തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിയമനത്തെ കുറിച്ചും അവരുടെ ജോലിയെ കുറിച്ചുമൊക്കെ വിവാദങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നതാണ്. പേഴ്‌സണല്‍ സ്റ്റാഫായി രണ്ടു വര്‍ഷം ജോലി ചെയ്ത് കഴിഞ്ഞാല്‍ പെന്‍ഷനടക്കം കിട്ടുന്ന ജോലിയില്‍ ഇവര്‍ എന്താണ് ചെയ്യുന്നതെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇത്രയധികം ആനുകൂല്യങ്ങള്‍ പേഴ്‌സണല്‍ സ്റ്റാഫിന് നല്‍കുന്നതിനെ ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ ഓഫീസ് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ അടിച്ചു തകര്‍ത്തതിലെ പ്രതികളിലൊരാള്‍ സംസ്ഥാനത്തെ ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫായിരുന്നു എന്ന വാര്‍ത്ത പുറത്തുവന്നതോടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ ജോലി എന്താണെന്ന ചോദ്യം വീണ്ടും ഉയരുകയാണ്.
മന്ത്രി വീണ ജോര്‍ജിന്റെ ഓഫീസ് അസിസ്റ്റന്റ് ആയിരുന്ന അവിഷിത്ത് കെ ആര്‍ ആണ് ഓഫീസ് ആക്രമണ കേസില്‍ പ്രതിയായത്.
കേസില്‍ അവിഷിത്ത് പ്രതിക്കൂട്ടിലായതോടെ ഒരുമാസം മുമ്പേ പുറത്താക്കാനാുള്ള ശ്രമം നടത്തിയെങ്കിലും ഇപ്പോള്‍ ഇലക്ട്രോണിക് അറ്റന്‍ഡന്‍സ് ആയതോടെ കാര്യങ്ങള്‍ പൊളിഞ്ഞു. ഒരു അവിഷിത്തിന്റെ മാത്രം കാര്യമല്ല ഇത്. പല ക്യാബിനറ്റ് റാങ്കുകാരുടെയും പേഴ്‌സണല്‍ സ്റ്റാഫുകള്‍ ഖജനാവില്‍ നിന്നും പണം വാങ്ങി പാര്‍ട്ടി വളര്‍ത്തല്‍ തന്നെയാകും.
ഓഫീസ് അസിസ്റ്റന്റ് ആയ അവിഷിത്തിന്റെ ശമ്പള സ്‌കെയില്‍ 23000-50200 രൂപയാണ്. നേരിട്ടുള്ള ഈ നിയമനത്തിന്റെ യോഗ്യത കൊടിപിടിക്കലും സമരം ചെയ്യലും മാത്രം.
സര്‍ക്കാര്‍ ശമ്പളം വാങ്ങി എല്ലാ ആനുകൂല്യവും പറ്റിയിട്ട് ഓഫീസില്‍ പോലും കൃത്യമായി പോകാറില്ല പല പേഴ്‌സണല്‍ സ്റ്റാഫുകളും. തിരുവനന്തപുരം ഇതുവരെ കാണാത്ത പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ പോലുമുണ്ട്. ഇവരൊക്കെ എന്തിനാണ് ഈ ജോലി ചെയ്യുന്നത് എന്നു ആരെങ്കിലും ചോദിച്ചാല്‍ തെറ്റ് പറയാനാവില്ല.
ഒരു മന്ത്രിയുടെ മാത്രം കാര്യമല്ലിത്. പല മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫിനെയും ക്യാബിനറ്റ് റാങ്കുകാരുടെയും പേഴ്‌സണല്‍ സ്റ്റാഫിനെയും അവര്‍ക്കുപോലും അറിയില്ല. അതൊക്കെ പാര്‍ട്ടി വയ്ക്കുന്നവര്‍ മാത്രമാണ്. പാര്‍ട്ടി പറഞ്ഞാല്‍ ആളെ വയ്ക്കണമെന്ന് പറയാനല്ലാതെ മറ്റൊന്നും മന്ത്രിമാര്‍ക്ക് കഴിയില്ല.
സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മാസമാസം കോടികള്‍ ശമ്പളവും പെന്‍ഷനുമായി പേഴ്‌സണല്‍ സ്റ്റാഫിന് നല്‍കുമ്പോള്‍ ഇവര്‍ നാടിനെന്ത് ചെയ്യുന്നു എന്ന ചോദ്യം ഉയരുന്നുണ്ട്. അത് ന്യായവുമാണ്.
പേഴ്‌സണല്‍ സ്റ്റാഫുകളുടെ പ്രവര്‍ത്തനത്തിന് കൃത്യമായ മാര്‍ഗ്ഗരേഖകളുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടാറില്ല. പലരുടെയും പ്രവര്‍ത്തനം പാര്‍ട്ടി ഓഫീസുകളില്‍ മാത്രമാകുമ്പോള്‍ ഇനിയും പ്രതിഷേധം ഉയരും.