ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ ഇഡി കസ്റ്റഡിയിലെടുത്ത ബിനീഷ് കോടിയേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Thursday, October 29, 2020

ബെംഗളൂരു:  ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ബിനീഷിനെ ഇന്ന് രാവിലെ ഇഡിയുടെ ബെംഗളൂരുവിലെ ഓഫിസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

ഇന്ന് ആറു മണിക്കൂർ നേരമാണ് ബിനീഷിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനുശേഷം ഇഡി ഓഫിസിൽവച്ചുതന്നെയാണ് കസ്റ്റഡിയിലെടുത്തത്. ഇവിടെനിന്നു ബിനീഷിനെ പുറത്തേക്കു കൊണ്ടുപോയി. ബെംഗളൂരു സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കിയേക്കുമെന്നാണ് വിവരം.

കേസിൽ നേരത്തേ അറസ്റ്റിലായ അനൂപ് മുഹമ്മദിനെ ചോദ്യംചെയ്തതിനു പിന്നാലെയാണ് ബിനീഷിനെയും ചോദ്യം ചെയ്തത്. അതീവ രഹസ്യമായാണ് ബിനീഷ് ഇഡി ഓഫിസിൽ എത്തിയത്. ലഹരിമരുന്നു കേസിൽ മൂന്നാം തവണയാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്തത്.

×