യ സർവീസ് കാലാവധി ദീർഘിപ്പിച്ചു നൽകാൻ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോർ ഇന്ത്യ.കാലവാധികൾ രണ്ടു മാസം ദീർഘിപ്പിക്കാനാണ് കിയ തീരുമാനിച്ചതെന്ന് ഡ്രൈവ് സ്‍പാർക്ക്
റിപ്പോർട്ട് ചെയ്യുന്നു.

സാമൂഹിക അകലം പാലിക്കാൻ എല്ലാവരോടും അഭ്യർഥിച്ച കിയ, പ്രാദേശികതലത്തിലെ തീരുമാനങ്ങളും ഉത്തരവുകളും കൃത്യമായി പിന്തുടരാൻ ഡീലർഷിപ്പുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.
സഹപ്രവർത്തകരുടെയും ഉപഭോക്താക്കളുടെയും ക്ഷേമത്തിനും ആരോഗ്യത്തിനുമാണു കമ്പനി മുൻഗണനനൽകുന്നതെന്നും കിയ വ്യക്തമാക്കി.

അതുകൊണ്ടുതന്നെ, കോവിഡ് 19 പ്രതിരോധത്തിനായി
പ്രഖ്യാപിക്കുന്ന മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ ഡീലർഷിപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഉപയോക്താക്കളുടെ താൽപര്യം മാനിച്ച് വാഹനങ്ങളുടെ സർവീസ് കാലാവധി രണ്ടു മാസം ദീർഘിപ്പിച്ചു
നൽകാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ ഇന്ത്യയും സൗജന്യ സർവീസ് കാലാവധി നീട്ടി.ഏപ്രിൽ ഒന്നിനും മേയ് 31 നും ഇടയിലുള്ള കാലയളവിൽ സൗജന്യ സർവീസ് നഷ്ടപ്പെടുകയോ വാഹനത്തിന് നൽകിയിട്ടുള്ള വാറണ്ടി അവസാനിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഇത് ജൂലൈ 31 വരെ
നീട്ടിയതായി കാർ വാലെ റിപ്പോർട്ട് ചെയ്യുന്നു. ഈ സമയത്ത് സർവീസ് ചെയ്യുകയും വാറണ്ടി പുതുക്കുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

സർവീസിനും വാറൻറിക്കും സമയം അനുവദിച്ചതു കൂടാതെ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളും റെനോ സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

×