അയോധ്യ ഇതുവരെ വിശ്വാസവും വികാരവും ആയിരുന്നെങ്കില്‍ ഇന്ന് മുതല്‍ അത് ‘നിയമത്തിനു’ കീഴിലാണ്. ഇതല്ലാതെ നമുക്ക് മുന്‍പില്‍ മറ്റ് മാര്‍ഗങ്ങളില്ല. അംഗീകരിക്കുക പൌരധര്‍മ്മം !

എഡിറ്റോറിയല്‍ / വിന്‍സെന്റ് നെല്ലിക്കുന്നേല്‍
Saturday, November 9, 2019

രാജ്യത്തിന് മുമ്പിൽ മറ്റെല്ലാ മാർഗങ്ങളും അടഞ്ഞപ്പോൾ ഉണ്ടായ നീതിപൂർവകമായ നിയമപരമായ ഇടപെടല്‍ എന്ന നിലയിലാണ് അയോധ്യയിലെ സുപ്രീംകോടതി വിധിയെ സമീപിക്കേണ്ടത്. തർക്കഭൂമി ആയ സ്ഥലത്ത് രാമക്ഷേത്രം ഉയരട്ടെ എന്നാണ് വിധി. അതേസമയം മുസ്ലീങ്ങളുടെ അവകാശങ്ങളും പരിഗണിച്ചിട്ടുണ്ട്.

മുസ്ലി൦ങ്ങൾക്ക് പള്ളി പണിയാന്‍ അയോധ്യയില്‍ തന്നെ പകരം അഞ്ചേക്കർ നൽകണം എന്നാണ് കോടതി വിധിച്ചത്. അതും യുക്തിപരമായ തീരുമാനം തന്നെ. അയോധ്യയില്‍ അവകാശവാദം ഉന്നയിച്ച കക്ഷികള്‍ക്ക് ഈ ഭൂമിയുടെ അവകാശം നല്‍കാതെ അത് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലേയ്ക്ക് നല്കിയതും ഉചിതമായ തീരുമാനം തന്നെ .

നിയമവും ജനാധിപത്യവും നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ഒരു തര്‍ക്കവും അനാദികാലം നീണ്ടുപോകുന്നത് ഉചിതമല്ല . അതിനാല്‍ തന്നെ അയോധ്യയില്‍ തീര്‍പ്പുണ്ടാക്കാന്‍ സുപ്രീംകോടതി സ്വീകരിച്ച അസാധാരണമായ ഇടപെടല്‍ അഭിനന്ദനം അര്‍ഹിക്കുന്നു .

സുപ്രീംകോടതി പരിശോധിക്കുക വിശ്വാസമോ വികാരമോ അല്ല, നിയമവും ചരിത്രവും പാരമ്പര്യവുമാണ്. ഇതെല്ലാം കൂടി കുഴഞ്ഞു മറിഞ്ഞതാണ് അയോധ്യ. അത് രണ്ടുകൂട്ടർക്കും വിശ്വാസവും വികാരവും ആയിരുന്നു. അതായിരുന്നു സംഘർഷവും തര്‍ക്കവും നീണ്ടുപോകാൻ കാരണം.

ഈ സാഹചര്യത്തിൽ കോടതിക്കും പരിമിതികളുണ്ടായിരുന്നു. ആരെയും വേദനിപ്പിക്കാതെ എല്ലാവരെയും മാനിക്കാൻ കോടതിക്കും ബാധ്യതയുണ്ട്. ഇതിനപ്പുറം ഒരു തീരുമാനം അയോധ്യ വിധിയില്‍ ഉണ്ടാകാനില്ല . ഈ സാഹചര്യത്തിൽ വിധിയെ സ്വാഗതം ചെയ്യുക മാത്രമല്ല അംഗീകരിക്കുകയും ചെയ്യുന്നു.

അവശേഷിക്കുന്ന ആശങ്ക മുസ്ലി൦ങ്ങൾക്ക് നല്‍കുന്ന അഞ്ചേക്കർ എവിടെയായിരിക്കണം എന്നതാണ്. അത് അയോധ്യ സിറ്റിയില്‍ എവിടെയെങ്കിലും ആയിരിക്കുമോ അതോ 68 ഏക്കര്‍ വരുന്നഅയോധ്യ കോംപ്ലക്സിനുള്ളില്‍ ആയിരിക്കുമോ എന്നതാണ് ആശങ്ക .

ഇക്കാര്യത്തിൽ മുസ്ലിം സമുദായത്തിന്‍റെ വികാരം കൂടി കണക്കിലെടുക്കണം. ഇക്കാര്യത്തിലും തര്‍ക്കങ്ങള്‍ നീണ്ടുപോകാതെ സുപ്രീംകോടതി തന്നെ വ്യക്തത വരുത്തിയാൽ ഉചിതമായിരിക്കും. ഇതല്ലാതെ നമുക്ക് മുന്‍പില്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ല.  അതംഗീകരിക്കുക എന്നത് പൌരധര്‍മ്മം കൂടിയാണ്.

  • എഡിറ്റര്‍
×