ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായ ഡൽഹി മാൾവ്യനഗറിലെ ബാബാ കാ ദാബാ തട്ടുകടയുടെ ഉടമ കാന്താ പ്രസാദ് ആത്മഹത്യക്ക് ശ്രമിച്ചു. വ്യാഴാഴ്ച രാത്രിയോടെ ആത്മഹത്യക്ക് ശ്രമിച്ച ഇദ്ദേഹത്തെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് ബാബാ കാ ദാബാ തട്ടുകടയുടെ ഉടമ കാന്താ പ്രസാദാണ് ഇതെന്ന് മനസിലായതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇദ്ദേഹം വിഷാദനായാണ് കാണപ്പെട്ടിരുന്നത് എന്ന് കാന്താപ്രസാദിന്റെ ഭാര്യ ബദ്മി ദേവി പൊലീസിനോട് പറഞ്ഞു.
എന്താണ് അദ്ദേഹം കഴിച്ചത് എന്ന് അറിയില്ലെന്നും അവശ നിലയിലായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്നും ബദ്മി ദേവി വാർത്താ ഏജൻസിയായ എഎൻഐ യോട് പറഞ്ഞു. 'എനിക്ക് ഒന്നും അറിയില്ല, എന്താണ് അദ്ദേഹം കഴിച്ചത് എന്ന് ഞാൻ കണ്ടിട്ടില്ല. ഞാൻ ദാബയിൽ ഇരിക്കുകയായിരുന്നു.
പെട്ടെന്ന് അദ്ദേഹം ബോധരഹിതനായി. ഞാൻ ആശുപത്രിയിലേക്ക് ഉടൻ കൊണ്ടുവന്നു. ഡോക്ടർമാർ ഇതുവരെ തന്നെ ഒന്നും അറിയിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മനസിൽ എന്താണെന്ന് എനിക്ക് അറിയില്ല,' ഭാര്യ ബദ്മി ദേവി പറയുന്നു.