Advertisment

ഹോണ്ട മോട്ടോര്‍സൈക്കിള്‍ പുതിയ സിബി350 പുറത്തിറക്കി

New Update
66

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) പ്രീമിയം മിഡ്സൈസ് 350 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ റെട്രോ ക്ലാസിക് വിഭാഗത്തെ പുനര്‍നിര്‍വചിച്ചുകൊണ്ട് പുതിയ സിബി350 അവതരിപ്പിച്ചു.

Advertisment

ഹോണ്ടയുടെ ഐക്കോണിക് സ്റ്റൈലിങും, ക്ലാസിക് ഡിസൈനും സമന്വയിപ്പിപ്പിച്ചാണ് പുതിയ സിബി350 വരുന്നത്. ഓള്‍-എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം (റൗണ്ട് എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി വിംഗേഴ്സ്, എല്‍ഇഡി ടെയില്‍ ലാമ്പ്) പുതിയ സിബി350യുടെ സ്റ്റൈലിങ് ഘടകത്തെ കൂടുതല്‍ ആകര്‍ഷകമാക്കും. റെട്രോ സൗന്ദര്യാനുഭൂതിയോടുള്ള സൂക്ഷമതയോടെയും, ആഴത്തിലുള്ള മൂല്യനിര്‍ണയത്തോടെയും രൂപകല്‍പന ചെയ്ത സിബി350ല്‍ കാലാതീതമായ ചാരുത പ്രതിഫലിപ്പിക്കുന്ന നീളമുള്ള മെറ്റല്‍ ഫെന്‍ഡറുകളും സജ്ജീകരിച്ചിട്ടുണ്ട്.

ഹോണ്ട സ്മാര്‍ട്ട്ഫോണ്‍ വോയ്സ് കണ്‍ട്രോള്‍ സിസ്റ്റവുമായി യോജിപ്പിച്ച നൂതന ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്ററിന് പുറമെ, അസിസ്റ്റ് & സ്ലിപ്പര്‍ ക്ലച്ച്, ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ (എച്ച്എസ്ടിസി), എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്നല്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. റൈഡിങ് സുഗമമാക്കുന്നതിനും സുരക്ഷയ്ക്കും ടെലിസ്കോപ്പിക് ഫ്രണ്ട് ഫോര്‍ക്ക്സ്, നൈട്രജന്‍-ചാര്‍ജ്ഡ് റിയര്‍ സസ്പെന്‍ഷന്‍, മുന്‍വശത്തെ 310എംഎം ഡിസ്ക് ബ്രേക്ക്, പിന്നിലെ 240എംഎം ഡിസ്ക് ബ്രേക്ക് എന്നിവക്കൊപ്പം ഡ്യുവല്‍ചാനല്‍ എബിഎസിന്‍റെ സുരക്ഷാ വലയവുമുണ്ട്.

348.36സിസി, എയര്‍-കൂള്‍ഡ്, 4-സ്ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ ബിഎസ്6 ഒബിഡി2-ബി മാനദണ്ഡങ്ങള്‍ പാലിക്കുന്ന പിജിഎം-എഫ്ഐ എഞ്ചിന്‍ ആണ് കരുത്ത്. 5,500 ആര്‍പിഎമ്മില്‍ 15.5 കിലോവാട്ട് പവറും 3,000 ആര്‍പിഎമ്മില്‍ 29.4 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ഇത് 5-സ്പീഡ് ഗിയര്‍ബോക്സുമായാണ് എത്തുന്നത്.

പുതിയ സിബി350 വിപണിയിലെത്തിച്ച് തങ്ങളുടെ മിഡ്സൈസ് 350 സിസി മോട്ടോര്‍സൈക്കിള്‍ നിര വിപുലീകരിക്കുന്നതിന്‍റെ ഭാഗമാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡന്‍റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു. ഇത് ഹോണ്ട സിബി ഡിഎന്‍എയുടെ സമ്പന്നമായ പാരമ്പര്യത്തെ അഭിമാനപൂര്‍വ്വം മുന്നോട്ട് കൊണ്ടുപോകുകയും, തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച റൈഡിങ് അനുഭവം നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിപണിയിലിറക്കിയത് മുതല്‍ ഹോണ്ടയുടെ മിഡില്‍ വെയ്റ്റ് 350സിസി മോട്ടോര്‍സൈക്കിളുകള്‍ വിവിധ വിപണികളിലെ ഉപഭോക്താക്കളെ സന്തോഷിപ്പിച്ചിട്ടുണ്ടെന്നും, പുതിയ സിബി350 അവതരിപ്പിക്കുന്നത് തങ്ങളുടെ ബിസിനസിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.

പ്രഷ്യസ് റെഡ് മെറ്റാലിക്, പേള്‍ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് ക്രസ്റ്റ് മെറ്റാലിക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക്, മാറ്റ് ഡ്യൂണ്‍ ബ്രൗണ്‍ എന്നിങ്ങനെ ആകര്‍ഷകമായ അഞ്ച് നിറങ്ങളിലാണ്പുതിയ സിബി350 എത്തുന്നത്. 

പ്രത്യേക 10 വര്‍ഷത്തെ വാറന്‍റി പാക്കേജും (3 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + 7 വര്‍ഷം ഓപ്ഷണല്‍) ഹോണ്ട ലഭ്യമാക്കുന്നു. സിബി350 ഡിഎല്‍എക്സ് പതിപ്പിന് 1,99,900  രൂപയും, സിബി350 ഡിഎല്‍എക്സ് പ്രോ പതിപ്പിന് 2,17,800  രൂപയുമാണ് ഡല്‍ഹി എക്സ് ഷോറൂം വില. ഉപഭോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള ബിഗ്വിങ് ഡീലര്‍ഷിപ്പുകള്‍ വഴി ഈ മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാം, ഡെലിവറികള്‍ ഉടന്‍ ആരംഭിക്കും.

Advertisment