ഒട്ടകവുമായി കൂട്ടിയിടിച്ചു; പ്രശസ്ത ബൈക്കര്‍ കിങ് റിച്ചാര്‍ഡ് ശ്രീനിവാസന് ദാരുണാന്ത്യം

നാഷണല്‍ ഡസ്ക്
Friday, January 15, 2021

ജയ്പൂർ: പ്രമുഖ ബൈക്കറായ കിങ് റിച്ചാർഡ് ശ്രീനിവാസൻ അപകടത്തിൽ മരിച്ചു. രാജസ്ഥാനിലെ ജയ്സാൽമീറില്‍ ഒട്ടകവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. ബെംഗളൂരു സ്വദേശിയാണ്. ജനുവരി 23ന് ബെംഗളൂരുവില്‍ യാത്ര അവസാനിപ്പിക്കാനിരിക്കെയാണ് അപകടം. ഫത്തേഗർ സബ് ഡിവിഷനിൽ ബുധനാഴ്ച രാത്രിയായിരുന്നു അപകടം.

ബൈക്കിൽ പോകുന്നതിനിടെ അപ്രതീക്ഷിതമായി ഒട്ടകം കുറുകേ ചാടുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരപരുക്കേറ്റതാണ് മരണകാരണം. അപകടസ്ഥലത്ത് വച്ച് മരണം സംഭവിച്ചുവെന്നാണ് റിപ്പോർട്ട്. പോസ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

ഏഷ്യ, യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവടങ്ങളിൽ ടൈഗർ 800 എന്ന ബൈക്കിൽ ഇദ്ദേഹം യാത്രപോയിരുന്നു. ആഫ്രിക്കൻ യാത്രയ്ക്ക് തയാറെടുക്കുമ്പോഴാണ് മരണം തേടിയെത്തിയത്. പ്രശസ്ത ബൈക്കറായ ഇദ്ദേഹത്തിന് സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരുണ്ടായിരുന്നു.

×