ഇഡെമിറ്റ്‌സു ഹോണ്ട റേസിംഗ് ഇന്ത്യ റൈഡർമാർ 2025 എഫ്‌ഐഎം ഏഷ്യ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിനായി തായ്ലൻഡിൽ എത്തി

New Update
honda raicing

ഗുരുഗ്രാം: തദ്ദേശീയ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും ഇന്ത്യൻ റൈഡർമാരെ ആഗോള മോട്ടോർസ്പോർട്ട് ഭൂപടത്തിലേക്ക് ഉയർത്തുന്നതിനുമുള്ള ശക്തമായ ചുവടുവയ്പിൻ്റെ ഭാഗമായി ഇഡെമിറ്റ്സു ഹോണ്ട റേസിംഗ് ഇന്ത്യ 2025-ലെ എഫ്ഐഎം ഏഷ്യ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിനുള്ള (എആർആർസി) അന്താരാഷ്ട്ര റേസിംഗ് ടീമിനെ പ്രഖ്യാപിച്ചു. 2025 ഏപ്രിൽ 25 മുതൽ 27 വരെയുള്ള ഈ വാരാന്ത്യത്തിൽ നടക്കാനിരിക്കുന്ന സീസണിൻ്റെ ആദ്യ റൗണ്ടിനായി റൈഡർമാർ തായ്‌ലൻഡിൽ എത്തിക്കഴിഞ്ഞു.

Advertisment

ഏഷ്യയിലെ ഏറ്റവും മത്സരസ്വഭാവമുള്ള സർക്യൂട്ടുകളിൽ ബ്രാൻഡിൻ്റെ എഞ്ചിനീയറിംഗ്, റേസിംഗ് വൈദഗ്ദ്ധ്യം പ്രദർശിപ്പിക്കുന്നതിനൊപ്പം യുവ ഇന്ത്യൻ റൈഡർമാരെ ലോകോത്തര അത്‌ലറ്റുകളാക്കി വളർത്തിയെടുക്കാനുള്ള ഹോണ്ടയുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു ഈ നീക്കം.


അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ റൈഡർമാർക്ക് വളർച്ച പ്രാപിക്കാനുള്ള ഒരു പാതയോരുക്കുക എന്ന ഹോണ്ടയുടെ വിശാലമായ കാഴ്ചപ്പാടിൻ്റെ ഭാഗമായി ഈ സംരംഭം യുവ പ്രതിഭകൾക്ക് ഏഷ്യയിലെ ഏറ്റവും മികച്ചവരോടൊപ്പം മത്സരിക്കാനും, അന്താരാഷ്ട്ര അനുഭവങ്ങളിൽ നിന്ന് പഠിക്കാനും, രാജ്യത്തിന് അഭിമാനം നൽകാനും അവസരം നൽകുന്നു. ഘടനാപരമായ വികസനത്തിലൂടെയും പിന്തുണയിലൂടെയും ഇന്ത്യയിൽ മോട്ടോർസ്പോർട്സിന് ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതിനുള്ള ഹോണ്ടയുടെ സമർപ്പണത്തിനും ഇത് അടയാളപ്പെടുത്തുന്നു.


2025-ലെ എഫ്‌ഐഎം ഏഷ്യ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിൽ ആറ് റൗണ്ടുകൾ ഉണ്ടായിരിക്കും.  തായ്‌ലൻഡിലെ ചാങ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന ഔദ്യോഗിക ടെസ്റ്റും സീസൺ ഓപ്പണറും വഴി ഇതിന് തുടക്കം കുറിക്കും. രണ്ടാം റൗണ്ട് 2025 മെയ് 30 മുതൽ ജൂൺ 1 വരെ മലേഷ്യയിലും തുടർന്ന് മൂന്നും നാലും റൌണ്ടുകൾ യഥാക്രമം ജൂലായിൽ ജപ്പാനിലും ഓഗസ്റ്റിൽ ഇന്തോനേഷ്യയിലും നടക്കും. അഞ്ചാം റൗണ്ടിൻ്റെ വേദി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സീസൺ ഫൈനൽ ഡിസംബറിൽ തായ്‌ലൻഡിൽ നടക്കും.